27 April Saturday

സാക്ഷരതാമിഷന്റെ പൗരധ്വനി 
പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ആരംഭിച്ച സാമൂഹ്യ വിദ്യാഭ്യാസ പദ്ധതി ‘പൗരധ്വനി’ മന്ത്രി വി ശിവൻകുട്ടി ഓൺലെെനായി ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
സാക്ഷരതാമിഷന്റെ പൗരധ്വനി  സാമൂഹ്യ വിദ്യാഭ്യാസ പരിപാടി  സംസ്ഥാനതല ഉദ്ഘാടനം ഇളമ്പള്ളൂർ പഞ്ചായത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഓൺലൈനിൽ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  പദ്ധതി നടപ്പാക്കുന്നത്. 
പാർശ്വവൽക്കൃത മേഖലകളിൽ താമസിക്കുന്നവരുടെ അവകാശ സംരക്ഷണം ഉറപ്പാക്കുക, ജനാധിപത്യ സാഹോദര്യ ബോധം ഊട്ടിയുറപ്പാക്കുക കടമകളും ഉത്തരവാ​ദിത്വങ്ങളും ബോധ്യപ്പെടുത്തുക, സാമൂഹ്യ അസമത്വം ഒഴിവാക്കുക തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളാണെന്നു  മന്ത്രി പറഞ്ഞു. 
പൗരധ്വനി പദ്ധതിരേഖ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ​ഗോപൻ പ്രകാശിപ്പിച്ചു. പി സി വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് റജി കല്ലംവിള സ്വാ​ഗതം പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന പദ്ധതി വിശദീകരിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, ജില്ലാപഞ്ചായത്ത് അം​ഗം പ്രിജി ശശിധരൻ, ​ഇളമ്പള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ​ ഗോപൻ, പഞ്ചായത്ത്‌അംഗം സി എം സെയ്ഫ്, സാക്ഷരതാമിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ പി മുരുകദാസ് എന്നിവർ സംസാരിച്ചു.
 
ആദ്യഘട്ടത്തിൽ 
ആദിവാസി, 
തീരദേശ മേഖലകള്‍
ശാസ്ത്രബോധം, സ്വതന്ത്രചിന്ത, ജനാധിപത്യബോധം, മതനിരപേക്ഷ ഭരണഘടനാകാഴ്ചപ്പാടുകൾ തുടങ്ങിയ മൂല്യങ്ങൾ വ്യക്തികളിലെത്തിച്ച് സ്വതന്ത്ര പൗരന്മാരെ രൂപപ്പെടുത്തുകയാണ് സാക്ഷരതാ മിഷൻ പൗരധ്വനി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾ, സർക്കാർ–-സർക്കാരിതര സ്ഥാപനങ്ങൾ, ​ഗ്രന്ഥശാല, കുടുംബശ്രീ, പൊതുസമൂഹം എന്നിവയുമായി സഹകരിച്ചാണ്  പദ്ധതി. 
ആദ്യഘട്ടത്തിൽ ആ​ദിവാസി, തീരദേശ മേഖലകളെയാണ് ലക്ഷ്യമിടുന്നത്. ആദിവാസി മേഖലകളായ അട്ടപ്പാടി, നിലമ്പൂർ, അമ്പൂരി, തിരുനെല്ലി എന്നിവിടങ്ങളിലും തീരദേശ മേഖലകളുള്ള കൊല്ലം, എറണാകുളം, ആലപ്പുഴ, കാസർകോട് ജില്ലകളിലും ആദ്യഘട്ടം പദ്ധതി നടപ്പാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top