കൊല്ലം
ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 13 മുതൽ -17വരെ കുണ്ടറ ഇളമ്പള്ളൂരിൽ നടക്കും. നേരത്തെ നവം. 20 മുതൽ 24വരെെ നടത്താൻ തീരുമാനിച്ചിരുന്ന കലോത്സവം അധ്യാപകരുടെ ക്ലസ്റ്റർ ക്ലാസിനെ തുടർന്നാണ് മാറ്റിയത്. ജില്ലാ കായികമേള ഒക്ടോബർ നാലുമുതൽ ആറുവരെ കല്ലുവാതുക്കലിലും നടക്കും. നവംബർ ഒമ്പതിനും 10നും നടക്കുന്ന ജില്ലാതല ശാസ്‌ത്രമേളയ്‌ക്ക് പുനലൂരാണ് വേദി.
സംസ്ഥാന
കലോത്സവത്തിൽ
189 ഇനം
ജനുവരി നാലുമുതൽ എട്ടുവരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 189 ഇനങ്ങളിലാണ് മത്സരം. ഹൈസ്കൂൾ തലത്തിൽ 15 വിഭാഗങ്ങളിലായി 90 ഇനങ്ങളും ഹയർ സെക്കൻഡറി –-വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ 14 വിഭാഗങ്ങളിലായി 99 ഇനങ്ങളിലുമാണ് മത്സരം. കൂടാതെ ഹൈസ്കൂൾ തലത്തിൽ സംസ്കൃതം, അറബിക് സാഹിത്യോത്സവങ്ങളിൽ 19 ഇനങ്ങളിൽ വീതം മത്സരം നടക്കും.
എൽപി മുതൽ ഹയർ സെക്കൻഡറി വരെ പൊതുവിഭാഗം സംസ്കൃതോത്സവം, അറബിക് സാഹിത്യോത്സവം എന്നിവയിലായി 332 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതിരിക്കാൻ സ്കൂൾതല മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടത്തണം. എൽപി തലത്തിൽ നൃത്തേതര ഇനങ്ങളിൽ ആവശ്യമെങ്കിൽ ക്ലസ്റ്റർ തലത്തിലോ പഞ്ചായത്ത് തലത്തിലോ മത്സരം നടത്താം. നൃത്ത ഇനങ്ങളിൽ ഉപജില്ലാ മത്സരങ്ങളിലേക്ക് സ്കൂളിൽനിന്ന് നേരിട്ട് വിദ്യാർഥികളെ അയക്കണം. യുപി തലത്തിലും പഞ്ചായത്ത് / ക്ലസ്റ്റർ തലത്തിൽ മത്സരം നടത്താം. എൽപി, യുപി വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരം ഇല്ല. എൽപി വിഭാഗത്തിൽ കഥാകഥനം ഒന്നും രണ്ടും ക്ലാസുകൾക്കു മാത്രമാണ്. കടങ്കഥ മത്സരത്തിൽ ഇത്തവണ മൂന്നാം ക്ലാസുകാർക്കും പങ്കെടുക്കാം.
രണ്ടുവർഷത്തിൽ അധികം ഒരു വിധികർത്താവിനെ ഒരേ ഇനത്തിൽ നിയോഗിക്കരുത്. ഉപജില്ലയിലെ വിധികർത്താക്കൾ അതേ ജില്ലയിൽ വിധികർത്താക്കൾ ആകാൻ പാടില്ല.
അച്ചടക്കമില്ലാതെയും അപമര്യാദയായും പ്രകോപനപരമായും പെരുമാറുന്ന അധ്യാപകരെയും വിദ്യാർഥികളെയും അയോഗ്യത കൽപ്പിക്കുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കും. ഇതിനായി പ്രശ്നപരിഹാര സമിതി ഉണ്ടായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..