26 April Friday

പോരുവഴിയിൽ ബിജെപിയിൽ ചേരിപ്പോര് രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
ശൂരനാട്
പോരുവഴിയിൽ ബിജെപിയിൽ ചേരിപ്പോരും വിഭാഗീയതയും മുറുകുന്നു. പഞ്ചായത്ത് അംഗങ്ങൾ തമ്മിലും പ്രാദേശിക നേതാക്കൾ തമ്മിലും പല കാര്യത്തിലും അഭിപ്രായ ഭിന്നത രൂക്ഷമാണ്. ഇതിനിടെ  ബിജെപിയുടെ എട്ടാം വാർഡിൽനിന്നുള്ള  പഞ്ചായത്ത്‌ അംഗം നിഖിൽ മനോഹർ  സ്ഥാനവും മറ്റു ഉത്തരവാദിത്വങ്ങളും രാജിവയ്‌ക്കുന്നതായി കത്തുനൽകുകയും വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റിട്ടതായും പറയുന്നു. മണ്ഡലം കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറിയതായാണ് വിവരം. 
നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന. നിഖിലിനോട് അടുപ്പമുള്ളവർ തന്നെയാണ് രാജിക്കാര്യം പ്രചരിപ്പിക്കുന്നത്. ശാസ്‌താംനടയിൽ ബിജെപി അംഗത്തിന്റെ വാർഡിലെ റോഡ് നിർമാണം ഒരു വിഭാഗം ബിജെപി പ്രവർത്തകർ കഴിഞ്ഞ ദിവസം തടയാൻ ശ്രമിച്ചിരുന്നു. ഏതാനും ദിവസം മുമ്പ്‌  നിഖിൽ മനോഹർ മറ്റു പഞ്ചായത്ത് അംഗങ്ങളെ അറിയിക്കാതെ പഞ്ചായത്ത് ഓഫീസ് പടിക്കൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. 
പാർടിയോട് ആലോചിക്കാതെ ഒറ്റയ്ക്ക് കാര്യങ്ങൾ നടത്തി പോകുന്നതായി  ഒരു വിഭാഗത്തിന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന  മലനട ഉത്സവത്തിൽ അമ്പലത്തുംഭാഗം കരയുടെ  കരക്കെട്ട് സമിതിയിൽ  എല്ലാ ജാതിയിൽ പെട്ടവരെയും ഉൾപ്പെടുത്തിയതിനെതിരെയും ബിജെപി നേതാക്കൾ തമ്മിൽ തർക്കത്തിന് കാരണമായിരുന്നു. ബുധനാഴ്‌ച  നടന്ന പഞ്ചായത്ത് ബജറ്റ്‌ കമ്മിറ്റിയിൽനിന്നു നിഖിൽ വിട്ടുനിന്നു. അവസാനം നേതൃത്വം ഇടപെട്ടതിനെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റി അവസാനിക്കുന്ന വേളയിലാണ് എത്തിയത്. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് നിഖിൽ മനോഹറിന്റെ സഹോദരൻ അടക്കമുള്ള ശാസ്താംനടയിലെ യുവ നേതാക്കൾ ബിജെപിയിൽനിന്ന്‌ രാജിവച്ച് സിപിഐ എമ്മിൽ ചേർന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top