26 April Friday

പ്ലാസ്റ്റിക് നിരോധനം കർശനമാക്കും: മേയർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

 

കൊല്ലം
ജൂലൈ ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കോവി‍ഡ് കാലത്ത് കടകളിൽ പരിശോധന നടത്തുന്നതിന് നൽകിയിരുന്ന ഇളവ് അവസാനിപ്പിക്കും. പ്ലാസ്റ്റിക് കവറുകൾ, കപ്പുകൾ, പ്ലേറ്റുകൾ തുടങ്ങിയവ ഉപയോ​ഗിച്ചാൽ പിഴ ചുമത്തും. ഡെങ്കിപ്പനി തടയുന്നതിന് ഫോഗിങ് ഉൾപ്പെടയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നടപടി സ്വീകരിച്ചതായും മേയർ കൗൺസിൽ യോ​ഗത്തിൽ അറിയിച്ചു.
പിഎംഎവൈ ഗുണഭോക്താക്കൾക്കുള്ള വിഹിതം കോർപറേഷൻ ഫണ്ടിൽ നിന്ന് നൽകിയിട്ട് കേന്ദ്രഫണ്ട് വരുമ്പോൾ തിരിച്ച് പിടിക്കുകയായിരുന്നു പതിവ്. ഇത് നേരിട്ടുനൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ ഭവനനിർമാണ പദ്ധതി വേ​ഗത്തിലാക്കാൻ സാധിക്കുന്നില്ല.   ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയക്കും. കേടായ തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോ​ഗമിക്കുകയാണ്.
കരാർ കാലാവധി അവസാനിക്കുന്ന ജൂലൈ 16ന് മുമ്പ് പരമാവധി ലൈറ്റുകൾ മാറ്റിസ്ഥാപിക്കും. കോഴി വേസ്റ്റ് സംസ്കരിക്കുന്നതിനെതിരെ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയ കരാറുകാരുമായി സംസാരിച്ച് ജൂലൈ അഞ്ചിന് മുമ്പ് സംസ്കരണത്തിന് നടപടിയുണ്ടാകും. ഓടകളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് ഏപ്രിൽ മാസം തീരുമാനമെടുത്തിട്ടും എസ്റ്റിമേറ്റ് നടപടി പോലും പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥയെ ശാസിക്കുകയും എത്രയുംവേഗം നടപടികൾ പൂർത്തിയാക്കണമെന്ന് നിർദേശിക്കുകയുംചെയ്തു. 
ശക്തികുളങ്ങര സോണിൽ ചാർജ് ഓഫീസർ കീഴ്ജീവനക്കാരനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കൗൺസിൽ സെക്രട്ടറി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ എസ് ജയൻ, അഡ്വ. ഉദയകുമാർ, അഡ്വ. എ കെ സവാദ്, യു പവിത്ര, ഹണി ബഞ്ചമിൻ എന്നിവർ സംസാരിച്ചു. അംഗങ്ങളായ ജോർജ്‌ ഡി കാട്ടിൽ, നിസാമുദീൻ, പ്രിയദർശൻ, ജോസഫ് കുരുവിള, പുഷ്പാംഗദൻ, ടി ജി ഗിരീഷ് കുമാർ, അഭിമന്യൂ, സന്തോഷ്, ബി ഷൈലജ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top