കൊല്ലം
റാട്ടും പിരിപ്പും തല്ലും കുരുക്കും കെട്ടുമൊക്കെയായി സജീവമായിരുന്നു ഒരുകാലത്ത് കൊല്ലത്തിന്റെ കായലോരങ്ങൾ. റാട്ടിന്റെയും തൊണ്ട് തല്ലിന്റെയും താളങ്ങളിലായിരുന്നു കായലോളങ്ങൾ. കേരളത്തിന്റെ സംസ്‌കാരവും ചരിത്രവുമായി ഇഴചേർന്നു കിടക്കുകയാണ് കൊല്ലത്തെ സുവർണനാരിൽനിന്ന് കയറിലേക്കുള്ള മാറ്റത്തിന്റെ കഥ. ജനങ്ങളുടെ ജീവിതനിലവാരത്തെ കയർ എത്രമാത്രമായിരുന്നു സ്വാധീനിച്ചിരുന്നത് എന്നത് ‘ചവറ, പന്മന, തേവലക്കര ചകിരികൊണ്ട് പിഴയ്‌ക്കണം’ എന്ന ചൊല്ലിൽ വ്യക്തം. അഷ്ടമുടിക്കായലിന്റെ ആഴവും പരപ്പിനുമൊപ്പം കയർപിരി തൊഴിലാളികളുടെ അധ്വാനശക്തിയും റാട്ടുകളുടെ സംഗീതവും നിറഞ്ഞുനിൽക്കുന്ന തിരുനെല്ലൂർ കരുണാകരന്റെ ‘റാണി’ വരച്ചുകാട്ടുന്നത് അഷ്ടമുടിക്കായലും അതിനെചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളേയുമാണ്. ചങ്ങമ്പുഴയുടെ ‘രമണ’നുശേഷം മലയാളികൾ നെഞ്ചോട് ചേർത്തുവച്ച കാവ്യം കൂടിയാണ് ‘റാണി’.
കാഞ്ഞാവെളിയും
അഞ്ചാലുംമൂടും
കയർ
കമ്പോളങ്ങൾ
കാഞ്ഞാവെളിയും അഞ്ചാലുംമൂടുമായിരുന്നു അന്നത്തെ പ്രധാന കയർ കമ്പോളങ്ങൾ, മങ്ങാട്, കണ്ടച്ചിറ, ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, പ്രാക്കുളം, അഞ്ചാലുംമൂട്, പരവൂർ എന്നിവിടങ്ങൾ കയർ വ്യവസായ കേന്ദ്രങ്ങളും. ആലപ്പുഴ വഴിയായിരുന്നു ജപ്പാൻ, കൊറിയ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് വൻതോതിൽ കയർ കയറ്റിഅയച്ചിരുന്നത്. 1943ലാണ് കയർ കൈകൊണ്ട് പിരിക്കുന്ന രീതിക്ക് തുടക്കമായത്. കയർപിരി യന്ത്രമായ റാട്ടിന്റെ വരവിനുമുന്നേ കൈപ്പിരിയും കൈത്തോപ്പും ഉപയോഗിച്ചായിരുന്നു കയർ പിരിച്ചിരുന്നത്.
മങ്ങാടൻ കയർ
മങ്ങാടൻ കയർ വ്യാപാരമായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ മുഖ്യസ്രോതസ്സ്. പരമ്പരാഗത രീതിയിൽ മങ്ങാട് ഉൽപ്പാദിപ്പിച്ചിരുന്ന കയറാണ് മങ്ങാടൻ കയർ എന്ന് ലോക കമ്പോളത്തിൽ പിൽക്കാലത്ത് പ്രസിദ്ധമായത്. പരമ്പരാഗത വ്യവസായങ്ങളുടെ കേന്ദ്രമായിരുന്നു മങ്ങാട്. കയർ, കശുവണ്ടി, മത്സ്യം, കൈത്തറി തുടങ്ങിയവയുടെ ഈറ്റില്ലം. കൊല്ലം, കുണ്ടറ, അഞ്ചാലുംമൂട്, പ്രാക്കുളം, പെരിനാട് മേഖലകളിലായിരുന്നു മങ്ങാടൻ കയർ ഏറെയും ഉൽപ്പാദിപ്പിച്ചിരുന്നത്.
