20 April Saturday

പുരസ്‌കാരപ്രഭയിൽ ജില്ല

സ്വന്തം ലേഖകൻUpdated: Monday Mar 27, 2023
കൊല്ലം
ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരത്തിൽ തിളങ്ങി ജില്ല.  ആർദ്രം മിഷൻ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ മികവുറ്റ പ്രവർത്തനം കാഴ്‌ചവച്ച  തദ്ദേശ സ്ഥാപനങ്ങൾക്കാണ്‌ പുരസ്‌കാരം. 
തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പം, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയാണ്‌ പരിഗണിച്ചത്‌. പ്രതിരോധ കുത്തിവയ്‌പ്, വാർഡുതല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതന ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാർജനം തുടങ്ങിയവയും പുരസ്‌കാര നിർണയത്തിന്‌ ഘടകങ്ങളായി.
കോർപറേഷനുകളിൽ കൊല്ലവും മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളിയും സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം നേടി. അഞ്ചുലക്ഷം രൂപയാണ്‌ പുരസ്‌കാരത്തുക. ബ്ലോക്ക് പഞ്ചായത്തിൽ ശാസ്താംകോട്ടയ്‌ക്ക്‌ മൂന്നാംസ്ഥാനം ലഭിച്ചു. മൂന്നുലക്ഷം രൂപയാണ്‌ പുരസ്‌കാരത്തുക. ജില്ലാതലത്തിലുള്ള ഗ്രാമപഞ്ചായത്ത് അവാർഡുകളിൽ ഒന്നാംസ്ഥാനം കല്ലുവാതുക്കലിനും രണ്ടാംസ്ഥാനം ആലപ്പാടിനും മൂന്നാംസ്ഥാനം പടിഞ്ഞാറെ കല്ലടയും നേടി. യഥാക്രമം അഞ്ചുലക്ഷം, മൂന്നുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെയാണ്‌ പുരസ്‌കാരത്തുക.
 
കൊല്ലം കോർപറേഷന്‌ തിളക്കം
കൊല്ലം
ആരോഗ്യമേഖലയിലെ മികവുറ്റ പ്രവർത്തനത്തിന്‌ കൊല്ലം കോർപറേഷന് ആർദ്രം പുരസ്കാരം. ആരോഗ്യരംഗത്ത് നൂതന ആശയങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിയതിന്‌ സംസ്ഥാനത്ത്‌ രണ്ടാംസ്ഥാനമാണ് കോർപറേഷന്‌ ലഭിച്ചത്. വയോജനങ്ങൾ, കിടപ്പുരോഗികൾ, അതിദരിദ്രർ, ഭിന്നശേഷി കുട്ടികൾ എന്നിവർക്ക് കോർപറേഷൻ നൽകിയ ജാഗ്രതയും ജിവിതത്തിലേക്ക് വെളിച്ചം പകർന്ന പദ്ധതികളുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
മൂവായിരത്തിലധികം വയോജനങ്ങൾക്ക് കോർപറേഷൻ ബജറ്റിൽ തുക വകയിരുത്തി പോഷകാഹാര കിറ്റ് വിതരണംചെയ്‌തിരുന്നു. 55 ഡിവിഷനിലും കിടപ്പുരോഗികളെ പരിചരിക്കാൻ വിദഗ്‌ധ സംഘവും പ്രവർത്തിക്കുന്നു. അതിദരിദ്രരുടെ പട്ടികയിലുള്ളവർക്ക് മെഡിക്കൽ ക്യാമ്പും ചികിത്സാ സൗകര്യങ്ങളുമൊരുക്കി. കോർപറേഷനു കീഴിലുള്ള ഭൂമിക ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് നൽകുന്ന മികച്ച പരിചരണവും ആരോഗ്യ സേവനവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ആയുർവേദ ആശുപത്രികളിൽ യോഗ പരിശീലനം ഉൾപ്പെടെ നടപ്പാക്കി വെൽനസ് സെന്ററുകളായി ഉയർത്തി. ഹോമിയോ ആശുപത്രികളുടെയും പ്രവർത്തനം മികച്ച നിലയിലാക്കി. കോർപറേഷന് കീഴിലുള്ള പാലത്തറ, തൃക്കടവൂർ, ശക്തികുളങ്ങര സിഎച്ച്സികൾ, മുണ്ടക്കൽ അർബൻ പിഎച്ച്സി എന്നിവ നേരത്തേ സംസ്ഥാന സർക്കാരിന്റെ കായകൽപ്പം പുരസ്കാരം നേടിയിരുന്നു. ആശുപത്രികളുടെ മികവും പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടു. കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ പൂർത്തിയാക്കിയ ബയോമൈനിങ്ങും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും വഴി നഗരത്തെ രോഗവിമുക്തമാക്കാൻ കോർപറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകയായി മാറുകയാണ്. കഴിഞ്ഞ മൂന്നുവർഷം ആർദ്രം പുരസ്കാരത്തിൽ ഒന്നാംസ്ഥാനമാണ് കോർപറേഷനു ലഭിച്ചത്.
 
കരുനാ​ഗപ്പള്ളി മുനിസിപ്പാലിറ്റിക്ക്‌ രണ്ടാംസ്ഥാനം
കരുനാഗപ്പള്ളി
ആർദ്രകേരളം പുരസ്കാരത്തിൽ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിക്ക്‌ സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ ആരോഗ്യ രംഗത്തെ മികവ് കണക്കിലെടുത്താണ് പുരസ്കാരം. അതിഥിത്തൊഴിലാളികൾക്കായി കരുനാ​ഗപ്പള്ളി ​ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ലയിൽ ആദ്യമായി പ്രവർത്തനം ആരംഭിച്ച സിഎഫ്എൽടിസി,  ഗർഭിണികൾക്കും കുട്ടികൾക്കുമായി പ്രത്യേകം സജ്ജീകരിച്ച കോവിഡ് ആശുപത്രി, രോഗബാധിതരെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള വാഹനസൗകര്യം എന്നിവയും അവാർഡിന്‌ പരിഗണിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top