കരുനാഗപ്പള്ളി
ഓണാട്ടുകരയിലെ ജനങ്ങൾ ആവേശത്തിടമ്പേറ്റിയ 28–--ാം ഓണാഘോഷത്തിന് അഴകു പകർന്ന നന്ദികേശന്മാരെ കാണാൻ ബുധനാഴ്ചയും ഓച്ചിറ പടനിലത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ചൊവ്വാഴ്ച നടന്ന കാളകെട്ടുത്സവത്തിൽ അണിനിരന്ന വിവിധ കരകളുടെയും കാളകെട്ട് സമിതികളുടെയും നേതൃത്വത്തിലുള്ള ഇരുന്നൂറിലധികം നന്ദികേശന്മാരെ ഓച്ചിറ പടനിലത്ത് വരിവരിയായി അണിനിരത്തിയിരുന്നു.
നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് രാവിലെ മുതൽ ആയിരങ്ങളാണ് നന്ദികേശക്കൂട്ടത്തെ കാണാൻ പടനിലത്തേക്ക് ഒഴുകിയെത്തിയത്. കാളകെട്ടുത്സവം ചൊവ്വാഴ്ച രാത്രി വൈകിയും പൂർത്തിയായിരുന്നില്ല. പല കാളകെട്ട് സമിതികളുടെയും നേതൃത്വത്തിലുള്ള കാളക്കൂറ്റന്മാർ പുലർച്ചെയാണ് ഓച്ചിറ ക്ഷേത്രസന്നിധിയിലേക്ക് എത്തിച്ചേർന്നത്. കെട്ടുത്സവത്തിന്റെ പിറ്റേദിവസം നന്ദികേശന്മാരെ ഒരുമിച്ച് കാണുന്നതിനായി പടനിലത്തെ 22 ഏക്കറിലധികം വരുന്ന സ്ഥലത്ത് നിരനിരയായി നിരത്തി നിർത്തി. മാമ്പ്രകന്നേൽ കെട്ടുത്സവ സമിതിയുടെ പടുകൂറ്റൻ കെട്ടുകാഴ്‌ച ‘ഓണാട്ടുകതിരവൻ’, ഞക്കനാൽ പടിഞ്ഞാറേക്കരയുടെ ‘കാലഭൈരവൻ’, കൊറ്റമ്പള്ളി കരയുടെ ‘തിരുമുഖവേടൻ,’ മേമന യുവജനസമിതിയുടെ ‘ഓച്ചിറ ഒന്നാമൻ’ തുടങ്ങിയ വലിയ കാളക്കൂറ്റന്മാരെ പടനിലത്തിന്റെ കിഴക്ക് തെക്കുഭാഗത്തായി പ്രത്യേകം അണിനിരത്തി. മറ്റുള്ളവ ഗോപുരനട മുതൽ പടിഞ്ഞാറോട്ട് നിരനിരയായി എട്ടുകണ്ടത്തിനു ചുറ്റും ഉൾപ്പെടെ നിരത്തിയിരിക്കുകയാണ്. ഓരോ കാളകെട്ട് സമിതിയുടെയും പ്രത്യേക വാദ്യരൂപങ്ങളും കലാപരിപാടികളും ഉൾപ്പെടെ ബുധനാഴ്ച വൈകിട്ടോടെ അതത് കാളമൂട്ടിൽ അരങ്ങേറി. വ്യാഴാഴ്‌ച കൂടി ഈ കാഴ്ചകൾ കാണാനാകും. പിന്നീട് നന്ദികേശന്മാരുടെ അലങ്കാരങ്ങളും കച്ചിയും ചട്ടങ്ങളും അഴിച്ച് കാളകെട്ട് സമിതികൾ തിരികെ കൊണ്ടുപോകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..