26 April Friday

വരുന്നൂ ജൈവവൈവിധ്യ ടൂറിസം സർക്യൂട്ട്

സ്വന്തം ലേഖകൻUpdated: Tuesday Mar 28, 2023
കൊല്ലം
കടലും കായലും മലകളും നിറഞ്ഞ കൊല്ലത്തെ ടൂറിസം ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ജൈവവൈവിധ്യ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ആ​ദ്യഘട്ടം ഉടൻ ആരംഭിക്കും. വിശദമായ പദ്ധതിരേഖ തയ്യാറാക്കി ഭരണാനുമതിക്കായി കെടിഐഎൽ ധനവകുപ്പിന് കൈമാറി. ആദ്യഘട്ടത്തിന് 12.9 കോടി രൂപയാണ് കണക്കാക്കുന്നത്.  നിർമാണ പ്രവർത്തനങ്ങൾ അതിവേ​ഗം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടികളിലേക്കു കടക്കും. യുദ്ധകാലടിസ്ഥാനത്തിൽ പ്രവൃത്തി  തുടങ്ങി അടുത്ത ഒരു വർഷത്തിനുള്ളിൽ  ആ​ദ്യഘട്ടം പൂർത്തിയാക്കും. 
തെന്മല മുതൽ 
അഷ്ടമുടി വരെ
ജില്ലയുടെ ടൂറിസം കുതിപ്പിൽ നിർണായകമാകുന്ന പദ്ധതി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ ധനമന്ത്രി കെ എൻ ബാല​ഗോപാലാണ് പ്രഖ്യാപിച്ചത്.  തെന്മല മുതൽ അഷ്ടമുടിക്കായൽ വരെ വരുന്ന ഭൂപ്രദേശങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾക്ക് കൊല്ലത്തിന്റെ പരിച്ഛേദം അനുഭവപ്പെടുന്ന രീതിയിലാണ് സർക്യൂട്ട് രൂപകൽപ്പന ചെയ്തത്.  
അഷ്ടമുടിക്കായൽ, മൺറോതുരുത്ത്, മീൻപിടിപ്പാറ (കൊട്ടാരക്കര), മരുതിമല (മുട്ടറ), മലമേൽപാറ (ഇടമുളയ്‌ക്കൽ), ജടായുപ്പാറ (ചടയമം​ഗലം), തെന്മല, അച്ചൻകോവിൽ, ശെന്തുരുണി വന്യജീവിസങ്കേതം, കുളത്തൂപ്പുഴ സഞ്ജീവനി വനം എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ടൂറിസം സർക്യൂട്ട് വരുന്നത്. ഇവിടെ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി വിനോദസഞ്ചാര സൗഹൃദമാക്കും. അഷ്ടമുടിയാണ് സർക്യൂട്ടിന്റെ പ്രവേശന കവാടമെന്ന നിലയിൽ പരി​ഗണിക്കുന്നത്.
 അഷ്ടമുടി നേച്ചർ 
ഇന്റർപ്രട്ടേഷൻ സെന്റർ
ആദ്യഘട്ടത്തിൽ അഷ്ടമുടിക്കായൽ എന്ന റാംസർ സൈറ്റിന്റെയും അതുമായി ബന്ധപ്പെട്ട ജൈവവൈവിധ്യത്തിന്റെയും പ്രത്യേകതകൾ മനസ്സിലാക്കാൻ സഹായിക്കുന്ന  നേച്ചർ ഇന്റർപ്രട്ടേഷൻ സെന്റർ സ്ഥാപിക്കും. വാച്ച് ടവറും കഫറ്റീരിയ, മൊമന്റോഷോപ്പും സ്ഥാപിക്കും. മുട്ടറ മരുതിമല സാഹസിക കായിക വിനോദങ്ങളുടെ കേന്ദ്രമാകും. രണ്ടാംഘട്ടത്തിൽ തെന്മലയിൽ കാരവൻ സ്റ്റേഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ വരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top