26 April Friday
കടമ്പാട്ടുകോണം – ആര്യങ്കാവ്‌ ഗ്രീൻഫീൽഡ്‌

ഭൂമി ഏറ്റെടുക്കാൻ 
ആർടികെ സർവേ

സ്വന്തം ലേഖകൻUpdated: Tuesday Jan 31, 2023

 

കൊല്ലം
കടമ്പാട്ടുകോണം–ആര്യങ്കാവ്‌ (കൊല്ലം–-ചെങ്കോട്ട) ഗ്രീൻഫീൽഡ്‌ ദേശീയപാത 744 നിർമാണത്തിന്‌ ഭൂമി ഏറ്റെടുക്കാൻ ആർടികെ (റിയൽ ടൈം കൈൻമാറ്റിക്‌) സർവേ നടത്തും. സമയവും പണവും ലാഭിക്കാനാണ്‌ ഏറ്റവും പുതിയ  സാങ്കേതിക വിദ്യയിലൂടെ സർവേ നടത്തുന്നത്‌. ഇതിനായി ജെ ആൻഡ്‌ ജെ എൻജിനിയറിങ്‌ കൺസൾട്ടൻസി എന്ന ഏജൻസിയുമായി എൻഎച്ച്‌എഐ ചർച്ച തുടങ്ങി. ഭൂമി ഏറ്റെടുക്കാനുള്ള ആർടികെ  സർവേക്ക്‌ ഈ ഏജൻസിയെ പ്രയോജനപ്പെടുത്തണമെന്ന്‌ സംസ്ഥാന അഡീഷണൽ ചീഫ്‌ സെക്രട്ടറി എസ്‌ ബിനുരാജിന്റെ ഉത്തരവുമുണ്ട്‌. ദിവസം 6000 രൂപയാണ്‌ നൽകേണ്ടത്‌. മെഷീനും  സർവേയറും ഏജൻസി എത്തിക്കും. പാതയുടെ ഇരുവശവുമുള്ള വ്യക്തികളിൽനിന്ന്‌ എത്ര സ്‌ക്വയർഫീറ്റ്‌ ഭൂമി ഏറ്റെടുക്കണമെന്നതിന്റെ സ്‌കെച്ചാണ്‌ മെഷീൻവഴി തയ്യാറാക്കുന്നത്‌. ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള ത്രീഡി വിജ്ഞാപനത്തിനായാണ്‌ ഈ സർവേ നടത്തുന്നത്‌. അതുകൊണ്ട്‌ ത്രീഡി സർവേ എന്നാണ്‌ അറിയപ്പെടുക. സർവേ വിവരം ലഭ്യമായാൽ എൻഎച്ച്‌എഐ ത്രീഡി വിജ്ഞാപനം പുറപ്പെടുവിക്കും. 
നിർമാണം രണ്ടു റീച്ചായി
ഗ്രീൻഫീൽഡ് പാത നിർമാണം രണ്ടു റീച്ചായാണ്‌ നടക്കുക. ആര്യങ്കാവ്‌ മുതൽ ഇടമൺ വരെ ഒന്നാം റീച്ചും ഇടമൺ മുതൽ കടമ്പാട്ടുകോണം വരെ രണ്ടാം റീച്ചുമാണ്‌. ഇതിൽ ഇടമൺ–- കടമ്പാട്ടുകോണം റീച്ചിന്റെ നിർമാണത്തിന് ടെൻഡർ നടപടി പുരോഗമിക്കുന്നു. അടുത്തദിവസം തന്നെ ടെൻഡർ തുറക്കും. 45 മീറ്റർ വീതിയിലാണ്‌ റോഡ്‌ നിർമാണം. എന്നാൽ, വനമേഖലയായ ഇളമ്പലക്കോട്‌ ഭാഗത്ത്‌ ഏകദേശം രണ്ടു കിലോമീറ്ററിൽ പാത 30 മീറ്റർ വീതിയിലാകും നിർമിക്കുക. നഷ്ടപരിഹാരം കണക്കാക്കുന്നതിന് ‘സമറായി' എന്ന സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്താൻ ദേശീയപാത അതോറിറ്റി ആലോചനയിലാണ്‌. 
വേണം കേന്ദ്രാനുമതി
ഉറുകുന്ന്‌ മുതൽ ആര്യങ്കാവ്‌ വരെയുള്ള ഒന്നാം റീച്ച്‌ നിർമാണത്തിനുള്ള ടെൻഡർ നടപടി അൽപ്പം നീളും. കേന്ദ്രാനുമതി ലഭിക്കാത്തതാണ്‌ കാരണം. 21 കിലോമീറ്റർ പാതയിൽ കൂടുതലും വനമേഖലയാണ്‌. 
ഇവിടെ നിർമാണ പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര വനംവകുപ്പിന്റെ സാങ്കേതികാനുമതി ആവശ്യമാണ്‌. ഇതിനായി ‘ഭൂമി പോർട്ടൽ' വഴി ഹൈവേ അധികൃതർ വിവരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വനംവകുപ്പ് അവരുടെ ആശങ്കകൾ അറിയിച്ചുകൊണ്ടുള്ള കത്ത് തിരികെയും നൽകിയിട്ടുണ്ട്. ഇവിടെ നിലവിൽ ഏഴു മീറ്റർ വീതിയിലുള്ള റോഡിനെ 30 മീറ്ററിലേക്ക്‌ വികസിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.
അലൈൻമെന്റ്‌: കലക്ടർ യോഗംവിളിച്ചു
വിളക്കുപാറയിൽ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ നിലവിലെ അലൈൻമെന്റിൽ മാറ്റംവരുത്തുന്നത്‌ ആലോചനയിൽ. ഇതുസംബന്ധിച്ച്‌ ബുധനാഴ്‌ച കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം  പി എസ് സുപാൽ എംഎൽഎയുടെ നേതൃത്വത്തിലും കലക്ടറേറ്റിൽ യോഗം ചേർന്നിരുന്നു. തയ്യാറാക്കിയിട്ടുള്ള അലൈൻമെന്റ്‌ അംഗീകരിച്ചാൽ വിളക്കുപാറ ജങ്‌ഷൻ തന്നെ ഇല്ലാതാകും. ഇത്‌ പരിഹരിക്കാൻ ഉടൻതന്നെ സംയുക്ത പരിശോധന നടത്തും. പ്രോജക്ട്‌ ഡയറക്ടർ സി പ്രദീപ്, ലെയ്സൺ ഓഫീസർ ഹരീന്ദ്രനാഥൻനായർ, ഡിപിആർ ഏജൻസി കെ എസ് ഗൗതം, സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ മിനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top