കൊല്ലം
1949ലെ ഓണക്കാലത്ത് ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ പെട്രോമാക്സിന്റെ വെളിച്ചത്തിൽ ഒരാളൊരു കഥപറഞ്ഞു. പതിഞ്ഞ ശബ്ദത്തിൽ തുടങ്ങിയ ഇരുപതുകാരന്റെ വാക്കുകളിൽ പതിയെ വികാരവിക്ഷോഭങ്ങൾ നിറഞ്ഞു. ഉച്ചഭാഷിണിയില്ലാതെ ആ ഒച്ച തുളഞ്ഞുകയറിയത് അരണ്ട വെളിച്ചത്തിൽ മുന്നിലിരുന്ന കുറേ മനുഷ്യരുടെ ഹൃദയത്തിലേക്കാണ്. വി സാംബശിവൻ എന്ന കാഥികസമ്രാട്ടിന്റെ ഉദയമായിരുന്നു ആ രാത്രി. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘ദേവത'യായിരുന്നു ആദ്യം പറഞ്ഞ കഥ. പിന്നീട് ആയിരക്കണക്കിനു വേദികളിൽ ആ ശബ്ദം മുഴങ്ങി. ചിരിച്ചും കരഞ്ഞും രോഷംതിളച്ചും ജനലക്ഷങ്ങൾ ആ കഥകൾ കൊതിയോടെ കേട്ടു.
ലോക സാഹിത്യത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ കഥാപ്രസംഗവേദിയിൽ ആദ്യം അവതരിപ്പിച്ചു വിജയിപ്പിച്ചത് സാംബശിവനായിരുന്നു. ജനകീയ കലയായ കഥാപ്രസംഗത്തിനു വിപുലമായ പ്രചാരവും അംഗീകാരവും നേടിക്കൊടുത്ത കാഥികൻ. അദ്ദേഹം നിറഞ്ഞൊഴുകിയ വേദികള്‍ തലമുറകളിൽനിന്ന് തലമുറകളിലേക്ക് പ്രവഹിച്ചു. ഷേക്സ്പിയറിന്റെ ഒഥല്ലോയും ടോൾസ്റ്റോയിയുടെ അനീസ്യയും (ദ പവർ ഓഫ് ഡാർക്‌നസ്)തുടങ്ങിയ കഥാപ്രസംഗങ്ങൾ മലയാളിയെ വിശ്വസാഹിത്യകൃതികളുമായി ഇടപഴകാൻ പഠിപ്പിച്ചു.
ബിമൽ മിത്രയുടെ വിലയ്ക്കുവാങ്ങാം, ഇരുപതാം നൂറ്റാണ്ട് എന്നീ കഥകളിലൂടെ സാംബശിവൻ കത്തിപ്പടർന്നു. തിരക്കേറിയ 48 വർഷം നാട്ടിലും വിദേശത്തും കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു. കേരള ജനതയെ പുരോഗമന രാഷ്ട്രീയത്തിനൊപ്പം അണിനിരത്തുന്നതിൽ ആ വേദികൾ ചെറുതല്ലാത്ത പങ്കുവഹിച്ചു. അടിയുറച്ച കമ്യൂണിസ്റ്റായിരുന്ന സാംബശിവന് അടിയന്തരാവസ്ഥക്കാലത്ത് വിലക്ക് ലംഘിച്ച് കഥ അവതരിപ്പിച്ചതിനു ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയായിരുന്നു രാഷ്ട്രീയപ്രവർത്തനത്തിന്റെ തുടക്കം.
സാംബശിവനോടുള്ള ആരാധനാഭാവവും അഭിനിവേശവും ഏറ്റവും അധികമുണ്ടായത് അദ്ദേഹത്തിന്റെ നാടായ കൊല്ലത്താണ്. അങ്ങനെയാണ് കൊല്ലം കഥാപ്രസംഗത്തിന്റെ കേന്ദ്രമായി മാറിയത്. 1929 ജൂലൈ നാലിന് കൊല്ലം ചവറ തെക്കുംഭാഗം നടുവത്തുചേരിയിലായിരുന്നു ജനനം. ആധുനിക കഥാപ്രസംഗ ശില്‍പ്പികളായി വാഴ്ത്തപ്പെടുന്നത് കെടാമംഗലം സദാനന്ദനും വി സാംബശിവനുമാണ്. നാടക സിനിമാ രംഗങ്ങളിലും സജീവമായിരുന്നു കെടാമംഗലം. എന്നാൽ, കഥാപ്രസംഗത്തിനായി ജീവിതം സമ്പൂർണമായി സമർപ്പിച്ചയാളാണ് സാംബശിവൻ.
കഥപറഞ്ഞ് നിറഞ്ഞാടുന്നതിനിടയിൽ 1995ൽ ന്യൂമോണിയയും ശ്വാസകോശത്തിൽ അർബുദവും ബാധിച്ചതോടെ 1996 ഏപ്രിൽ 23ന് 67–ാം- വയസ്സിൽ വിഖ്യാത കാഥികന്‍ വിടപറഞ്ഞു. വേദികളിലെ കഥനവിസ്മയം നിലച്ച് കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും സാംബശിവന്റെ കഥാപ്രസംഗം യൂട്യൂബിലും മറ്റുമായി തേടിപ്പിടിച്ച് ആസ്വദിക്കുന്നവരുടെ എണ്ണം കൂടുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..