18 December Thursday

സൈലൻസറിലൂടെ പുകയെന്നു 
പറഞ്ഞെത്തി; മുളകുപൊടി 
വിതറി മാല കവർന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023
ശാസ്താംകോട്ട
കണ്ണിൽ മുളകുപൊടി വിതറി യുവതിയുടെ മാല കവർന്ന മോഷ്ടാക്കളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി (48), ഇടപ്പള്ളിക്കോട്ട നെറ്റിയാട്ട് തണ്ടളത്ത് വീട്ടിൽ സുഹൈൽ (45) എന്നിവരാണ് പിടിയിലായത്.ഞായർ പകൽ 11ന്‌ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു സമീപം കുറ്റിയിൽമുക്ക് റോഡിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശിയായ ബിന്ദു റെയിൽവേ സ്റ്റേഷനു സമീപമുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ആഞ്ഞിലിമൂട്ടിൽ പോയി സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ വന്ന ബിന്ദുവിനെ പ്രതികൾ പിന്തുടർന്നു. 
സ്കൂട്ടർ ഓടിച്ച് വലിയ പരിചയം ഇല്ലാത്ത ബിന്ദു ഇവർക്ക്‌ കയറിപ്പോകാൻ പല പ്രാവശ്യം വാഹനം ഒതുക്കിനൽകിയെങ്കിലും ഇവർ പിന്തുടർന്നു. തുടർന്ന്‌, സൈലൻസറിൽനിന്നു പുക വരുന്നതായി പറഞ്ഞ്‌ സഹായിക്കാനെന്ന വ്യാജേന ബിന്ദുവിന്റെ അടുത്തെത്തി. കണ്ണിൽ മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. 
പിന്നീട്‌ ഇവർ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് സ്‌കൂട്ടർ ഓടിച്ചുപോയി. ഈ സമയം ബിന്ദുവിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടി എത്തുകയും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലടക്കം പരിശോധന നടത്തുകയും ചെയ്തു. ഈ സമയം ടിക്കറ്റ് എടുക്കാനെന്ന വ്യാജേന നിൽക്കുന്ന പ്രതികളെ കണ്ടെത്തുകയായിരുന്നു. സ്കൂട്ടർ പരിശോധിച്ചപ്പോൾ പൊട്ടിച്ചെടുത്ത മാലയുടെ ഭാഗങ്ങളും മാറുന്നതിനുള്ള  വസ്ത്രങ്ങളും ലഭിച്ചു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച്‌ ശാസ്‌താംകോട്ട പൊലീസെത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top