20 April Saturday

അബ്ദുൽ സത്താർ കുടുങ്ങിയത്‌ 
മുങ്ങാനുള്ള ശ്രമം വിഫലമായതോടെ

സ്വന്തം ലേഖകൻUpdated: Thursday Sep 29, 2022
കൊല്ലം
എൻഐഎ, പൊലീസ്‌ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ അറസ്റ്റിലായത്‌ പൊലീസിനെ വെട്ടിച്ച്‌ മുങ്ങാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിനെത്തുടർന്ന്‌. 
കുലശേഖരപുരം പുന്നക്കുളം മാതേരയ്യത്ത് അബ്ദുൽ സത്താറിനെ (51) കരുനാഗപ്പള്ളി പുതിയകാവിലെ പോപ്പുലർ ഫ്രണ്ട്‌ ദക്ഷിണ മേഖലാ ആസ്ഥാനമായ കാരുണ്യാ ട്രസ്റ്റ്‌ ഓഫീസിൽനിന്നു ബുധനാഴ്‌ച ഉച്ചയ്‌ക്കാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ പുലർച്ചെയാകാം പുതിയകാവിലെ പോപ്പുലർ ഫ്രണ്ട്‌ ഓഫീസിൽ എത്തിയതെന്ന്‌ പൊലീസ്‌ കരുതുന്നു. രാവിലെ ഒരു വാർത്താചാനലിന്‌ കൊടുത്ത അഭിമുഖത്തോടെ ഓഫീസ്‌ പൊലീസിന്റെ രഹസ്യാന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായി.
 മഫ്‌തിയിലായിരുന്നു ഉദ്യോഗസ്ഥരെങ്കിലും വൈകാതെ പിടിയിലാകുമെന്നു മനസ്സിലാക്കിയ അബ്ദുൽ സത്താർ പെട്ടെന്ന്‌ കാറിൽ ഓഫീസിൽനിന്നു മുങ്ങുകയായിരുന്നു. എന്നാൽ, പൊലീസ്‌ പിന്തുടരുകയും അതിവേഗം അബ്ദുൽ സത്താറിന്റെ വീട്ടിൽ എത്തുകയുംചെയ്‌തു.  ഇതോടെ  കുടുങ്ങിയെന്നു മനസ്സിലാക്കിയ അബ്ദുൽ സത്താർ പെട്ടെന്ന്‌ വീണ്ടും പുതിയകാവിലെ ഓഫീസിലേക്ക്‌ തിരിച്ചെത്തുകയായിരുന്നു. പിന്നാലെ പൊലീസ്‌ സംഘവുമെത്തി. ഇതിനിടെ അബ്ദുൽ സത്താറിനെ ഇറക്കിവിട്ട ശേഷം ഒപ്പമുണ്ടായിരുന്നയാൾ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ്‌ പിന്തുടർന്നതോടെ കാർ ഉപേക്ഷിച്ച്‌ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. തുടർന്ന്‌ പന്ത്രണ്ടോടെ കരുനാഗപ്പള്ളി എസിപി വി എസ് പ്രദീപ്, സ്പെഷ്യൽ ബ്രാഞ്ച് എസിപി അശോക് കുമാർ, സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ, എസ്ഐ സുജാതൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ അബ്ദുൽ സത്താറിനെ ഓഫീസിൽനിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. 
തുടർന്ന്‌ കൊല്ലം പൊലീസ്‌ ക്ലബ്ബിൽ എത്തിച്ച അബ്ദുൽ സത്താറിനെ വൈകിട്ട്‌ കൊച്ചിയിൽനിന്ന്‌ എത്തിയ എൻഐഎ സംഘത്തിനു കൈമാറുകയും തുടർന്ന്‌ അറസ്റ്റ്‌ രേഖപ്പെടുത്തുകയും ചെയ്‌തു. വൈകിട്ട്‌ ആറരയോടെ അബ്ദുൽ സത്താറിനെ കൊച്ചിയിലേക്ക്‌ കൊണ്ടുപോയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top