18 December Thursday

15000രൂപ കൈക്കൂലി വാങ്ങുന്നതിനിടെ 
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്‌ വിജിലൻസ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023

സുജിമോൻ

അഞ്ചൽ
പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. തിങ്കൾകരിക്കകം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുജിമോൻ സുധാകരനും ഏജന്റ് ഏരൂർ ആർച്ചൽ സ്വദേശി വിജയനുമാണ്‌ പിടിയിലായത്‌. ചൊവ്വ വൈകിട്ട്‌ 4.15നായിരുന്നു അറസ്റ്റിന്‌ ആധാരമായ സംഭവം. പരാതിക്കാരനിൽനിന്ന് കൈക്കൂലി വാങ്ങി ഏജന്റായ വിജയന് കൈമാറുകയായിരുന്നു. സുജിമോൻ വീട് നിർമിക്കുന്ന ഏരൂരിൽ വച്ചായിരുന്നു പണം കൈമാറിയത്‌. തിങ്കൾകരിക്കകം സ്വദേശി ഷാജിയാണ്‌  പരാതിക്കാരൻ. സഹോദരിയുടെ പേരിലുള്ള 30 സെന്റ് വസ്തുവിന്റെ പട്ടയം അനുവദിച്ചു കിട്ടുന്നതിന് കഴിഞ്ഞ ജനുവരിയിൽ പുനലൂർ താലൂക്കോഫീസിൽ അപേക്ഷ നൽകിയിരുന്നു. റിപ്പോർട്ട് ലഭിക്കുന്നതിനായി താലൂക്ക് ഓഫീസിൽനിന്ന് വില്ലേജ് ഓഫീസിലേക്ക് അയച്ച അപേക്ഷയിൽ മാസങ്ങളായി നടപടിയുണ്ടായില്ല. പലതവണ സമീപിച്ചെങ്കിലും പോക്കുവരവ്‌ രേഖ നൽകാൻ ഫീൽഡ് അസിസ്റ്റന്റ്‌ സുജിമോൻ തയ്യാറായില്ല. പകരം 15000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വിവരം വിജിലൻസ് കൊല്ലം യൂണിറ്റ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സജാദിനെ അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വിദ​ഗ്ധ നീക്കത്തിലൂടെ സുജിമോനെയും സഹായിയേയും അറസ്റ്റ്‌ ചെയ്യുകയായിരുന്നു. പ്രതികളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടർമാരായ ജോഷി, ജയകുമാർ, ബിജു, സീനിയര്‍ സിവിൽ പൊലീസ് ഓഫീസര്‍മാരായ ഷിബു സക്കറിയ, ഷാജി, സുനിൽകുമാര്‍, ദേവപാൽ, ​ഗോപൻ, അജീഷ്, സുരേഷ്‌, നവാസ്, സാ​ഗര്‍ എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായി. 
അഴിമതി അറിയിക്കാം
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ  1064,  8592900900 എന്ന നമ്പരിലോ 9447789100 എന്ന വാട്സാപ് നമ്പറിലോ അറിയിക്കാം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top