പറഞ്ഞു തുടങ്ങിയാൽ പറയേണ്ടി വരുന്നത് കുട്ടിക്കാലത്തെക്കുറിച്ചാണ്. ജന്മനാടും ബാല്യവുമൊക്കെ അത്രവേഗം ആർക്കും മറക്കാനാകില്ലല്ലോ. പരവൂരിലാണ് ഞാൻ ജനിച്ചത്. ജില്ലയുടെ തെക്കേയറ്റത്ത് സമുദ്രതീരം മുതൽ കിഴക്കോട്ട് വ്യാപിച്ചു കിടക്കുന്ന പ്രദേശം. കയറുപിരിക്കലായിരുന്നു അക്കാലത്ത് പരവൂരിലെ ജനങ്ങളുടെ പ്രധാന ഉപജീവനം. കായലിലെ തൊണ്ടുവാരലുകാരും കയറുപിരിക്കുന്നവരും കൂലിപ്പണിക്കാരും ബീഡിതെറുപ്പുകാരും കൃഷിപ്പണിക്കാരും ചെളികുത്തുകാരുമൊക്കെ ഉൾപ്പെട്ടിരുന്ന ഗ്രാമം.
മിക്കവാറും വീടുകളിലും ചെറിയ കയറുപിരി യൂണിറ്റുകൾ ഉണ്ടായിരുന്നു. സജീവമായിരുന്നു അക്കാലത്ത് പരവൂരിലെ പകലുകൾ. കയർ റാട്ടുകളുടെ സംഗീതം. പരസ്പരം സിഗ്നൽ നൽകാൻ തൊഴിലാളി സ്ത്രീകൾ പുറപ്പെടുവിക്കുന്ന കൂക്കുവിളികൾ, പൊട്ടിച്ചിരികൾ. ആകെക്കൂടി രസകരമായ അന്തരീക്ഷം. ഞങ്ങളുടെ വീടിന്റെ തെക്കുപടിഞ്ഞാറുഭാഗം കടലാണ്. കട്ടമരങ്ങളിലും ചെറുവള്ളങ്ങളിലും കടലിൽപോയി മീൻപിടിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളായിരുന്നു അവിടെ താമസിച്ചിരുന്നത്. കടൽക്കരയിൽനിന്ന് ഏതാണ്ട് അര കിലോമീറ്റർ അകലെ പൊട്ടിക്കഴികത്ത് മൂലയിലായിരുന്നു ഞാൻ ജനിച്ച പരവൂർ കോങ്ങാൽ സൂചിക്കഴികത്തുവീട്. പരവൂർ തോടിനും അറബിക്കടലിനും ഇടയിലായിരുന്നു ഞങ്ങളുടെ പൊട്ടിക്കഴികത്ത് മൂല. കടലും വീടും തമ്മിൽ കാൽനട ദൂരം കേവലം അഞ്ചുമിനിറ്റ്. കിഴക്കു ഭാഗത്തായി പരവൂർ തോട്. തിരുവനന്തപുരത്തുനിന്ന് തിരിച്ചും ചരക്കു കയറ്റിയ കെട്ടുവള്ളങ്ങൾ ഇതുവഴി പോകുന്നതും വരുന്നതും അക്കാലത്ത് നിത്യ കാഴ്ചയായിരുന്നു. തോട്ടിലെ ഓളങ്ങൾക്കൊപ്പം ഒഴുകിപ്പോകുന്ന കെട്ടുവള്ളങ്ങളിൽ എന്താണെന്ന് അറിയാൻ കുട്ടികളായ ഞങ്ങൾക്ക് കൗതുകമായിരുന്നു. എന്നാൽ, ഒരിക്കലും തുറക്കാത്ത നിധിപേടകങ്ങൾ പോലെ അവ ഞങ്ങളുടെ മുന്നിലൂടെ ഒഴുകി നടന്നു.
കൊല്ലം ശ്രീനാരായണ കോളേജിലായിരുന്നു എന്റെ ഇന്റർമീഡിയറ്റ് പഠനം. തിരുകൊച്ചി രാഷ്ട്രീയം ഇടതുപക്ഷത്തിന്, വിശിഷ്യാ കമ്യൂണിസ്റ്റ് പാർടിക്കനുകൂലമായി മാറിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. എസ്എൻ കോളേജിലും അതിന്റെ അലയൊലികൾ ഉണ്ടായി. വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കുകയായിരുന്നു അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ പരിപാടികളിലൊന്ന്. വിദ്യാർഥി സമൂഹം ഉണർന്നു. പിന്നെ സമരങ്ങളുടെ കൊടുങ്കാറ്റായിരുന്നു തിരുകൊച്ചിയിലാകെ കണ്ടത്.
സമരം നടത്തിയതിന് ഒ മാധവൻ ഉൾപ്പടെയുള്ളവരെ കോളേജിൽനിന്ന് പുറത്താക്കി. അവർ പിന്മാറിയില്ല. കോളജിനു പുറത്തുനിന്ന് അവർ സമരം നയിച്ചു. ഒ എൻ വിയും വെളിയം ഭാർഗവനും അക്കാലത്ത് ഡിഗ്രി വിദ്യാർഥികളായിരുന്നു. വി സാംബശിവൻ, എം എൻ കുറുപ്പ്, എ പി കളയ്ക്കാട്, കിളിമാനൂർ ശ്രീരഞ്ജനൻ എന്നിവർ ഇന്റർമീഡിയേറ്റ് വിദ്യാർഥികൾ.
നല്ല സാമൂഹികാവബോധവും രാഷ്ട്രീയ ധാരണയും ഉള്ളവരായിരുന്നു എസ്എൻ കോളേജിലെ ഭൂരിപക്ഷം വിദ്യാർഥികളും. ഒരു നേരത്തെ അന്നത്തിനും ന്യായമായ കൂലിക്കുംവേണ്ടി നടന്ന ശൂരനാട്ട് സമരത്തിൽ പങ്കെടുത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സമരത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു എന്റെ സഹപാഠിയായിരുന്ന എ പി കളയ്ക്കാട്. ഈ പ്രക്ഷോഭത്തെ കുറിച്ച് ക്ലാസിന്റെ ഇടവേളകളിൽ കളയ്ക്കാട് പങ്കുവയ്ക്കുന്ന ഓർമകൾ ഞങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. അങ്ങനെ ചുറ്റിലുമുള്ളവരുടെ സ്വാധീനത്താൽ എന്റെ മനസ്സും വിപ്ലവത്തിനായി പാകപ്പെടുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..