20 April Saturday
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ

15 തദ്ദേശസ്ഥാപനം 
ഇനി വലിച്ചെറിയില്ല

സ്വന്തം ലേഖകൻUpdated: Saturday May 27, 2023
കൊല്ലം
നവകേരളം കർമപദ്ധതിയുടെ ഏകോപനത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 15 തദ്ദേശസ്ഥാപനം വലിച്ചെറിയൽ മുക്തമായി. കൊട്ടാരക്കര, പരവൂർ മുനിസിപ്പാലിറ്റികളും തെക്കുംഭാഗം, കുമ്മിൾ, ചിതറ, ഏരൂർ, അലയമൺ, കരീപ്ര, പടിഞ്ഞാറെ കല്ലട, കുന്നത്തൂർ, പെരിനാട്, മൺറോതുരുത്ത്, തൃക്കരുവ, വെളിനല്ലൂർ, പൂതക്കുളം പഞ്ചായത്തുകളുമാണ്‌ വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിച്ചത്‌. ജൂൺ അഞ്ചിനുമുമ്പ്‌ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിക്കാനാണ് നവകേരളം കർമപദ്ധതി ലക്ഷ്യമിടുന്നത്. 
ഒന്നാംഘട്ട പ്രവർത്തനം ജൂൺ അഞ്ചിനും രണ്ടാംഘട്ടം ഒക്ടോബർ 30നും മൂന്നാംഘട്ടം മാർച്ച് 31നുമാണ് പൂർത്തിയാക്കേണ്ടത്. ഒന്നാംഘട്ടത്തിൽ ഉറവിടത്തിൽ മാലിന്യം തരംതിരിക്കുകയും ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുകയും ചെയ്യും. എല്ലാത്തരം പാഴ് വസ്തുക്കളും വീടുകളിലും സ്ഥാപനങ്ങളിലുംനിന്ന് ഹരിതകർമസേന ശേഖരിച്ച് തരംതിരിച്ച് ശാസ്ത്രീയ സംസ്‌കരണത്തിനായി കൈമാറും. തദ്ദേശ വകുപ്പ്, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള മിഷൻ, കുടുംബശ്രീ, കില, കെഎസ്ഡബ്ലിയുഎംപി, പബ്ലിക് റിലേഷൻ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ.
പരിശീലനം ലഭിച്ച വിവിധ തലങ്ങളിലുള്ളവരെ ഒരു ടീമായി തദ്ദേശസ്ഥാപനങ്ങളിൽ വിന്യസിച്ച് പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ. പ്രവർത്തനം മോണിറ്റർ ചെയ്യാൻ ജില്ലയിൽ മന്ത്രിമാരുടെ അധ്യക്ഷതയിലും നിയോജക മണ്ഡലത്തിൽ എംഎൽഎമാരുടെ അധ്യക്ഷതയിലും സംഘാടകസമിതിയും രൂപീകരിച്ചിട്ടുണ്ട്. ബ്ലോക്ക് തലത്തിലും തദ്ദേശ സ്ഥാപനതലത്തിലും മോണിറ്റർ ചെയ്യുന്നു. ജൂൺ അഞ്ചിനു മുമ്പ്‌ ഒന്നാംഘട്ടം പൂർത്തിയാക്കി തദ്ദേശസ്ഥാപനം റിപ്പോർട്ട് അവതരിപ്പിക്കും. ജനങ്ങൾ സോഷ്യൽ ഓഡിറ്റ് നടത്തി കണ്ടെത്തുന്ന പോരായ്മകൾ രണ്ടാംഘട്ട പ്രവർത്തനത്തിൽ പരിഹരിക്കണം. ജില്ലയിൽ 34 തദ്ദേശസ്ഥാപനം ഖരമാലിന്യ പരിപാലനത്തിൽ സമ്പൂർണ ശുചിത്വ പദവി കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നവകേരളം കർമപദ്ധതി കോ–-ഓർഡിനേറ്റർ എസ് ഐസക് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top