25 April Thursday

സ്‌കൂള്‍ തുറക്കല്‍: 
മുന്‍കരുതല്‍ ശക്തമാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
കൊല്ലം
പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ മുൻകരുതലുകൾ ശക്തമാക്കണമെന്ന് കലക്ടർ അഫ്‌സാന പർവീണിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു. വിദ്യാർഥികളുടെ സുരക്ഷ, ഗതാഗതം തുടങ്ങിയ വിഷയങ്ങൾ ഗൗരവമായി കണക്കിലെടുത്ത് ആവശ്യമായ പൊലീസ് പട്രോളിങ്, പരിശോധനകൾ, റോഡ് സുരക്ഷ എന്നിവ ഉറപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിന് പ്രത്യേക പട്രോളിങ് സംവിധാനം സജ്ജമാക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. തിരക്കുള്ള ജങ്ഷനുകളിൽ റോഡ് മുറിച്ചുകടക്കൽ, തിരക്ക് നിയന്തിക്കൽ തുടങ്ങിയവയ്ക്ക് ഹോം ഗാർഡ് സംവിധാനം ഏർപ്പെടുത്തുന്നത് പരി​ഗണിക്കണമെന്ന് പി എസ് സുപാൽ എംഎൽഎ പറഞ്ഞു. നിരന്തര പരിശോധനയും ബോധവല്‍ക്കരണവും നടത്തണം. തെന്മലയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ കാലവർഷം കണക്കിലെടുത്ത് അഗ്നിരക്ഷായൂണിറ്റ് സംവിധാനം താല്‍ക്കാലികമായി ക്രമീകരണമെന്നും ഇവിടെ സ്ഥിരം യൂണിറ്റ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 
       ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പുകൾ പൊട്ടുന്നത് പതിവാകുന്ന സാഹചര്യത്തിൽ പ്രവൃത്തിയുടെ മേൽനോട്ടം വഹിക്കുന്നതിന് ഉദ്യോസ്ഥനെ നിയോഗിക്കണമെന്ന് ജി എസ് ജയലാൽ എംഎൽഎ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചവർക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകണമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ ആവശ്യപ്പെട്ടു. കൃഷിനാശം ഉണ്ടായ മേഖലകൾ സന്ദർശിക്കാത്ത കൃഷി ഓഫീസർമാർക്കെതിരെ കർശന നടപടിയെടുക്കണം. മൺറോതുരുത്തിൽ എത്തിച്ച ട്രാൻസ്ഫോർമർ ഉടനെ സ്ഥാപിക്കാനും നിർദേശിച്ചു. 
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കെ ബി ​ഗണേഷ് കുമാർ എംഎൽഎയുടെ  പ്രതിനിധി, എംപിമാരായ എൻകെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പ്രതിനിധികൾ, എഡിഎം ആർ ബീനാറാണി, ജില്ലാ പ്ലാനിങ് ഓഫീസർ പി ജെ ആമിന, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top