11 December Monday

പുസ്തകംവിറ്റ്‌ 
അച്ചടിയുടെ ഉടയോൻ

രാഹുല്‍ രാജ്Updated: Wednesday Sep 27, 2023

വിദ്യാഭിവർധിനി പ്രസ്

കൊല്ലം
കേരളത്തിലെ ആദ്യകാല അച്ചടിശാലകൾ സ്ഥാപിക്കപ്പെട്ട സ്ഥലങ്ങളിലൊന്നാണ്‌ കൊല്ലം. കൊല്ലത്തെ അച്ചടിയുടെ ചരിത്രത്തേക്കുറിച്ച് പഠിക്കുന്നവർക്ക്‌ ഒഴിച്ചുകൂടാനാകാത്ത പേരാണ്‌ എസ്‌ ടി റെഡ്യാരുടേത്‌. തിരുനെൽവേലി ജില്ലയിലെ സമൂഹരംഗപുരം എന്ന ചെറുഗ്രാമത്തിലെ നിർധന കുടുംബത്തിൽ 1855ലാണ് എസ് ടി റെഡ്യാരുടെ ജനനം. തമിഴിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. 17–-ാം വയസ്സിൽ നാടുവിട്ട് നാഗർകോവിലിലും തിരുവനന്തപുരത്തും ഒടുവിൽ കൊല്ലത്തുമെത്തി. തൊഴിലിനായി അലഞ്ഞ കൗമരക്കാരൻ ഒരു പുസ്തക കച്ചവടക്കാരനൊപ്പം കൂടി. അക്കാലത്ത് ഇവിടെ പുസ്തകങ്ങൾ വിരളമായിരുന്നു. ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയാകട്ടെ പരിതാപകരവും. പുസ്തകങ്ങൾ തലച്ചുമടായി വീടുകളിലെത്തിച്ച് വിൽപ്പന നടത്തി. തിരക്കിനിടയിൽ മലയാളം ഭാഷ പഠിക്കാനും റെഡ്യാർ സമയം കണ്ടെത്തി. ഉത്സവപ്പറമ്പുകളിലും വിപണനമേളകളിലും പുസ്തകക്കച്ചവടക്കാരനായ റെഡ്യാർ പതിവു കാഴ്ചയായിരുന്നു. 
വിദ്യാഭിവർധിനിയുടെ തുടക്കം
കച്ചവടത്തിൽനിന്ന് സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് 1886 ആഗസ്ത് എട്ടിന് എസ്‌ ടി റെഡ്യാർ വിദ്യാഭിവർധിനി എന്നൊരു ചവിട്ടച്ചുകൂടം സ്ഥാപിച്ചു. അച്ചടിയും പുസ്തക പ്രസിദ്ധീകരണമൊന്നും വികസിക്കാത്ത കാലമായിരുന്നു അത്. ഹരിനാമ കീർത്തനവും എഞ്ചുവടിയും പഞ്ചാംഗവുമായിരുന്നു ആദ്യത്തെ പ്രസിദ്ധീകരണങ്ങൾ. കർക്കടകത്തിൽ രാമായണവും മണ്ഡലകാലത്ത് ഭാഗവതവും അച്ചടിച്ച് കുറഞ്ഞ വിലയ്ക്ക് വിടുകളിൽ കൊണ്ടുനടന്ന് വിൽപ്പന നടത്തി. രാമായണത്തിന് എട്ടണയും ഭാഗവതത്തിന് അഞ്ചു രൂപയുമായിരുന്നു വില. 1912ൽ തുള്ളൽക്കഥകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. തുടർന്ന് ഇതിന്റെ രണ്ടാംഭാഗവും പുറത്തിറക്കി. പാശ്ചാത്യ നാടുകളിൽ വിലക്കുറവിൽ പുസ്തകങ്ങൾ പുറത്തിറങ്ങുന്നതിന് ഏറെ മുമ്പുതന്നെ കുറഞ്ഞവിലയ്ക്ക് റെഡ്യാർ പുസ്തകങ്ങൾ അച്ചടിച്ച് വിറ്റിരുന്നു. 
ശ്രീനാരായണ 
ഗുരുവിന്റെ കൃതിയും പ്രസിദ്ധീകരിച്ചു
ചുരുങ്ങിയ ജീവിതകാലത്തിനിടെ എസ് ടി റെഡ്യാർ മുദ്രണംചെയ്ത ഗ്രന്ഥങ്ങളുടെ പട്ടിക നീണ്ടതാണ്. ചെറുശേരിയുടെ കൃഷ്ണഗാഥ, എഴുത്തച്ഛന്റെ ആധ്യാത്മരാമായണം, ശ്രീമഹാഭാഗവതം, മഹാഭാരതം, കിളിപ്പാട്ടുകൾ, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പാട്ടുകൾ, 72 ദിവസത്തെ ആട്ടക്കഥകൾ തുടങ്ങിയവ അക്കൂട്ടത്തിൽപ്പെടും. നിയമഗ്രന്ഥങ്ങൾ അദ്ദേഹം വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളിൽ പുസ്തക വിതരണ കേന്ദ്രങ്ങൾ തുറന്നു. 
ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശക ശതകം ഉൾപ്പെടെയുള്ള പ്രധാന കൃതികൾ അച്ചടിച്ച് പ്രസിദ്ധീകരിച്ചതും റെഡ്യാരാണ്. ഗുരുവിന്റെ പ്രേരണയിൽ ‘വിദ്യാഭിവർധിനി' എന്നൊരു പത്രവും തുടങ്ങി. മൂലൂർ എസ് പത്മനാഭപ്പണിക്കരായിരുന്നു സ്ഥാപക പത്രാധിപർ. 1895ൽ റെഡ്യാർ കാശിയിലേക്ക് തീർഥാടനത്തിനുപോയി. തിരികെ വന്നശേഷം പ്രസും പ്രസിദ്ധീകരണ സ്ഥാപനങ്ങളും നടത്തുന്നതിന് ബന്ധുവായ മുത്തുസ്വാമി റെഡ്യാർ എന്നയാളെ ചുമതലപ്പെടുത്തി. 1915ൽ എസ് ടി റെഡ്യാർ അന്തരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
-----
-----
 Top