08 December Friday

ആശ്രാമത്ത് വരയുടെ 
ജനകീയ ഉത്സവം

സ്വന്തം ലേഖകൻUpdated: Friday Sep 29, 2023

കൊല്ലം മഹോത്സവത്തിന്റെ ഭാഗമായി ആശ്രാമത്ത്‌ സംഘടിപ്പിച്ച സമൂഹ ചിത്രരചന ലളിതകലാ അക്കാദമി മുൻ ചെയർമാൻ പ്രൊഫ. കാട്ടൂർ നാരായണപിള്ള ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം 
കുട്ടികൾ ഓടിവന്ന് കളർ കൈയിലാക്കി വിരലുകളെല്ലാം ക്യാൻവാസിൽ പതിപ്പിച്ച് ആഹ്ലാദിച്ചു. മതിവരാത്തവർ കൂട്ടുകാരുടെ മുഖത്ത് ചായംതേച്ചു. സിംഹത്തെയും ആനയെയും വരയ്ക്കാതെ എന്ത് ചിത്രരചന എന്ന മട്ടിലായിരുന്നു ചില കുരുന്നുകൾ. ആശ്രാമം മൈതാനത്തെ റോഡരികിൽ ജനകീയ വരയുത്സവമായിരുന്നു അരങ്ങേറിയത്. കളറും ബ്രഷും മീറ്ററുകളോളം നീണ്ട ക്യാൻവാസും കണ്ടാൽ ആർക്കാണ് വരയ്ക്കാതിരിക്കാനാകുക. 
എൻ എസ് പഠന​ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന കൊല്ലം മഹോത്സവത്തിന്റെ പ്രചാരണാർഥമായിരുന്നു 500 മീറ്റർ ക്യാൻവാസിൽ  സമൂഹ ചിത്രരചന സംഘടിപ്പിച്ചത്. കൊല്ലത്തിന്റെ ചരിത്ര ഉത്സവമാണല്ലോ. ചിലർ ലൈറ്റ്ഹൗസ് വരച്ചു. ക്ലോക്ക് ടവറായിരുന്നു മറ്റു ചിലരുടെ മനസ്സിൽ. കശുവണ്ടി വരയ്ക്കാതെ പറ്റില്ലല്ലോ... ഓച്ചിറ 28–-ാം ഓണോത്സവം കഴിഞ്ഞിട്ട് രണ്ടുദിവസമായതല്ലേയുള്ളൂ. നന്ദികേശനെ വരയ്ക്കാതിരിക്കുന്നതെങ്ങനെ! കൊല്ലത്തിന്റെ ചരിത്ര അടയാളങ്ങളും മനസ്സിൽ വിരിഞ്ഞതും തോന്നിയതും നിറങ്ങളാൽ സാക്ഷാൽക്കരിച്ചു.  മഴ പെയ്തെങ്കിലും ആവേശം ഒലിച്ചുപോയില്ല. മഴവെള്ളത്തിൽ നിറങ്ങൾ പുതിയ അർഥങ്ങളിലേക്ക് പടർന്നു. വാഹനത്തിൽ കടന്നുപോയവർക്കും നിറം തൊടാതെ പോകാനായില്ല. വണ്ടിനിർത്തി ഇറങ്ങി ക്യാൻവാസിൽ ആധുനിക ഭാവനകൾക്ക് നിറം പകർന്നു.  സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ​ഗൗരവമായ വരകളും കണ്ടു. 
 ലളിതകലാ അക്കാദമി മുൻ ചെയർമാൻ പ്രൊഫ. കാട്ടൂർ നാരായണപിള്ള ഉദ്ഘാടനംചെയ്തു. മഴയിലും കുട ചൂടി അദ്ദേഹം ക്യാൻവാസിൽ നിറവിസ്മയം തീർത്തു. ലളിതകലാ അക്കാദമി മുൻ എക്സിക്യൂട്ടീവ് അം​ഗം കാരയ്ക്കാമണ്ഡപം വിജയകുമാറും ക്യാൻവാസിനെ ഉണർത്തി.  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്  എക്സ് ഏണസ്റ്റ് അധ്യക്ഷനായി. ജി ആനന്ദൻ സ്വാ​ഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ജില്ലാ സെക്രട്ടറിയറ്റ് അം​ഗം വി കെ അനിരുദ്ധൻ തുടങ്ങിയവർ സന്നിഹിതരായി.  പ്രമുഖ ചിത്രകാരനായ  ആശ്രാമം സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു ചിത്രരചന നടന്നത്. 
സാജ് രാമസ്വാമി, ബിനു കൊട്ടാരക്കര, ശരത് മുളങ്കാടകം, ശൈലേന്ദ്രബാബു, ദേവാനന്ദറാവു, പ്രജു, ദോസ്തി,  രമണിക്കുട്ടിയമ്മ, വസന്തകുമാരി, റോഷൻ, ​ഗോവിന്ദ്, അഖിൽ കൊട്ടിയം, മഹേഷ് ആയൂർ, കാർത്തിക്, ശരൺ, വിഘ്നേഷ്, സൂര്യദത്ത് തുടങ്ങിയ ചിത്രകാരന്മാർ അണിനിരന്നു. വിദ്യാർഥികൾക്കായി കൊല്ലത്തിന്റെ ചരിത്രം എന്ന വിഷയത്തിൽ മത്സരം നടന്നു. ഇരുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.  സ്പോർട്സ് കൗൺസിൽ താരങ്ങൾ, ജുവനൈൽ ഹോമിലെ കുട്ടികൾ, തിരുവനന്തപുരം, മാവേലിക്കര, കാലടി ഫൈൻ ആർട്സ് കോളേജുകളിലെ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
-----
-----
 Top