18 September Thursday

എഴുകോൺ പൊലീസ്‌ സ്റ്റേഷന്‌ സ്വന്തം കെട്ടിടം ഒരുങ്ങുന്നു

സ്വന്തം ലേഖകൻUpdated: Saturday Jan 29, 2022

എഴുകോൺ പൊലീസ് സ്റ്റേഷൻ കെട്ടിടനിർമാണം പുരോഗമിക്കുന്നു

എഴുകോൺ
ബദാംമുക്കിനു സമീപത്തെ പഴയ ഓടുമേഞ്ഞ കെട്ടിടത്തിലെ വാസത്തിന്‌ അറുതി. എഴുകോൺ പൊലീസ്‌ സ്റ്റേഷന്‌ സ്വന്തം കെട്ടിടം ഒരുങ്ങുന്നു. അറുപറക്കോണം വെട്ടിലക്കോണത്ത് കെഐപിയിൽനിന്ന് ആഭ്യന്തരവകുപ്പിന് കൈമാറിയ 20 സെന്റിലാണ്‌ കെട്ടിടം നിർമിക്കുന്നത്. സർക്കാർ 1.65 കോടി രൂപ കെട്ടിട നിർമാണത്തിന്‌ അനുവദിച്ചു. ഇതിൽ 30 ലക്ഷം രൂപയാണ്‌ ഈ സാമ്പത്തിക വർഷം ബഡ്ജറ്റ് വഴി അനുവദിച്ചത്‌. ബാക്കി തുക രണ്ടാംഘട്ടമായി ലഭിക്കും. 
നിർമാണ പ്രവർത്തനങ്ങൾക്ക്‌ കഴിഞ്ഞദിവസം തുടക്കമായി. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് ചുമതല. സിഐയ്ക്കും എസ് ഐമാർക്കും പ്രത്യേകം മുറി, പരാതിക്കാർക്കും സന്ദർശകർക്കും വിശ്രമമുറി, ഹാൾ, ശുചിമുറി, ശിശുസൗഹൃദ മുറി, ലോക്കപ്പ്, മറ്റ് ഉദ്യോഗസ്ഥർക്കുള്ള സൗകര്യങ്ങൾ, വീഡിയോ കോൺഫറൻസ് സംവിധാനങ്ങൾ എന്നിവ അടങ്ങുന്ന കെട്ടിടമാണ് നിർമിക്കുന്നത്.
ഏറെക്കാലമായി വിവിധ വാടക കെട്ടിടങ്ങളിലായി വീർപ്പുമുട്ടുകയാണ് എഴുകോൺ പൊലീസ് സ്റ്റേഷൻ. ബദാംമുക്കിന് സമീപത്തെ ഓടുമേഞ്ഞ കെട്ടിടവും ഏറെ പരിമിതിയുള്ളതാണ്‌. മുമ്പ് എഴുകോൺ പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന സിഐ ഓഫീസും ഇപ്പോൾ സ്റ്റേഷനിൽ ആണ്. സിഐ എസ്എച്ച്ഒ ആയതോടെ സ്റ്റേഷനിൽ കൂടുതൽ വീർപ്പുമുട്ടലായി. 10പേർക്ക് ഒന്നിച്ച് സ്റ്റേഷനിൽ നിൽക്കാനുള്ള ഇടമില്ല. വനിതാ പൊലീസുകാർക്ക് വസ്ത്രം മാറാനോ വിശ്രമിക്കാനോ സൗകര്യങ്ങളില്ല. തൊണ്ടിമുതലുകൾ സൂക്ഷിക്കാനും ഇടമില്ല. പരാതി നൽകാനെത്തുന്നവരും മറ്റും സ്ഥലപരിമിതിയുടെ ബുദ്ധിമുട്ടുകൾ നേരിട്ടനുഭവിക്കുന്നു. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നത്തോടെ ദുരിതം അവസാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top