24 April Wednesday
150 കോവിഡ്‌ ബ്രിഗേഡുമാരെ നിയമിക്കുന്നു

പ്രതിരോധത്തിന്‌ സജ്ജം

സ്വന്തം ലേഖികUpdated: Saturday Jan 29, 2022
കൊല്ലം
കോവിഡ്‌ മൂന്നാംതരംഗത്തെ നേരിടാൻ ജില്ല സജ്ജം. സി കാറ്റഗറിയിൽ എത്തിയ ജില്ലയിൽ വിവിധ സർക്കാർ ആശുപത്രികളിലായി 150 ആരോഗ്യ പ്രവർത്തകരെ കോവിഡ്‌ ബ്രിഗേഡിൽ ഉൾപ്പെടുത്തി ഉടൻ നിയമിക്കും. മുൻവർഷത്തെ കോവിഡ്‌ ബ്രിഗേഡിലെ ലിസ്റ്റ്‌ അനുസരിച്ച്‌ എൻഎച്ച്‌എം മുഖേനയാണ്‌ നിയമനം. ഇതു സംബന്ധിച്ച്‌ അതത്‌ ആശുപത്രി സൂപ്രണ്ടുമാർക്ക്‌ സർക്കാരിന്റെ  ഉത്തരവ്‌ ലഭിച്ചു.  
32 ഡോക്ടർമാർ, 59 സ്‌റ്റാഫ്‌ നഴ്‌സ്‌, 49 ശുചീകരണത്തൊഴിലാളികൾ, 10ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ എന്നിങ്ങനെയാണ്‌ നിയമിക്കുന്നത്‌. ഒന്നാംഘട്ട നിയമനത്തിന്‌  ശേഷം  പ്രവർത്തനങ്ങൾ വിലയിരുത്തി 10 ദിവസത്തിനകം രണ്ടാം ഘട്ടത്തിൽ 150പേരെ കൂടി നിയമിക്കും. കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 59, ജില്ലാ ആശുപത്രി 18,  പ്രത്യേക കോവിഡ്‌ സെന്ററുകളായ നെടുമ്പനയിൽ 17, ഹോക്കി സ്‌റ്റേഡിയം 12, പുനലൂർ, നീണ്ടകര, കൊട്ടാരക്കര, കടയ്‌ക്കൽ, താലൂക്കാശുപത്രികളിൽ ഒമ്പതു വീതവും വാളകം മേഴ്‌സി ആശുപത്രിയിൽ എട്ടുപേരെയുമാണ്‌ നിയമിക്കുക.  ആശുപത്രികളിലെ കിടക്കകളെ അടിസ്ഥാനമാക്കി മാർച്ച്‌ 31 വരെയാണ്‌ നിയമനം. രണ്ടു മാസം മുമ്പ്‌ കൊല്ലം ഗവ. മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും 25 പേരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. 
2020ൽ കേന്ദ്ര ആരോഗ്യ മന്ത്രലായത്തിന്റെ നിർദേശം അനുസരിച്ചാണ്‌ ബ്രിഗേഡ്‌ രൂപീകരിച്ചത്‌. രണ്ടാംതരംഗത്തിൽ  കൂടുതൽ ശക്തിപ്പെടുത്തി. ഒന്ന്‌, രണ്ട്‌ തലങ്ങളിലെ ചികിത്സാകേന്ദ്രങ്ങൾ, കൺട്രോൾ റൂം, ആശുപത്രികൾ എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ഇവരെ നിയോഗിച്ചിരുന്നത്‌.
ഗവ. മെഡിക്കൽ 
കോളേജിൽ നിയമനം
കൊല്ലം
കൊല്ലം ​ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ബ്രിഗേഡായി പ്രവർത്തിച്ചിരുന്നവരിൽനിന്ന് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സ് –- 25.  യോഗ്യത: -ബിഎസ്‌സി നഴ്‌സിങ്/ജിഎൻഎം കേരള നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ. പ്രായം:18 –--36. ഗൂഗിൾ ഫോം: -https://forms.gle/UhZ5Gt6BAHCCf7hT6. 
ഡേറ്റഎൻട്രി ഓപറേറ്റർ
രണ്ട് ഒഴിവ്‌. യോഗ്യത: ഡിഗ്രി, ഡിസിഎ/പിജിഡിസിഎ. പ്രായം: 18 –--36. ഗൂഗിൾ ഫോം -https://forms.gle/juZ6Thrr1rSAhg5A8
ക്ലീനിങ്‌ സ്‌റ്റാഫ്‌ 
20 ഒഴിവ്‌. യോഗ്യത-: എസ്എസ്എൽസി. പ്രായം: 18 –--36. ഗൂഗിൾ ഫോം - https://forms.gle/v77AUYsvejVb8vnVA
ഇ-–-മെയിൽ വിലാസം ഉൾപ്പടെ 31ന് വൈകിട്ട് അഞ്ചിനുമുമ്പ്‌ അപേക്ഷിക്കണം. വിവരങ്ങൾക്ക് - gmckollam.edu.in
ജൂനിയർ റസിഡന്റ്
ജൂനിയർ റസിഡന്റ് തസ്തികയിൽ 12 താൽക്കാലിക ഒഴിവിലേക്ക്‌ നിയമനം നടത്തുന്നു. യോഗ്യത:- എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷൻ. പ്രായപരിധി -40. കോവിഡ് ബ്രിഗേഡ് ആയിരുന്നവർക്ക് മുൻഗണന. അഭിമുഖം 31ന് പകൽ രണ്ടിന്.  യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ, ഫോട്ടോയുള്ള സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതംസൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.
 
