18 September Thursday
വന്യമൃഗശല്യം

ഉറങ്ങാതെ മലയോരം

സ്വന്തംലേഖകൻUpdated: Monday Mar 27, 2023

പി എസ് സുപാൽ എംഎൽഎ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ അമ്പനാട് എസ്റ്റേറ്റിലെ തൊഴിലാളി 
സോപാൽരാജിന്റെ ഭാര്യ കനകമ്മയ്‌ക്ക്‌ വനംവകുപ്പിന്റെ ചികിത്സാസഹായം കൈമാറുന്നു

കൊല്ലം
കാട്ടാന ഉൾപ്പെടെയുള്ള വന്യമൃ​​ഗശല്യത്തിൽ പൊറുതിമുട്ടി മലയോര മേഖല. ജനവാസമേഖലയിലേക്ക്‌ ഇറങ്ങിയുള്ള ആക്രമണം പതിവായതോടെ ജനങ്ങൾ ഭീതിയിലാണ്. രണ്ടുവർഷത്തിനിടെ ജില്ലയിൽ നാല്‌ തൊഴിലാളികളാണ്‌ വന്യമൃ​ഗ ആക്രമണത്തിൽ​ കൊല്ലപ്പെട്ടത്‌. തോട്ടംതൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർക്ക്‌ ഗുരുതര പരിക്കേറ്റു. പലർക്കും നഷ്ടപരിഹാരം ഇതുവരെയും കിട്ടിയില്ല.
തെന്മല‍ ഡിഎഫ്ഒ പരിധിയിലുള്ള അമ്പനാട് എസ്റ്റേറ്റ്, ഹാരിസൺ മലയാളം, നാ​ഗമല എസ്റ്റേറ്റ് തുടങ്ങിയവിടങ്ങളിൽ മാത്രം പത്തിലേറെ തൊഴിലാളികളാണ് ​ആക്രമണത്തിനിരയായത്. നാ​ഗമല എസ്റ്റേറ്റ് ഡിവിഷനിൽ തുളസീധരനെ ആന ചവിട്ടിക്കൊന്നു. അമ്പനാട് ടി ആർ ആൻഡ് ടി അരണ്ടൽ ഡിവിഷനിലെ പ്ലംബിങ് തൊഴിലാളി സോപാൽ (44) ആക്രമിക്കപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 23നാണ്  സോപാലിനെ കാട്ടാന ആക്രമിച്ചത്. ആനയുടെ കുത്തേറ്റ്‌ വാരിയെല്ല്‌ തകർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിയിലാണ് സോപാൽ. ഇദ്ദേഹത്തെ കാട്ടാന തുമ്പിക്കൈകൊണ്ട്‌ ചുഴറ്റിയെറിയുകയായിരുന്നു. കമഴ്‌ന്നുവീണ ഇയാളുടെ വയറ്റിൽ കൊമ്പുകൊണ്ട്‌ കുത്തി. വാരിയെല്ലിന്റെ പിൻഭാഗത്തുനിന്ന് കൊമ്പ് ആഴ്‌ന്നിറങ്ങി മറുവശത്തെത്തി. ആറു ശസ്ത്രക്രിയ ഇതുവരെ നടത്തി. 
അമ്പനാട് എസ്റ്റേറ്റ് മിഡിൽ ഡിവിഷനിൽ ബൈക്കിൽ ടാപ്പിങ്ങിന് പോകവെ അന്തോണിസാമിയെന്ന തൊഴിലാളിക്ക് കാട്ടാനയുടെ  ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റു. നട്ടെല്ലിന് പരിക്കേറ്റ് നാലുമാസമായി കിടപ്പിലാണ്. ഒരുവർഷം മുമ്പ്‌, ഇതേ മേഖലയിൽ ടാപ്പിങ്ങിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ്‌ അന്തോണിയെന്ന മറ്റൊരു തൊഴിലാളിയുടെ കാലിൽ 27 തുന്നൽ ഇടേണ്ടിവന്നു. ഒരു വർഷമായി ചികിത്സയിലാണ്.
അമ്പനാട് എസ്റ്റേറ്റ് മെത്താപ്പു ഡിവിഷനിൽ ക്ഷീരകർഷകനായ ​ഗണേശനെ രാവിലെ പാൽ കൊടുക്കാൻ പോകുന്നതിനിടെ ആന ഓടിക്കുകയും വീണ് കാലിന് ​പരിക്കേൽക്കുകയുമുണ്ടായി. എട്ടുമാസം ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും കാലിന് ഇപ്പോഴും സ്വാധീനക്കുറവുണ്ട്. ഹാരിസൺ മലയാളം രണ്ടാംഡിവിഷനിലെ തോട്ടംതൊഴിലാളിയായ ബിന്ദു ടാപ്പിങ്ങിന് പോകവെ ആന ഓടിച്ചു. വീണ് ​കാലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റു. നാഗമല എസ്റ്റേറ്റ് കുറുന്തോളം ഡിവിഷനിൽ ആനഓടിച്ച് പാറയുടെ ഇടുക്കിൽവീണ്‌ കാലിന് പരിക്കേറ്റ് മുത്തുകുമാർ എന്ന തൊഴിലാളി ആറുമാസം ചികിത്സയിലായിരുന്നു 
വെഞ്ചർ എസ്റ്റേറ്റിൽ ചേന​ഗിരി ഡിവിഷനിൽ ആന ഓടിച്ച്  സാവിത്രി, കോവമ്മ എന്നിവർക്ക് പരിക്കേറ്റു. മാരിയപ്പൻ, കണ്ണൻ എന്നിവരെ പാമ്പുകടിച്ചു. ഫ്ലോറസ് ഡിവിഷനിൽ ബൈക്കിൽ ടാപ്പിങിന് പോകുന്നതിനിടെ മ്ലാവ് ചാടി തൊഴിലാളി അപകടത്തിൽപ്പെട്ട് ​ഗുരുതര പരിക്കേറ്റു. അമ്പനാട് എസ്റ്റേറ്റിൽ ഓമന, ജയ്സമ്മ എന്നിവർക്കും വന്യമൃ​ഗശല്യത്തിൽ പരിക്കേറ്റു. ആനച്ചാടി ഡിവിഷനിൽ അശോകന് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top