29 March Friday

തൊഴിലുറപ്പു ജീവനക്കാരെ പിരിച്ചുവിട്ടതിൽ 
പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

 ശൂരനാട്  

ശൂരനാട് വടക്ക് പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധം ശക്തം.  ഈ വിഭാ​ഗത്തിൽ 12 വർഷമായി ജോലിചെയ്തിരുന്ന എല്ലാ ഉദ്യോ​ഗസ്ഥരെയും 23-ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്. തീരുമാനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ്‌ അം​ഗങ്ങൾ യോ​ഗം ബഹിഷ്കരിച്ചിരുന്നു. ജീവനക്കാരെ പിരിച്ചുവിട്ടതോടെ പഞ്ചായത്തിലെ തൊഴിലുറപ്പുജോലികൾ സ്തംഭിച്ചിരിക്കുകയാണ്. ഇതോടെ മേഖലയിലെ  ആയിരക്കണക്കിന് തൊഴിലാളികൾ പ്രതിസന്ധിയിലായി.
വർഷങ്ങളായി ജില്ലയിലെ തൊഴിലുറപ്പുമേഖലയിൽ ഒന്നാമതാണ് ശൂരനാട് വടക്ക് പഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തികവർഷം 11 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. തൊഴിലുറപ്പു മേഖലയിലെ നേട്ടത്തിനു സമ്മാനിക്കുന്ന മഹാത്മാ പുരസ്കാരം പഞ്ചായത്തിനു ലഭിക്കുന്നതിനും ജീവനക്കാരുടെ പങ്ക് വലുതായിരുന്നു. ഇവരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. 
നടപടിക്കെതിരെ തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു. മഹിളാ അസോസിയേഷൻ ഉപരോധ സമരവും നടത്തി. ബിന്ദു ശിവൻ, ഖദീജാ ബീവി, ഷീജ എന്നിവർ നേതൃത്വം നൽകി. ഡിവൈഎഫ്ഐ ശൂരനാട് വടക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടത്തിയ പ്രതിഷേധം സിപിഐ എം ശൂരനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ഓമനക്കുട്ടൻ ഉദ്ഘാടനംചെയ്തു. അനൂപ്‍രാജ് അധ്യക്ഷനായി. അമൽ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം എൻ സന്തോഷ്‌, റമീസ്, ഇബ്നു ആരിഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top