4138 പേർക്കുകൂടി കോവിഡ്
കൊല്ലം
ജില്ലയിൽ 4138 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന്‌ എത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ മൂന്നു പേർക്കും സമ്പർക്കം മൂലം 4087 പേർക്കും 47 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 581 പേർ രോഗമുക്തി നേടി.  
കൊല്ലം കോർപറേഷനിൽ 951 പേർക്കാണ് രോ​ഗബാധ. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി 90, കൊട്ടാരക്കര 60, പരവൂർ 102, പുനലൂർ 75 എന്നിങ്ങനെയാണ്‌ രോഗബാധ. പഞ്ചായത്തുകളിൽ അഞ്ചൽ 98, അലയമൺ 41, ആദിച്ചനല്ലൂർ 73, ആര്യങ്കാവ് 30,ആലപ്പാട് 28, ഇടമുളയ്ക്കൽ 81,  ഇട്ടിവ 66, ഇളമാട് 34, ഇളമ്പളളൂർ 59, ഈസ്റ്റ് കല്ലട 22, ഉമ്മന്നൂർ 36, എഴുകോൺ 29, ഏരൂർ 87, ഓച്ചിറ 21, കടയ്ക്കൽ 45, കരവാളൂർ 21, കരീപ്ര 37, കല്ലുവാതുക്കൽ 68, കുണ്ടറ 48, കുന്നത്തൂർ 39, കുമ്മിൾ 18, കുലശേഖരപുരം 46, കുളക്കട 36, കുളത്തൂപ്പുഴ 19, കൊറ്റങ്കര 43, ക്ലാപ്പന 18, ചടയമംഗലം 66, ചവറ 57, ചാത്തന്നൂർ 66, ചിതറ 33, ചിറക്കര 25, തലവൂർ 28, തഴവ 44, തൃക്കരുവ 5, തൃക്കോവിൽവട്ടം71,  തെക്കുംഭാഗം ഏഴ്‌, തെന്മല 23, തേവലക്കര 48, തൊടിയൂർ 61, നിലമേൽ 48, നീണ്ടകര 14, നെടുമ്പന 80, നെടുവത്തൂർ 31, പട്ടാഴി 19, പട്ടാഴി വടക്കേക്കര ഒമ്പത്‌, പത്തനാപുരം 74, പനയം 14, പന്മന 40, പവിത്രേശ്വരം 36, പിറവന്തൂർ 27, പൂതക്കുളം 46, പൂയപ്പളളി 59, പെരിനാട് 50, പേരയം 19, പോരുവഴി 30, മൺറോതുരുത്ത് 4, മയ്യനാട് 65, മേലില 19, മൈനാഗപ്പള്ളി 39, മൈലം 33, വിളക്കുടി 32, വെട്ടിക്കവല 36, വെളിനല്ലൂർ 31, വെളിയം 53, വെസ്റ്റ് കല്ലട 43, ശാസ്താംകോട്ട 67, ശൂരനാട് നോർത്ത് 107, ശൂരനാട് സൗത്ത് 58 എന്നിങ്ങനെയാണ് രോ​ഗബാധ.
 
നേരിടാന്‍ ഹോമിയോപ്പതി വകുപ്പും
കൊല്ലം
കോവിഡ് വ്യാപന സാഹചര്യത്തെ നേരിടാൻ ജില്ലാ ഹോമിയോപ്പതി വകുപ്പും സുസജ്ജം.  ഹോമിയോ ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം തുടങ്ങി. സർക്കാർ ഓഫീസുകളിലും ഇവ നൽകും. വ്യാപനം കുറയുന്നതു വരെ 21 ദിവസം കൂടുമ്പോൾ മരുന്ന് ആവർത്തിക്കണം. ജില്ലാ ഹോമിയോ ആശുപത്രിയിൽ ഫീവർ സ്‌ക്രീനിങ്‌ യൂണിറ്റും ആരംഭിച്ചു. സേവനത്തിന് ഇ- –- സഞ്ജീവനി ടെലി മെഡിസിൻ സംവിധാനവും പ്രയോജനപ്പെടുത്താമെന്ന് ഡിഎംഒ (ഹോമിയോ) സി എസ് പ്രദീപ് അറിയിച്ചു.
 
163 പൊലീസുകാർ പോസിറ്റീവ് 
കൊല്ലം 
ജില്ലയിൽ കോവിഡ്‌ ബാധിച്ചവരിൽ 163 പൊലീസ്‌ ഉദ്യോഗസ്ഥരും. സിറ്റിയിൽ  90 പേരും  റൂറലിൽ 73പേരും പോസിറ്റീവാണ്‌. സിറ്റിയിൽ പരവൂർ സ്‌റ്റേഷൻ, എആർ ക്യാമ്പ്‌ എന്നിവിടങ്ങളിലാണ്‌  കൂടുതൽ പേർ. റൂറൽ പരിധിയിൽ ഈ മാസം 103പേർ രോഗബാധിതരായി. നിലവിൽ  മിക്ക സ്‌റ്റേഷനുകളിലും 10 പേർ കോവിഡ്‌ ബാധിതരാണ്‌.
 
പൊതുപരിപാടികള്‍ നിരോധിച്ചു, തിയറ്ററുകള്‍ പാടില്ല
കൊല്ലം  
കോവിഡ് വ്യാപനം അതിരൂക്ഷമായി ജില്ല സി വിഭാഗത്തിൽ ഉൾപ്പെട്ട സാഹചര്യത്തിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ ഉത്തരവിറക്കി. ജില്ലയിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 25 ശതമാനം രോഗികളും കോവിഡ് ബാധിതരായതോടെയാണ് സി കാറ്റ​ഗറിയിലേക്ക് കടന്നത്‌. പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കുന്നതല്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രം പങ്കെടുക്കാം. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റു നിയന്ത്രണങ്ങൾ  തുടരും. ഞായറാഴ്ച അവശ്യസർവീസുകൾ മാത്രം. വീടുകളിൽ കഴിയുന്നവർക്ക് ജില്ലാ മെഡിക്കൽ ഓഫീസർ പരിചരണം ഉറപ്പാക്കണം. വാർഡുതല സമിതികൾ വീടുകൾ കേന്ദ്രീകരിച്ച് രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും കലക്ടർ നിർദ്ദേശിച്ചു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top