01 April Wednesday

ജാഗ്രത, കരുതൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

കൊല്ലം ചിന്നക്കട ജങ്‌ഷനിൽ പൊലീസ്‌ ഒരുക്കിയ ബാരിക്കേഡും സുരക്ഷാ പരിശോധനയും

 പൊലീസാണ്‌; 

സഹോദരങ്ങളാണ്‌
സ്വന്തം ലേഖകന്‍
കൊല്ലം
കരിക്കോടുനിന്ന്‌ കാറിൽ എത്തിയ ആളെ കൊല്ലം ടൗണിനു സമീപം പൊലീസ്‌ തടഞ്ഞുനിർത്തി ചോദിച്ചു: ‘എവിടെ പോകുന്നു’.  കൊല്ലത്തെ ബേക്കറിയിലേക്കെന്ന്‌ മറുപടി. കരിക്കോടുള്ള ബേക്കറിയിൽ നിന്നുവാങ്ങാതെയാണ്‌ കൊല്ലം പട്ടണത്തിലേക്കുള്ള ഈ വരവ്‌.  ‘ഇങ്ങനെയാണ്‌ ആളുകൾ കോവിഡ്‌–-19  നിയന്ത്രണങ്ങൾക്കിടയിലും അനാവശ്യമായി പുറത്തിറങ്ങുന്നത്‌’. -നടുറോഡിൽ പൊള്ളുന്ന വെയിലിലും നിതാന്ത ജാഗ്രതയോടെ ചുമതല നിർവഹിക്കുന്ന പൊലീസുകാരൻ പറഞ്ഞു–-
ലോക്ക്‌ ഡൗൺ എങ്ങനെയുണ്ടെന്ന്‌ കാണാൻ ബൈക്കിൽ കറങ്ങുന്നവർ,  ചെത്തിനടക്കുന്നവർ,  കാര്യമില്ലാതെ ബന്ധുവീട്ടിൽ പോകുന്നവർ... കൊറോണക്കാലത്തെ നിയന്ത്രണങ്ങളുടെ ഗൗരവം മനസിലാക്കാതെ പുറത്തിറങ്ങുന്നവർ നിരവധി. ഇതിന്റെയെല്ലാം തലവേദന അനുഭവിക്കുന്നത്‌ സമയവും കാലവും നോക്കാതെ പണിയെടുക്കുന്ന പൊലീസുകാരും.  ഹർത്താലും  പണിമുടക്കും മാത്രം കണ്ട്‌ ശീലമുള്ളവരിൽ ചിലർക്ക്‌  ലോക്ക്‌ ഡൗണും നിയന്ത്രണങ്ങളും പെട്ടെന്ന്‌ ഉൾക്കൊള്ളാനാകുന്നില്ല. 
എന്നാൽ, അനാവശ്യമായി റോഡിൽ ഇറങ്ങുന്നവരുടെ എണ്ണം വ്യാഴാഴ്‌ച കുറഞ്ഞു.  
പൊലീസിനിത് പരീക്ഷണക്കാലമാണ്. നിരത്തിലിറങ്ങുന്നവരെ തിരിച്ചുവിടാൻ പെടാപാടുപെടുന്ന പൊലീസിനാകട്ടെ കാര്യമായ സുരക്ഷയുമില്ല. മാസ്‌ക്കും ഗ്ലൗസും ആവശ്യത്തിനില്ല. 
ജില്ലയിൽ 34 സ്‌റ്റേഷൻ പരിധിയിൽ വനിതകൾ ഉൾപ്പെടെ രണ്ടായിരത്തോളം പൊലീസുകാരാണ്‌ കൊറോണ ഡ്യൂട്ടിക്കുള്ളത്‌.  ക്യൂആർടി വിഭാഗവും സേവന രംഗത്ത്‌ സജീവം. കൊല്ലം സിറ്റിയിൽ ഡ്യൂട്ടി രാവിലെ ആറുമുതൽ രണ്ടുവരെ എന്നും രണ്ടുമുതൽ രാത്രി ഒമ്പതുവരെ എന്നും ക്രമീകരിച്ചിട്ടുണ്ട്‌.  റൂറൽ ജില്ലയിൽ അതുമില്ല. 
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആളുകൾ പുറത്തിറങ്ങുന്നത്‌ പൊലീസിനെ അലട്ടുന്നു. നിയന്ത്രണം പാലിക്കാത്തവർക്കെതിരെ കേസെടുക്കുന്നുണ്ട്‌. 
തിരുവനന്തപുരം കഴിഞ്ഞാൽ കൂടുതൽ കേസെടുത്തത്‌  കൊല്ലം സിറ്റിയിലാണ്. മതിയായ കാരണം കാണിക്കാത്തവരുടെ വാഹനം കണ്ടുകെട്ടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നു. പെറ്റിയടിക്കാൻ ആളുകