26 April Friday

106ഗ്രാം എംഡിഎംഎയുമായി 
യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

പ്രതി അമൽ

കൊട്ടാരക്കര
മാരകമയക്കുമരുന്നായ 106ഗ്രാം എംഡിഎംഎയുമായി യുവാവ്‌ അറസ്റ്റിൽ. കൊല്ലം പട്ടത്താനം ജനകീയനഗർ 161 മിനി വിഹാറിൽ എഫ് അമലി (24)നെയാണ് റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് പിടികൂടിയത്. കൊട്ടാരക്കര പുലമൺ ജങ്‌ഷനിൽ നടത്തിയ വാഹന പരിശോധനയിൽ എറണാകുളത്തുനിന്ന് കൊട്ടാരക്കരയിലേക്കു വന്ന അന്തർസംസ്ഥാന സ്വകാര്യ ബസിൽനിന്നാണ് ഞായർ രാവിലെ 10ന് പ്രതിയെ അറസ്റ്റ്ചെയ്തത്. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്. കേരള പൊലീസിന്റെ യോദ്ധാവ് ആന്റി ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായാണ്‌ പരിശോധന നടത്തിയത്‌.
കൃത്യമായ ഇടവേളകളിൽ കേരളത്തിലേക്ക് ട്രെയിൻ മാർ​ഗവും ബസ് മാർ​ഗവും ഇതര സംസ്ഥാനങ്ങളിൽനിന്ന് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനാൽ അമൽ കുറച്ചുദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. അന്തർസംസ്ഥാന ഇടനിലക്കാരിൽനിന്ന് ഗ്രാമിന്‌ 2000 രൂപയ്‌ക്ക്‌ വാങ്ങുന്ന എംഡിഎംഎ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കച്ചവടക്കാർക്ക് എത്തിച്ചുനൽകുന്നതിലെ പ്രധാന കണ്ണിയാണ്. കേരളത്തിലേക്ക് കടത്തിക്കൊണ്ടു വരുന്ന എംഡിഎംഎ ചെറുപാക്കറ്റിലാക്കി 4,000 രൂപയ്ക്കാണ് വിൽക്കുന്നത്. കേസിലെ കണ്ണികളെക്കുറിച്ചും അന്തർ സംസ്ഥാന ബന്ധങ്ങളെകുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് റൂറൽ എസ്‌പി എം എൽ സുനിൽ അറിയിച്ചു. അര ഗ്രാമിനു മുകളിൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റവും 10  ഗ്രാമിനു മുകളിൽ കൈവശം വയ്ക്കുന്നത് 20 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. 
റൂറൽ സി ബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര എസ്എച്ച്ഒ വി എസ് പ്രശാന്ത്, എസ്ഐമാരായ കെ എസ് ദീപു, രാജൻ, റൂറൽ ഡാൻസാഫ് ടീമംഗങ്ങളായ എസ്ഐ അനിൽകുമാർ, എഎസ്ഐ രാധാകൃഷ്ണപിള്ള, സിപിഒമാരായ ടി സജുമോൻ, പി എസ് അഭിലാഷ്, എസ് ദിലീപ്, വിപിൻ ക്ലീറ്റസ്, സുനിൽ കുമാർ, മഹേഷ് മോഹൻ, ജിജി സനോജ്, കൊട്ടാരക്കര എഎസ്ഐ ജിജിമോൾ, സിപിഒമാരായ ഷിബു കൃഷ്ണൻ, കിരൺ, അഭി സലാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top