29 March Friday

ഡിസൈന്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂടുതല്‍ 
സൗകര്യം ഒരുക്കും: വി ശിവന്‍കുട്ടി

സ്വന്തം ലേഖകൻUpdated: Wednesday Mar 29, 2023
കുണ്ടറ
ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ കൂടുതൽ സൗകര്യങ്ങൾ ഉടൻ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അധ്യാപകരുടെ കുറവ് പരിഹരിക്കും. ഡിസൈൻ പ്രോഗ്രാമിനായിട്ടുള്ള ക്ലാസുകൾ സുഗമമായി നടത്തുന്നതിന് എട്ട് അധ്യാപകരുടെ സേവനം ആവശ്യമാണ്. ആവശ്യമുള്ള അധ്യാപകരെ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ നിയമിക്കുന്നതിന്‌ നടപടി സ്വീകരിക്കും. സർക്കാർ ഉത്തരവ് ലഭ്യമാകുന്നതുവരെ അഡ്ഹോക്ക് ഫാക്കൽറ്റിമാരെ നിയമിക്കും. ഡിസൈൻ രംഗത്ത് മികച്ച പരിശീലനം നൽകുന്ന ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന സ്ഥാപനമാക്കി കെഎസ്ഐഡിയെ മാറ്റണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും അറിയിച്ചിട്ടുള്ള ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത സമയബന്ധിതമായി പരിഹരിക്കുന്നതിന് തൊഴിൽ നൈപുണ്യ വകുപ്പ് സെക്രട്ടറി, കെഎഎസ്ഇ മാനേജിങ്‌ ഡയറക്ടർ, കെഎസ്ഐഡി പ്രിൻസിപ്പൽ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തും. മൂന്നുമാസത്തിനുള്ളിൽ പരിഹാരമാർഗങ്ങൾ നിർദേശിച്ചുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിന്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഡിസൈൻ മേഖലയിലെ കൂടുതൽ വിഷയങ്ങളിൽ ബിരുദ കോഴ്‌സുകൾ അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. പിജി ഡിപ്ലോമ കോഴ്‌സുകളുടെ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനുള്ള അവസരങ്ങൾ ഒരുക്കുകയും കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വ്യവസായ സംരംഭകരുമായി ബന്ധപ്പെട്ട് പ്ലേസ്‌മെന്റ് ലഭ്യമാക്കുകയും ചെയ്യും. അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റൽ എന്നിവയുടെ നിർമാണം സംബന്ധിച്ച സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിന്‌ ലേബർ സെക്രട്ടറിയെ ചുമതലപ്പെടുത്തും. സ്ഥാപനത്തിലെ അഡ്മിനിസ്‌ട്രേഷൻ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയുമായും സാങ്കേതിക വിദ്യാഭ്യാസ മേഖലയുമായും ബന്ധമുള്ളവരുടെ സേവനം പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കും. അപ്പാരൽ ലാബ്, പ്രൊഡക്ട്‌ ലാബ്, ടെക്‌സ്റ്റൈൽ ലാബ്, ക്ലാസ് റൂം, നിർമാണം തടസ്സപ്പെട്ട ഹോസ്റ്റൽ എന്നിവ മന്ത്രി സന്ദർശിച്ചു. കോളേജ് പ്രിൻസിപ്പൽ മനോജ് കിണി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ ഗിരിധരൻനായർ, സിപിഐ എം കുണ്ടറ ഏരിയ സെക്രട്ടറി എസ്‌ എൽ സജികുമാർ, എൽ അനിൽ, വി മനോജ്‌ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 
വിദ്യാർഥികളെ കേട്ട്‌ മന്ത്രി
അപര്യാപ്തതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സന്ദർശിക്കാൻ ചൊവ്വ രാവിലെ മന്ത്രി വി ശിവൻകുട്ടി എത്തിയത്‌. കോളേജിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങളും ക്ലാസ് മുറി, വർക്‌ഷോപ്‌, കുട്ടികൾക്ക് താമസിക്കാനുള്ള ഇടങ്ങൾ എന്നിവ കണ്ട് വിലയിരുത്തിയ ശേഷം മന്ത്രി വിദ്യാർഥികളുടെ അഭിപ്രായങ്ങൾ ആരാഞ്ഞു.  അധ്യാപകരുടെ കുറവാണ്‌ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന്‌ വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. അത്യാവശ്യ ഉപകരണങ്ങൾപോലും ഇല്ല. ക്യാമ്പസിലുള്ള ഹോസ്റ്റലിൽ എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളാനുള്ള സൗകര്യമില്ല. അതിനാൽ പെൺകുട്ടികൾ കൂടുതൽപേരും വാടകക്കെട്ടിടത്തിലാണ്‌ താമസിക്കുന്നത്. പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ചില തർക്കങ്ങളെ തുടർന്ന് പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നിലവിൽ 100 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. പുതിയ അഡ്മിഷൻ കൂടിയാകുമ്പോഴേക്കും വിദ്യാർഥികളുടെ എണ്ണം വർധിക്കും. അതിനാൽ ഹോസ്റ്റൽ സൗകര്യം മെച്ചപ്പെടുത്തണം. രാത്രികാലങ്ങളിൽ കുട്ടികൾക്ക് അസുഖങ്ങൾ വന്നാൽ ആശുപത്രിയിൽ പോകുന്നതിന്‌ വാഹനസൗകര്യമില്ല. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഏതെങ്കിലും അധ്യാപകരെ വിളിച്ചുവരുത്തണം. പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്‌ ഉൾപ്പെടെ ആനുകൂല്യങ്ങൾ വർഷങ്ങളായി ലഭിക്കുന്നില്ലെന്നും വിദ്യാർഥികൾ മന്ത്രിയെ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top