29 March Friday

കൺസ്യൂമർഫെഡിന്‌ കൊല്ലത്ത്‌ വ്യാപാരസമുച്ചയം വരുന്നു

സ്വന്തം ലേഖകൻUpdated: Monday Jun 27, 2022

കൺസ്യൂമർഫെഡിന്റെ വ്യാപാരസമുച്ചയം നിർമിക്കുന്ന കൊല്ലം പള്ളിത്തോട്ടത്തെ സ്ഥലം

കൊല്ലം
കൺസ്യൂമർഫെഡിന്റെ ഉടമസ്ഥതയിൽ കൊല്ലം പള്ളിത്തോട്ടത്തുള്ള 40 സെന്റിൽ ആധുനിക സൗകര്യങ്ങളോടെ  വ്യാപാരസമുച്ചയം വരുന്നു. അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്‌ട്രക്‌ചർ ഫണ്ട്‌ ബോർഡിന്റെ സഹായത്തോടെയുള്ള പദ്ധതിക്ക്‌ കൺസ്യൂമർഫെഡ്‌ ഡയറക്ടർ ബോർഡ്‌ അനുമതി നൽകി. കെട്ടിടം യാഥാർഥ്യമാകുന്നതോടെ വാടകയിനത്തിൽ പ്രതിമാസം നൽകേണ്ടിവരുന്ന 2.55 ലക്ഷം രൂപ ലാഭിക്കാനാകും. കൊല്ലം നഗരത്തിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൊല്ലം റീജ്യണൽ ഓഫീസ്, കൊല്ലം ഗോഡൗൺ, വെയർഹൗസിങ്‌ കോർപറേഷൻ ബിൽഡിങ്‌, കൊല്ലം മെഡിക്കൽ വെയർഹൗസ്, കോസ്‌മെറ്റിക്സ് ഗോഡൗൺ എന്നിവയ്‌ക്ക്‌ സ്വന്തം കെട്ടിടത്തിലേക്ക്‌ മാറാനാകും. 
കൊല്ലം റീജ്യണിൽ 
57 സ്ഥാപനം 
കൊല്ലം റീജ്യണിനു കീഴിൽ 57 സ്ഥാപനമാണ്‌ നിലവിൽ പ്രവർത്തിക്കുന്നത്‌. കൂടാതെ സർവീസ് സഹകരണ ബാങ്കുകൾ നേരിട്ട് നടത്തുന്ന 51 നീതി മെഡിക്കൽ സ്റ്റോറിന്‌ കൺസ്യൂമർഫെഡിന്റെ നീതി മെഡിക്കൽ വെയർഹൗസുകളിൽനിന്ന്‌ മരുന്നുകളും സ്ഥിരമായി 25 നീതി സ്റ്റോറിലേക്ക് കൺസ്യൂമർഫെഡ് ഗോഡൗൺ വഴി പലചരക്ക് സാധനങ്ങളും വിൽപ്പന നടത്തുന്നു. 
കോട്ടാത്തലയിൽ 
മൊബൈൽ ത്രിവേണി 
കൊട്ടാരക്കര കോട്ടാത്തലയിൽ പുതുതായി മൊബൈൽ ത്രിവേണി ആരംഭിക്കും. റാക്കുകൾ അടക്കം തയ്യാറാക്കി. - കൺസ്യൂമർഫെഡിന്റെ അധീനതയിൽ പ്രവർത്തിച്ചിരുന്ന ചാത്തന്നൂർ മെഡിക്കൽ സ്റ്റോർ കൂടുതൽ സൗകര്യങ്ങളുള്ള സ്ഥലത്തേക്കു മാറ്റി. ആറുമാസത്തിനിടെ അരമത്തുമഠത്തും പറമ്പിമുക്കിലും ത്രിവേണി തുടങ്ങി. ചവറ, പത്തനാപുരം മണ്ഡലങ്ങളിൽ നിലവിൽ മൊബൈൽ ത്രിവേണികളില്ല. ജീവനക്കാരെ നിയോഗിച്ചാലുടൻ ഇരവിപുരം മണ്ഡലത്തിലെ മൊബൈൽ ത്രിവേണി പ്രവർത്തിച്ചുതുടങ്ങും. 
പള്ളിത്തോട്ടം കൂടാതെ കുന്നത്തൂർ താലൂക്കിൽ ചക്കുവള്ളിക്കു സമീപം മയ്യത്തുംകരയിൽ 44.81 സെന്റ്‌ കൺസ്യൂമർഫെഡിന്‌ സ്വന്തമായുണ്ട്‌. ഇവിടെ നിലവിലുള്ള ഗോഡൗൺ ആധുനികവൽക്കരിക്കാനും പദ്ധതിയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top