25 April Thursday

വിവരാവകാശ നിയമത്തിന്റെ 
പഴുതുകള്‍ ദുരുപയോഗം 
ചെയ്യുന്നു: കമീഷണര്‍

സ്വന്തം ലേഖകൻUpdated: Tuesday Sep 27, 2022
കൊല്ലം
വിവരാവകാശ നിയമത്തിന്റെ പഴുതുകൾ ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വർധിപ്പിക്കുന്ന പ്രവണത വർധിക്കുന്നതായി സംസ്ഥാന വിവരാവകാശ കമീഷണർ എ എ ഹക്കീം. കൃത്യതയില്ലാത്തതും അനാവശ്യവുമായ പരാതികൾ സമർപ്പിച്ച് ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂട്ടി അഴിമതി നിരോധനനിയമം ഉപയോഗിച്ചു മറ്റൊരു അഴിമതി നടത്തുകയാണ് ഇത്തരക്കാർ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിലാണ്‌ ഇക്കാര്യം കമീഷണർ പറഞ്ഞത്‌. ഭൂമി പുനർനിർണയവുമായി ബന്ധപ്പെട്ട് പടപ്പക്കര സ്വദേശി ഷാജി അലോഷ്യസിന്റെ അപേക്ഷയ്ക്ക് എൽആർ തഹസിൽദാർ നൽകിയ മറുപടി തൃപ്തികരമല്ലെന്നും അപേക്ഷ കൈകാര്യംചെയ്ത രീതിയിലും കമീഷൻ അതൃപ്തി രേഖപ്പെടുത്തി. വിഷയത്തിൽ ലാൻഡ് റവന്യൂ കമീഷണർ ഫയൽ പരിശോധിച്ചു നടപടി കൈക്കൊള്ളണം. ജില്ലയിലെ ഓട്ടോണമസ് കോളേജുമായി ബന്ധപ്പെട്ട് രജനി ജോസ് എന്ന അപേക്ഷകയ്‌ക്ക്‌ കൃത്യമായ മറുപടി നൽകാത്തതിനെ കമീഷൻ വിമർശിച്ചു. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി നിർദേശം നൽകി. കോളേജിലെ മിനിസ്റ്റീരിയൽ സ്റ്റാഫിനും വിവരാവകാശ നിയമം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും പ്രത്യേക പരിശീലനം നൽകണം. പരാതിയിൽ സ്വീകരിച്ച കുറ്റകരമായ അനാസ്ഥയ്ക്കെതിരെ നടപടി എടുക്കാതിരിക്കണമെങ്കിൽ പരാതിക്കാരിക്ക് കൃത്യമായ മറുപടി ഉടൻ നൽകണമെന്നും കമീഷൻ നിർദേശിച്ചു. മൈലം പഞ്ചായത്തിൽ ഫ്ളോർ മിൽ ലൈസൻസുമായി ബന്ധപ്പെട്ട് എം രാജേന്ദ്രൻ നൽകിയ അപേക്ഷയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും അരിപ്ര യുപിഎസിലെ ഒ വി ശ്രീദത്ത് നൽകിയ അപേക്ഷയിൽ നടപടി സ്വീകരിക്കാത്ത പബ്ലിക് റിലേഷൻ ഓഫീസറും കുറ്റക്കാരെന്ന് കണ്ടെത്തി.
കടയ്ക്കൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട അപേക്ഷകന്റെ പരാതി അടുത്തമാസം 15നകം തീർപ്പാക്കാമെന്ന് ബന്ധപ്പെട്ടവർ കമീഷനെ അറിയിച്ചു. മറ്റ് കേസുകളിൽ നിർദിഷ്ട തീയതിക്കകം ഉദ്യോഗസ്ഥർ പരാതികൾ തീർപ്പാക്കാനും കമീഷൻ നിർദേശിച്ചു. വിവരാവകാശ നിയമപ്രകാരം കൃത്യമായി മറുപടി നൽകാത്ത 17പരാതികളാണ് ഹിയറിങ്ങിൽ പരിഗണിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top