20 April Saturday

മൺറോതുരുത്ത്‌– കണ്ണങ്കാട്ട് ജങ്കാർ സർവീസിന്‌ ഒരുലക്ഷം പിഴ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
കൊല്ലം
മൺറോതുരുത്ത്‌ കണ്ണങ്കാട്ട് കടവിനു സമീപം കല്ലടയാറ്റിനു കുറുകെ ലൈസൻസും രജിസ്‌ട്രേഷനുമില്ലാതെ സ്വകാര്യവ്യക്തി നടത്തിവന്ന ജങ്കാർ സർവീസിന് ഒരു ലക്ഷം രൂപ പിഴ. കല്ലടയാറ്റിൽ ഏറ്റവും ആഴമുള്ള ഭാഗത്ത് സുരക്ഷാ മാനദണ്ഡം പാലിക്കാതെയും ആവശ്യമായ രേഖകൾ ഇല്ലാതെയും ജങ്കാർ സർവീസ്‌ നടത്തിവന്നതിനെ സംബന്ധിച്ച്‌ ദേശാഭിമാനി റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ രണ്ടാഴ്‌ച മുമ്പ്‌ നടത്തിയ മിന്നൽ പരിശോധനയിൽ  രജിസ്‌ട്രേഷൻ, ലൈസൻസ്‌, ഫിറ്റ്‌നസ്‌ ഉൾപ്പെടെയുള്ള ഒരു സർട്ടിഫിക്കറ്റുമില്ലാതെയാണ്‌ സർവീസ്‌ നടത്തിയിരുന്നതെന്ന്‌ കണ്ടെത്തിയിരുന്നു. തുടർന്ന്‌ സ്‌റ്റോപ്പ്‌ മെമ്മോ നൽകി. ജങ്കാർ ഓടിച്ചിരുന്നയാൾക്ക്‌ ലൈസൻസ് ഇല്ലായിരുന്നെന്നും ഇയാൾക്ക്‌ ജങ്കാർ  ഓടിക്കുന്നതിന്‌ ഒരു പരിശീലനവും ലഭിച്ചിട്ടില്ലെന്നും  കണ്ടെത്തി. എൻജിൻ ക്യാബിൻ പോലും ജങ്കാറിൽ ഇല്ല. കീറിപ്പറിഞ്ഞ്‌ ഉപയോഗശൂന്യമായ  ലൈഫ്‌ജാക്കറ്റുകളാണ്‌ ഇതിലുള്ളത്‌.  യാത്രക്കാരിൽനിന്ന് തോന്നിയ നിലയിലാണ് നിരക്ക് ഈടാക്കിയിരുന്നത്. മൺറോതുരുത്ത്‌, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള സർവീസിൽ ദിനംപ്രതി വിദ്യാർഥികൾ അടക്കം നൂറുകണക്കിനു യാത്രക്കാരാണ്‌  സഞ്ചരിച്ചിരുന്നത്‌. സർവീസിന്‌ മൺറോതുരുത്ത് പഞ്ചായത്തുമായി കരാറും ഇല്ലായിരുന്നു.
ലൈസൻസില്ല, 
ശിക്കാര ബോട്ട്‌ പിടിയിൽ
മൺറോതുരുത്തിൽ ലൈസൻസില്ലാതെ സർവീസ്‌ നടത്തിയ ശിക്കാര ബോട്ട്‌ പൊലീസ്‌ പിടികൂടി. മൺറോതുരുത്ത്‌ കൺട്രാംകാണി ചിറയിൽ വീട്ടിൽ (ആര്യാ ഭവൻ)സുകുമാരന്റെ ഉടമസ്ഥതയിലുള്ള ‘ലേക്‌ സ്‌പോട്ട്‌’ബോട്ടാണ്‌ വെള്ളി പകൽ കിഴക്കേകല്ലട പൊലീസ്‌ പിടികൂടിയത്‌. ലൈസൻസ്‌, രജിസ്‌ട്രേഷൻ, എന്നിവയുടെ കാലാവധി കഴിഞ്ഞ രേഖകൾ ബോട്ടിൽനിന്ന്‌ പിടികൂടി. ലൈസൻസ്‌ ഇല്ലാതെ സർവീസ്‌  നടത്തുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. കഴിഞ്ഞയാഴ്‌ച കിഴക്കേകല്ലട പൊലീസ്‌ മൺറോതുരുത്തിൽ നടത്തിയ റെയ്‌ഡിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട്‌ വള്ളവും ഒരു ശിക്കാര ബോട്ടും പിടികൂടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top