26 April Friday

കൊട്ടിയത്ത് റോഡ് റോളറിനടിയിൽ കുടുങ്ങി പതിനഞ്ചുകാരന് ​ഗുരുതര പരിക്ക്

സ്വന്തം ലേഖകൻUpdated: Sunday May 28, 2023

റോഡ് റോളറിനടിയിൽ കുടുങ്ങിയ ജയദേവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു

കൊട്ടിയം/ കൊല്ലം> നിയന്ത്രണംവിട്ട റോഡ് റോളറിന്റെ മുൻചക്രത്തിനടിയിൽ കുടുങ്ങി സൈക്കിളിൽ വരികയായിരുന്ന പതിനഞ്ചുകാരന് ​ഗുരുതരപരിക്കേറ്റു. ശനിയാഴ്ച രാവിലെ ഒമ്പതിന് കൊട്ടിയം
ഡീസന്റ് മുക്ക്- പുതുച്ചിറ റോഡിൽ വെട്ടിലത്താഴത്തെ ഇറക്കത്തിലായിരുന്നു അപകടം. വെട്ടിലത്താഴം ജ്യോതിസിൽ ജയകുമാറിന്റെയും ശ്രീദേവിയുടെയും മകൻ ജയദേവാണ്‌ അപകടത്തിൽപ്പെട്ടത്‌. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയദേവിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 
 
രാധാലയത്തിൽ സുനിൽകുമാറിന്റെ വീടിന്റെ മുൻവശത്തെ ചുറ്റുമതിലും ഗേറ്റും വൈദ്യുതിത്തൂണും തകർത്ത ശേഷമാണ്  റോളര്‍ സൈക്കിളിലേക്ക് ഇടിച്ചുകയറി നിന്നത്. റോളറിന്റെ  മുൻവശത്തെ ചക്രത്തിനടിയിൽ  കുടുങ്ങിപ്പോയ ജയദേവിനെ അഗ്നിരക്ഷാസേനയും  നാട്ടുകാരും ചേർന്ന് ക്രെയിനിന്റെയും മണ്ണുമാന്തിയന്ത്രത്തിന്റെയും സഹായത്തോടെ അരമണിക്കൂറിലധികം സമയമെടുത്താണ് പുറത്തെടുത്തത്. നിയന്ത്രംവിട്ട റോഡ് റോളറിൽനിന്ന് ചാടിയ ഡ്രൈവറുടെ സഹായി പേരൂർ സ്വദേശി ശിവന്റെ ​ശരീരത്തേക്ക് മതിലിടിഞ്ഞു വീണ് പരിക്കേറ്റു. റോഡ് റോളറിന്റെ ഡ്രൈവര്‍ മൈലക്കാട് സ്വദേശി സന്തോഷ്  പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓയൂർ സ്വദേശിയായ  കരാറുകാരന്റെ ഉടമസ്ഥതയിലുള്ള റോഡ് റോളർ പുതുച്ചിറയിലെ സ്വകാര്യ സ്കൂളിലെ ജോലികൾക്കു ശേഷം മടങ്ങവെയായിരുന്നു അപകടം.  
 
വീട്ടിൽനിന്ന് വെട്ടിലത്താഴത്തേക്ക്‌ അരിയും ഗോതമ്പും പൊടിപ്പിക്കാൻ പോകുകയായിരുന്നു ജയദേവ്‌. റോളർ വരുന്നതു കണ്ട് സൈക്കിളിൽനിന്ന് ഇറങ്ങി മാറാൻ ശ്രമിച്ചെങ്കിലും അടിയിൽപ്പെടുകയായിരുന്നു. ജയദേവിന്റെ കാലിന് ഉൾപ്പെടെ ​ഗുരുതര പരിക്കുണ്ട്.  വൈദ്യുതി തൂണിൽ ഇടിച്ചില്ലായിരുന്നെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനിടെ പൊലീസിന്റെ അനുവാദമില്ലാതെ റോഡ് റോളർ എടുത്തുകൊണ്ടു പോകാനുള്ള ഡ്രൈവറുടെ ശ്രമം നാട്ടുകാർ  തടഞ്ഞു. എന്നാൽ, ഗതാഗത തടസ്സമില്ലാത്ത സ്ഥലത്തേക്ക് റോളർ മാറ്റിയിടാനാണ് ശ്രമിച്ചതെന്ന് ഡ്രൈവർ പറഞ്ഞു. കൊട്ടിയം പൊലീസ്‌ കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top