അഷ്ടമുടിക്കായലിന്റെ ശാഖയായ കണ്ടച്ചിറക്കായലിന്റെ വടക്കേയറ്റത്തെ തീരമാണ് മങ്ങാട്. കേരവൃക്ഷങ്ങൾ ചുറ്റും വളരുന്ന കായൽതീരം. തീരത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ കയർ നിർമാണ കേന്ദ്രങ്ങളായിരുന്നു. നൂറുകണക്കിന് തൊഴിലാളികളാണ് ഈ വ്യവസായമേഖലയിൽ പണിയെടുത്തിരുന്നത്. ഭൂരിഭാഗം പേരും സ്ത്രീകൾ. സാധാരണയായി കയറിന് 75 മുടിയാണുള്ളത്. എന്നാൽ, മങ്ങാടന് എൺപത്തിയഞ്ചര മുടിയുണ്ടാകും. ഗുണമേന്മ കൂടിയതും ബലമേറിയതുമാണ് പ്രത്യേകത. കെട്ടിനും, കയറ്റുപായക്കും ഉത്തമമായ കയർ. നേർത്ത ഇനങ്ങളായ വൈക്കം, അഞ്ചുതെങ്ങ് കയറുകളേക്കാൾ വിലക്കുറവുമുള്ളതിനാൽ ജനത്തിന് പ്രിയം മങ്ങാടനോടായിരുന്നു അന്നുമിന്നും. തൊഴിലാളികൾ വർധിച്ചതോടെ അവരുടെ ഉന്നമനം ലക്ഷ്യമിട്ട് 1954-ൽ മങ്ങാട് ശ്രീകുമാരപുരംക്ഷേത്രം വക ഷൺമുഖവിലാസം ഹാളിൽ ചേർന്ന യോഗം മങ്ങാട് കയർസംഘത്തിന്റെ രൂപീകരണത്തിന് നാന്ദികുറിച്ചു. 35–--ാം നമ്പരായി മങ്ങാട് കയർ ഉൽപ്പാദകരുടെ സഹകരണസംഘം രൂപീകരിച്ചു. ആദ്യ പ്രസിഡന്റ് വി ലക്ഷ്മണ തെന്നൂർ കാമനാടായിരുന്നു.
1972-ൽ കയർ പുനഃസംഘടനാ പദ്ധതി നിലവിൽ വന്നു. അന്ന് വ്യവസായ മന്ത്രി ടി വി തോമസായിരുന്നു. പുനഃസംഘടന അനുസരിച്ച് സംഘങ്ങളിൽ 93 ശതമാനം തൊഴിലാളികളും ഏഴു ശതമാനം അനുഭാവികളും ആയിരിക്കണം. തൊണ്ടിന്റെ ലഭ്യതക്കുറവു പരിഹരിക്കാൻ സർക്കാർ നേരിട്ടിറങ്ങി. അതനുസരിച്ച് തൊണ്ടു സംരംഭകർ അവർ ശേഖരിക്കുന്ന തൊണ്ടിന്റെ മൂന്നിലൊന്നു ഭാഗം സംഘത്തിന് കൊടുക്കണം. അതിനു സർക്കാർ നിശ്ചയിക്കുന്ന വില കൊടുക്കും. ഇത് തൊഴിലാളികൾക്കും സംഘത്തിനും ഗുണകരമായി. സംഘത്തിൽ ഇരുപത്തിയഞ്ചിലേറെ കയർപിരി റാട്ടും നൂറിൽപ്പരം തൊഴിലാളികളുമുണ്ടായി. 1982-ൽ സ്വന്തം കെട്ടിടവും. പിന്നീട് ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനും ഇവിടെ യാഥാർഥ്യമായി.
ഉയർത്തെഴുന്നേൽപ്പിന്റെ
പാതയിൽ
ഇടക്കാലത്ത് വ്യവസായത്തിനു മങ്ങലേറ്റെങ്കിലും എൽഡിഎഫ് സർക്കാരിന്റെ കരുതലിൽ ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. ചകിരിയിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നനിർമാണവുമായി കുതിക്കുകയാണ് മേഖല. ചകിരിനാര്, ചകിരിച്ചോർ എന്നിവയുപയോഗിച്ചു നിർമിക്കാവുന്ന അനേകം ഉല്‍പ്പന്നങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, കരകൗശല സാമഗ്രികൾ എന്നിവയും കടൽകടക്കുന്നതിനാൽ കൂടുതൽപേർ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. തൊഴിലാളികൾക്ക് ന്യായമായ കൂലി ലഭിക്കുന്നതും പുതുതലമുറയേയും ആകർഷിക്കുന്നു. പാരിസ്ഥിതിക ദോഷങ്ങൾ ഒന്നുമില്ലാത്ത, തീർത്തും ജൈവികമായ കയർഭൂവസ്ത്രം ഉപയോഗിച്ചു മണ്ണും തടാകങ്ങളും സംരക്ഷിക്കുന്നതിന് കേരള സർക്കാർ മുന്നിലുണ്ട്. എന്നാൽ, മേഖലയോട് പുറംതിരിഞ്ഞു നിൽക്കുകയാണ് കേന്ദ്രസർക്കാരും കയർബോർഡും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..