19 December Friday
മതമൈത്രിയുടെ ചാണപ്പാറ മാതൃക

ചാപ്പകുത്തൽ നാടകം 
പൊളിച്ചടുക്കി

സഫീർ കടയ്‌ക്കൽUpdated: Thursday Sep 28, 2023

പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നു

കടയ്‍ക്കൽ
മതസൗഹാർദം തകർത്ത്‌ വർഗീയവിദ്വേഷമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ ശ്രമത്തെ പൊളിച്ചടുക്കി മതമൈത്രിയുടെ ചാണപ്പാറ മാതൃക. ആക്രമിച്ച്‌ കീഴ്‌പ്പെടുത്തി മുതുകത്ത്‌ പിഎഫ്‌ഐ എന്ന്‌ ചാപ്പകുത്തിയെന്ന സൈനികന്റെ പരാതി നാടകമാണെന്ന്‌ തെളിഞ്ഞതൊടെ പാളിയത്‌ ബിജെപിയുടെ കലാപാസൂത്രണം. 
ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള മലയോര കർഷക ഗ്രാമമായ ഇട്ടിവയിലെ ജനം മതജാതി ചിന്തകൾക്കതീതമായി ഒന്നിച്ചു മുന്നേറുന്നതിലുള്ള സംഘപരിവാർ അസഹിഷ്ണുതയാണ് സൈനികനെ ആക്രമിച്ച് മുതുകത്ത് ചാപ്പകുത്തിയെന്ന നാടകനിർമിതിക്കു പിന്നിൽ. ബിജെപി പ്രവർത്തകനായ സുഹൃത്ത്‌ തുടയന്നൂർ ചാണപ്പാറ മുക്കട ജോഷിസദനത്തിൽ ജോഷി(40)യുടെ സഹായത്തോടെയാണ്‌ സൈനികൻ ചാണപ്പാറ ബി എസ്‌ ഭവനിൽ ഷൈൻ (35) പെയിന്റുകൊണ്ട്‌ പിഎഫ്‌ഐ എന്ന്‌ മുതുകത്ത്‌ ചാപ്പകുത്തിച്ചത്‌. സംഭവത്തിൽ ഇരുവരും റിമാൻഡിലാണ്‌. ദേശീയതലത്തിൽ വരെ വിവാദമാക്കി പ്രചരിപ്പിച്ച സംഭവത്തെ സാഹോദര്യത്തിന്റെ മഹാമൂല്യത്താൽ  ചെറുത്തു പരാജയപ്പെടുത്താൻ ജനങ്ങൾക്ക്‌ സാധിച്ചു. 
സംഭവത്തിനു പിന്നാലെ ബിജെപി ജില്ലാനേതാവ്‌ ഉൾപ്പെടെയുള്ളവർ കടയ്ക്കൽ പൊലീസ് സ്റ്റേഷനു മുന്നിൽ ഉപരോധ നാടകം നടത്തിയിരുന്നു. സംഘപരിവാറിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇത്‌. വിദ്വേഷത്തിന്റെ വിഷവിത്തുകൾ നിറഞ്ഞ മുദ്രാവാക്യങ്ങളാണ്‌ പ്രതിഷേധത്തിലുയർന്നത്‌. കള്ളം വെളിച്ചത്തായതോടെ പ്രശസ്തിക്കുവേണ്ടിയും മേലുദ്യോഗസ്ഥനോടുള്ള പരിഭവം പ്രകടിപ്പിക്കാനും സൈനികൻ നടത്തിയ ശ്രമമാണെന്ന്‌ വരുത്തിത്തീർത്ത്‌ സംഭവത്തെ നിസ്സാരവൽക്കരിക്കാനായിരുന്നു ഒരുകൂട്ടം മാധ്യമങ്ങളുശട ശ്രമം. 
അഞ്ചുമാസംകൊണ്ട്  സൈനികൻ ആസൂത്രണംചെയ്ത്‌ തയ്യാറാക്കിയ പദ്ധതി  മണിക്കൂറുകൾക്കുള്ളിൽ പൊളിച്ചടുക്കിയത്‌ നാട് നിയമ സംവിധാനത്തിനോടൊപ്പം ഒറ്റക്കെട്ടായി നിന്നതോടെയാണ്‌. ആസൂത്രണത്തെ തെളിവുസഹിതം നിയമത്തിനു മുന്നിലെത്തിച്ച കടയ്‌ക്കൽ പൊലീസിന്‌ നന്ദി അറിയിച്ചു ചാണപ്പാറയിലെ ജനങ്ങൾ  സമാധാന സന്ദേശറാലി നടത്തി. റാലിക്ക് ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത, സിപിഐ എം ലോക്കൽ സെക്രട്ടറി ഡി സനൽ, സുരേന്ദ്രൻപിള്ള, ബി മുരളീധരൻപിള്ള, ജെ എസ് റാഫി, തേക്കിൽ ജബ്ബാർ, ഷിബുലാൽ, സിപിഐ മണ്ഡലം സെക്രട്ടറി ജെ സി അനിൽ, ജി എസ് പ്രജിലാൽ, ഹരിലാൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ് ആർ ബിനോജ്, സനോഫർ തുടങ്ങിയവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top