26 April Friday

കലക്ടറേറ്റ് വളപ്പിലെ സ്ഫോടനം: 
പ്രതികളുടെ റിമാൻഡ്‌ നീട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

കൊല്ലം കലക്ടറേറ്റ്‌ ബോംബ്‌ സ്‌ഫോടനക്കേസിലെ പ്രതികളെ കൊല്ലത്ത് കോടതിയിൽ ഹാജരാക്കിയശേഷം 
ജയിലിലേക്കു കൊണ്ടുപോകുന്നു

കൊല്ലം  
കൊല്ലം കലക്ടറേറ്റ് വളപ്പിൽ ബോംബ് സ്ഫോടനം നടത്തിയ കേസിലെ പ്രതികളായ തമിഴ്നാട്ടിലെ ബേസ് മൂവ്മെന്റ് പ്രവർത്തകരുടെ റിമാൻഡ് നീട്ടി. കർണാടക പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന മധുര സ്വദേശികളായ അബ്ബാസ് അലി(32), ഷാംസൻ കരീംരാജ (27), ദാവൂദ് സുലൈമാൻ (27), ഷംസുദീൻ (28)എന്നിവരുടെ റിമാൻഡാണ് പ്രിൻസിപ്പൽ സെഷൻസ് പ്രത്യേക കോടതി നീട്ടിയത്. അഗ്രഹാര ജയിലിൽനിന്ന് അതീവ സുരക്ഷയിൽ കൊല്ലത്ത് എത്തിച്ച  പ്രതികളെ കോടതി നടപടി പൂർത്തിയാക്കി തിരികെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി.
2016 ജൂൺ 15നാണ് കലക്ടറേറ്റ് വളപ്പിലെ ജീപ്പിൽ ബോംബ്‌ സ്‌ഫോടനം നടന്നത്‌. പ്രതികൾക്കെതിരെ യുഎപിഎ,  ക്രിമിനൽ ഗൂഢാലോചന,  കൊലപാതക ശ്രമം, സ്ഫോടകവസ്തു നിയമം എന്നീ വകുപ്പുകൾ ചേർത്താണ്‌ കേസെടുത്തിരിക്കുന്നത്‌. യുഎപിഎ ചുമത്തിയതിനാലാണ് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. നാലാംപ്രതിയുടെ ജാമ്യാപേക്ഷ 30ന് പരിഗണിക്കും. കേസ് എൻഐഎ കോടതിയിലേക്കു കൈമാറാൻ കഴിയുമോയെന്ന്‌ കോടതി ചോദിച്ചു. പ്രതികൾക്കെതിരെയുള്ള മറ്റ് കേസുകളുടെ വിവരം തേടിയശേഷം ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.
 
സ്ഫോടനം നടത്തിയത് അഞ്ചിടത്ത്‌ 
മലപ്പുറം കലക്ടറേറ്റ്, നെല്ലൂർ, ചിറ്റൂർ, മൈസൂർ എന്നിവിടങ്ങളിലും സംഘം സ്‌ഫോടനം നടത്തിയിരുന്നു. നെല്ലൂർ സ്ഫോടനത്തിന്റെ അന്വേഷണത്തിനിടെ നാല് പ്രതികളെയും അറസ്റ്റ് ചെയ്ത് എൻഐഎ നടത്തിയ ചോദ്യംചെയ്യലിലാണ് കൊല്ലം, മലപ്പുറം സ്ഫോടനങ്ങളുടെ ചുരുളഴിഞ്ഞത്.  
സംഭവത്തിന്‌ ഒരാഴ്ച മുമ്പ് കരിംരാജ കൊല്ലത്തെത്തിയിരുന്നു. കലക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈലിൽ പകർത്തി. ഇതുമായി മധുരയിലെത്തി മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തി. സ്ഫോടനം നടന്ന ദിവസം തെങ്കാശിയിൽനിന്ന് രാവിലെ കെഎസ്ആർടിസി ബസിലാണ്‌ കരിംരാജ  ബോംബുമായി കൊല്ലത്തെത്തിയത്. കലക്ടറേറ്റ് വളപ്പിലെ ജീപ്പിൽ ബോംബ് വച്ചത്‌ ഇയാളാണെന്നാണ് അന്വേഷണ റിപ്പോർട്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top