29 March Friday

പുതിയ തേയില നിയമം 
തോട്ടംതൊഴിലാളികളെ വഴിയാധാരമാക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022
കൊല്ലം 
കേന്ദ്രസർക്കാർ നടപ്പാക്കുന്ന പുതിയ തേയില നിയമം തോട്ടംമേഖലയിലെ തൊഴിലാളികളെ വഴിയാധാരമാക്കുമെന്ന് പ്ലാന്റേഷൻ യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി അഭി പ്രായപ്പെട്ടു. 
പഠനം നടത്താതെയും തോട്ടം തൊഴിലാളികൾ, കർഷകർ, ട്രേഡ് യൂണിയൻ സംഘടനകൾ എന്നിവരുമായി ചർച്ചചെയ്യാതെയാണ്‌ നിയമം നടപ്പാക്കുന്നത്‌. 1953ലെ ടീ ആക്ടിന് പകരമായാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം 2022 കരട് തേയില (വികസനവും പ്രോത്സാഹനവും) ബിൽ അവതരിപ്പിച്ചത്. കഴിഞ്ഞ 10ന് കരട് അവതരിപ്പിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും നൽകാൻ 11 ദിവസം മാത്രമാണ് അനുവദിച്ചത്. തേയിലത്തോട്ടങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും ട്രേഡ് യൂണിയൻ സംഘടനകളുടെയും അവകാശങ്ങളെ സംബന്ധിച്ച് തേയില ബിൽ 2022 പൂർണമായും നിശബ്ദമാണ്. ജില്ലയിലെ അമ്പനാട്, ആര്യങ്കാവ്, അച്ചൻകോവിൽ മേഖലകളിലായി എണ്ണൂറോളം തൊഴിലാളികളാണ് തോട്ടം മേഖലയിൽ പണിയെടുക്കുന്നത്. 
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തോട്ടം ആവശ്യത്തിന് മാത്രം ഉപയോഗിക്കേണ്ട തേയിലത്തോട്ടങ്ങൾ വാണിജ്യ ആവശ്യത്തിന് വകമാറ്റുന്നതിന്‌ ഇടയാക്കും. റബർ ബോർഡ് തകർത്തതുപോലെ തോട്ടം മേഖലയെയും ടീ ബോർഡിനെയും അപ്രസക്തമാക്കുന്നതിന് നിയമഭേദഗതി കാരണമാകും.
തേയില ബിൽ തോട്ടം മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കൂടാതെ എസ്റ്റേറ്റുകൾ, മരങ്ങൾ, കാടുകൾ, ജലാശയങ്ങൾ എന്നിവ ഉൾപ്പെടെ വളരെ പ്രതികൂലമായി ബാധിക്കുന്നതാണ്. നിയമത്തിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തൊഴിലാളികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്ലാന്റേഷൻ യൂണിയൻ (സിഐടിയു) ജില്ലാ ജനറൽ സെക്രട്ടറി എസ് ജയമോഹൻ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top