11 May Saturday
പേട്ടയിൽ കറങ്ങി ജീവനക്കാർ

രാവിലെ ബസില്ല, വൈകിട്ട്‌ ട്രെയിനുമില്ല

സ്വന്തം ലേഖകൻUpdated: Thursday Mar 30, 2023
കൊല്ലം
കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്നു തിരുവനന്തപുരത്ത്‌ സർക്കാർ ഓഫീസുകളിൽ ജോലിക്ക്‌ വന്നുപോകുന്ന ജീവനക്കാർ യാത്രാക്ലേശത്താൽ വലയുന്നു. ട്രെയിനിൽ രാവിലെ പേട്ട റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങുന്നവർക്ക്‌ തലസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന പട്ടത്ത്‌ എത്താൻ ബസ്‌ സർവീസും വൈകിട്ട്‌ തിരികെ നാട്ടിലേക്ക്‌ മടങ്ങാൻ പേട്ട സ്‌റ്റേഷനിൽ നിന്ന്‌ ട്രെയിൻ സർവീസും ലഭ്യമല്ല. സർക്കാർ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങളും യാത്രാദുരിതത്തിൽപ്പെടുന്നു. 
വടക്കുനിന്നു എത്തുന്ന ജീവനക്കാരിൽ ഏറിയപങ്കും ഇറങ്ങുന്നത് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷന്‌ തൊട്ടുമുമ്പുള്ള പേട്ട സ്റ്റേഷനിലാണ്‌. രാവിലെ  ഒമ്പതിനും 10നും ഇടയിൽ ഒരു മണിക്കൂറിൽ തിരുവനന്തപുരത്തേക്ക് വരുന്ന അഞ്ച് ട്രെയിനുകളാണ് പേട്ടയിൽ നിർത്തുന്നത്. ഇവിടെ നിന്നാണ്‌ പട്ടത്തുള്ള മെഡിക്കൽ കോളേജ്, ആർസിസി, കിംസ്, ശ്രീചിത്ര എന്നീ ആശുപത്രികൾ, സ്റ്റേറ്റ് പ്ലാനിങ്‌ ബോർഡ്, പിഎസ്‌സി, ട്രഷറി, പൊലീസ്, കെഎസ്‌ഇബി, എൽഐസി, പൊലീസ്  ടെലകമ്യൂണിക്കേഷൻ,  ക്ഷീരവികസനം, മിൽമ, ലീഗൽ മെട്രോളജി, മൈനിങ്‌ ആൻഡ്‌ ജിയോജജി, കുടുംബശ്രീ, ശാസ്ത്ര ഭവൻ, നാറ്റ്‌പാക്‌, സിബിഎസ്‌ഇ, ജില്ലാ പഞ്ചായത്ത് തുടങ്ങി നിരവധി വകുപ്പുകളുടെ ആസ്ഥാന ഓഫീസുകളിലേക്ക്‌ ജീവനക്കാർ പോകുന്നത്‌. എന്നാൽ, പേട്ട റെയിൽവേ സ്റ്റേഷനിൽനിന്ന്‌ പട്ടത്ത് എത്താൻ കെഎസ്‌ആർടിസി, സ്വകാര്യ ബസുകൾ യാത്രക്കാർക്ക്‌ ലഭ്യമല്ല. ഓട്ടോ മാത്രമാണ്‌ ആശ്രയം. ദിവസവും ഓട്ടോപിടിച്ച്‌ യാത്രചെയ്യാൻ കഴിയാത്തതുകൊണ്ട്‌ നടന്നാണ്‌ ജീവനക്കാർ ഉൾപ്പെടെ ഓഫീസുകളിൽ എത്തുന്നത്‌. പേട്ടയിൽ ഇറങ്ങാതെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങി ബസിൽ പട്ടത്ത്‌ എത്തുന്നവരുമുണ്ട്‌. ഫലപ്രദമായ യാത്രാസൗകര്യം ഇല്ലാത്തതുമൂലം ഒരു മണിക്കൂറാണ് നഷ്ടമാവുന്നത്. ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top