16 April Tuesday

മൺറോതുരുത്തിനെ പടിഞ്ഞാറെ കല്ലടയുമായി ബന്ധിപ്പിക്കുന്ന കണ്ണങ്കാട്ടുകടവ്‌ പാലം; ഭൂമി ഏറ്റെടുക്കൽ 
അന്തിമഘട്ടത്തില്‍

സ്വന്തം ലേഖകൻUpdated: Monday May 29, 2023

കല്ലടയാറിനു കുറുകെ കണ്ണങ്കാട്ടുകടവ്‌ പാലം നിർമിക്കുന്ന സ്ഥലം

കൊല്ലം > കണ്ണങ്കാട്ടുകടവ്‌ പാലം നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി അന്തിമഘട്ടത്തില്‍. കൊല്ലം - കുന്നത്തൂർ താലൂക്കുകളിലെ മൺറോതുരുത്ത്‌, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ കല്ലടയാറിനു കുറുകെയാണ് നിര്‍മാണം. നഷ്‌ടപരിഹാരം കൈമാറുന്നതിനുള്ള നടപടിയും ഇ ടെൻഡർ നടപടിയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനാണ്‌ കഴിഞ്ഞദിവസം കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിന്റെ തീരുമാനം.
 
നടപടികളിൽ കാലതാമസം ഇനിയുണ്ടാവരുതെന്ന്‌ എംഎൽഎ കർശനനിർദേശം നൽകി. ഭൂമി ഏറ്റെടുക്കലിനും പാലം നിർമാണത്തിനും 24.95 കോടി രൂപയാണ്‌ കിഫ്‌ബി അനുവദിച്ചിട്ടുള്ളത്‌. 0.55 ഹെക്ടറാണ്‌ കല്ലടയാറിന്റെ ഇരുകരകളിൽനിന്ന് ഏറ്റെടുക്കുന്നത്‌. മൺറോതുരുത്ത് പഞ്ചായത്തിലെ 33 പേരുടെ ഭൂമിയും പടിഞ്ഞാറെ കല്ലടയിൽ ഏഴു പേരുടെ ഭൂമിയുമാണ്‌ ഏറ്റെടുക്കേണ്ടത്‌. ഇരുകരകളിലുമായി മൂന്നു വീടുകളും ഒരു വ്യാപാരസ്ഥാപനവും നാല്‌ ചുറ്റുമതിലും നീക്കം ചെയ്യേണ്ടിവരും. ഭൂമി ഏറ്റെടുക്കലിന്‌ മൺറോതുരുത്തിൽ രണ്ടുകോടിയും പടിഞ്ഞാറെകല്ലടയിൽ 65 ലക്ഷം രൂപയുമാണ്‌ നഷ്‌ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top