28 March Thursday

റെയിൽവേ ടിക്കറ്റ്‌ കൗണ്ടറിൽ കമീഷൻ ഏജന്റുമാർ

എം അനിൽUpdated: Sunday May 28, 2023
കൊല്ലം
സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി കൂടുതൽ റെയിൽവേ സ്‌റ്റേഷനുകളിൽ ടിക്കറ്റ്‌ വിൽപ്പന കമീഷൻ വ്യവസ്ഥയിലാക്കി. ഇടത്തരം സ്‌റ്റേഷനുകളിൽ ടിക്കറ്റ്‌ കൗണ്ടറുകൾ സ്വകാര്യവൽക്കരിക്കാൻ റെയിൽവേ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും പലയിടത്തും നടപ്പായിരുന്നില്ല. 
ഇപ്പോൾ മധുര ഡിവിഷനിൽപ്പെട്ട കൊല്ലം –- ചെങ്കോട്ട പാതയിലെ കൊട്ടാരക്കര, രാജപാളയം, ശങ്കരൻകോവിൽ, കടയന്നൂർ തുടങ്ങിയ സ്‌റ്റേഷനുകളിലാണ്‌ ടിക്കറ്റ്‌ വിൽപ്പന സ്വകാര്യവൽക്കരിച്ചിട്ടുള്ളത്‌. ഇതോടെ സ്‌റ്റേഷനുകളിൽ ഉണ്ടായിരുന്ന യുടിഎസ്‌ കൗണ്ടറിന്‌ (അൺ റിസർവ്‌ഡ്‌ ടിക്കറ്റിങ്‌ സിസ്റ്റം) പകരം എസ്‌ടിബിഎസ്‌ (സ്‌റ്റേഷൻ ടിക്കറ്റ്‌ ബുക്കിങ്‌ ഏജന്റ്‌) കൗണ്ടർ നിലവിൽ വന്നു. 
പുനലൂരിൽ ടിക്കറ്റ്‌ കൗണ്ടർ കമീഷൻ വ്യവസ്ഥയിലാക്കാൻ പരസ്യംനൽകിയിട്ടുണ്ട്‌. 20,000 രൂപവരെ 25 ശതമാനം കമീഷനും 20,001 മുതൽ ഒരു ലക്ഷം രൂപവരെ പതിനഞ്ച്‌ ശതമാനം കമീഷനുമാണ്‌ ഏജൻസിക്ക്‌ നൽകുന്നത്‌. ഒരു ലക്ഷത്തിനു മുകളിൽ ഏറ്റവും കുറച്ച്‌ കമീഷൻ എഴുതിക്കൊടുക്കുന്ന കരാറുകാരനാണ്‌ ഏജൻസി നൽകുന്നത്‌. ഏജന്റിന്റെ വിദ്യാഭ്യാസ യോഗ്യത പ്ലസ്‌ ടു ആണ്‌. 25000 രൂപ ഡിപ്പോസിറ്റും നൽകണം. സ്വകാര്യവൽക്കരണം നടപ്പായ സ്‌റ്റേഷനുകളിൽ ടിക്കറ്റ്‌ കൗണ്ടറും കംപ്യൂട്ടർ ഉൾപ്പെടെ സൗകര്യങ്ങളും  കരാറുകാർക്ക്‌ വിട്ടുകൊടുത്തിട്ടുണ്ട്‌. 
യാത്രക്കാരുടെ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും വ്യക്‌തമായ മറുപടി നൽകാൻ കൗണ്ടറിലുള്ള പുതിയ ജീവനക്കാർക്ക്‌ കഴിയുന്നില്ല. റെയിൽവേ സ്റ്റാഫുകൾക്ക്‌ കൃത്യമായ പരിശീലനം ലഭിച്ചിരുന്നു. തിരുവനന്തപുരം ഡിവിഷനിലെ കൊല്ലം ഉൾപ്പെടെയുള്ള മേജർ സ്‌റ്റേഷനുകളിലും ടിക്കറ്റ്‌ വിൽപ്പന വൈകാതെ സ്വകാര്യവൽക്കരിക്കപ്പെടും. 
റിസർവേഷനും ഭാവിയിൽ കമീഷൻ വ്യവസ്ഥയിലാകുമെന്ന്‌ ആശങ്കയുണ്ട്‌. ആലപ്പുഴ ലൈനിൽ മാരാരിക്കുളം സ്‌റ്റേഷനിൽ ഉൾപ്പെടെ ടിക്കറ്റ്‌ കൗണ്ടറിൽ കമീഷൻ ഏജന്റുമാരാണുള്ളത്‌. സ്‌റ്റേഷൻ മാസ്‌റ്റർ ഇല്ലാത്ത ഹാൾട്ട്‌ സ്‌റ്റേഷനുകളുടെ എണ്ണവും ഏറുകയാണ്‌. അവിടങ്ങളിൽ ടിക്കറ്റ്‌ വിൽക്കാനുള്ള കരാറുകാരൻ മാത്രമാണ്‌ ഉള്ളത്‌. 
കൊല്ലം–-എറണാകുളം ലൈനിൽ മൺറോതുരുത്ത്‌, കൊല്ലം–- ചെങ്കോട്ട ലൈനിൽ കുണ്ടറ ഈസ്‌റ്റ്‌, ചന്ദനത്തോപ്പ്‌, കുര തുടങ്ങിയ ഹാൾട്ട്‌ സ്‌റ്റേഷനുകളിലും ഏജൻസികളാണ്‌ ടിക്കറ്റ്‌ വിൽപ്പന നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top