കൊല്ലം
കൊല്ലത്ത് നടന്ന സീനിയർ പെന്റാഗുലർ ഫുട്ബോൾ മത്സരത്തിൽ ഗ്രൗണ്ടിന്റെ ഇടതുഭാഗത്തുകൂടി കുതിച്ചെത്തി എതിരാളികളുടെ ഗോൾമുഖത്ത് തുടരെ പ്രകമ്പനങ്ങൾ സൃഷ്ടിച്ച പതിനെട്ടുകാരൻ ടൈറ്റസ്‍ കുര്യൻ ഇന്നും കൊല്ലത്തെ ഫുട്ബോൾ ആവേശമാണ്. റേഡിയോയിലെ കമന്ററി കേട്ട് സംസ്ഥാനത്തെങ്ങും ഫുട്ബോൾ പ്രേമികൾ ആർത്തുവിളിച്ച പേരായിരുന്നു ടൈറ്റസ് കുര്യൻ.
സിലോൺ, മദ്രാസ്, മൈസൂർ, ആന്ധ്ര, കേരളം എന്നീങ്ങനെ അഞ്ചു ടീം മാറ്റുരച്ച 1971ലെ പെന്റാഗുലർ മത്സരത്തിലാണ് സംസ്ഥാന ടീമിൽ ടൈറ്റസ് ആദ്യമായി കളിച്ചത്. അന്ന് ടീമിലെ ബേബിയായിരുന്നു ടൈറ്റസ്. പ്രശസ്തിയുടെ കൊടുമുടിയിൽ 1973ൽ സന്തോഷ് ട്രോഫി നേടിയ ടീമിൽ അംഗമായിരുന്നെങ്കിലും ടൈറ്റസിനെ സൈഡ് ബഞ്ചിൽ തന്നെ ഇരുത്തിയത് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഇന്നും വിങ്ങുന്ന ഓർമയാണ്. സന്തോഷ് ട്രോഫി എന്ന് കേൾക്കുമ്പോൾ കൊല്ലത്തുകാരുടെ മനസ്സിൽ ഇന്നും ഓടിയെത്തുന്ന പേരുകളാണ് ഫോർവേഡുകളായ നജിമുദീൻ, ടൈറ്റസ് കുര്യൻ, ഗോളി രവി എന്നിവരുടേത്.
സന്തോഷ് ട്രോഫിയിൽ കളിച്ച അച്ഛൻ തോമസ് ആന്റണിയുടെ വഴി പിന്തുടർന്ന് കൊല്ലം സീസാ ഫുട്ബോൾ ക്ലബ്ബിലൂടെയാണ് ടൈറ്റസ് താരമായത്. പിന്നീട് ലക്കി സ്റ്റാർ, ക്യുഎസി ടീമുകൾക്കു വേണ്ടിയും ജേഴ്സി അണിഞ്ഞു. 1970ൽ അസമിൽ നടന്ന ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിലെ പ്രകടനമാണ് സംസ്ഥാന ടീമിൽ എത്തിച്ചത്. മൂന്നുതവണ സംസ്ഥാന ടീമിൽ കളിച്ചു. ഒമ്പതുവർഷം കെഎസ്ആർടിസിയുടെ പെരുമ ഉയർത്തി ഫുട്ബോൾ ടീം ക്യാപ്റ്റനായി. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകനുമായിരുന്നു. ഭാര്യ വിജയമ്മയുടെ മരണശേഷം ഏകനായി കാവനാട്ടെ വീട്ടിൽ താമസിക്കുകയായിരുന്നു. സമീപത്ത് തന്നെയുള്ള മകൾ വിനിയുടെ വീട്ടിൽ ആഹാരം കഴിക്കാൻ എത്തുമെങ്കിലും ഒറ്റയ്ക്കു താമസിക്കാനായിരുന്നു ഇഷ്ടം. സഹോദരൻ ഡേവിഡും ഫുട്ബോൾ കളിക്കാരനായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..