19 April Friday

വായനശാലയുടെ വാർഷികാഘോഷത്തിനിടെ 
ബിജെപി ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

വെട്ടുകൊണ്ട് കാൽമുട്ടിന് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കക്കോട് വാർഡ് കൗൺസിലർ ടി എൻ അരവിന്ദാക്ഷൻ

പുനലൂര്‍ 
കക്കോട് വായനശാലയുടെ വാർഷികാഘോഷങ്ങൾ നടക്കുന്നതിനിടെ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ ആക്രമണം. സിപിഐ എം വാർഡ് കൗൺസിലർ  ഉൾപ്പെടെ മൂന്നുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശനി അർധരാത്രിയായിരുന്നു സംഭവം. കാൽമുട്ടിന് വെട്ടേറ്റ് ഗുരതര പരിക്കേറ്റ കക്കോട് വാർഡ് കൗൺസിലർ ടി എൻ അരവിന്ദാക്ഷനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം സജിയുടെ കാലിനും ഡിവൈഎഫ്ഐ യൂണിറ്റ് അംഗമായ നിതിന്റെ തലയ്ക്കുമാണ് വെട്ടേറ്റത്. ഇരുവരെയും പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ബിജെപിയുടെ പ്രാദേശിക നേതാവ് സുമേഷ്, ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന്‌ നാട്ടുകാർ പറഞ്ഞു. ബിജു സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ആക്രമണത്തിനിടെ പരിക്കേറ്റ സുമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
കഴിഞ്ഞവർഷവും ഗ്രന്ഥശാലയുടെ വാർഷിക പരിപാടികളിൽ ബിജുവിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയതിന് പുനലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. ഈ വർഷവും വാർഷികാഘോഷങ്ങൾ അലങ്കോലപ്പെടുത്തുന്നതിനു വേണ്ടി ഗൾഫിൽനിന്ന് ലീവിന് നാട്ടിലെത്തിയ ബിജു ബോധപൂർവം ആക്രമണം നടത്തുകയായിരുന്നുവെന്ന്‌ ഗ്രന്ഥശാല പ്രവർത്തകർ പറഞ്ഞു. പുനലൂർ പൊലിസ് കേസെടുത്തു.
 
സാമൂഹ്യവിരുദ്ധരെ അമർച്ചചെയ്യണം: സിപിഐ എം
പുനലൂര്‍ 
വാർഡ് കൗൺസിലർ ഉൾപ്പെടെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ഗ്രന്ഥശാലയുടെ വാർഷികാഘോഷം അലങ്കോലപ്പെടുത്തുകയുംചെയ്ത സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യണമെന്ന് സിപിഐ എം പുനലൂര്‍ ഏരിയ സെക്രട്ടറി എസ് ബിജു ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശമാണ് കക്കോട്. പ്രദേശത്തെ പ്രധാന സാംസ്കാരിക കേന്ദ്രമായ കക്കോട് പബ്ലിക് ലൈബ്രററിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ വിറളിപൂണ്ട ഒരു പറ്റം സാമൂഹ്യ വിരുദ്ധർ പ്രസ്ഥാനത്തെ തകർക്കുന്നതിനുവേണ്ടി നിരന്തരം ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് വാർഷികാഘോഷതതിനിടെ ബിജെപി നേതാവായ സുമേഷിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയത്. ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു എസ് ബിജു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top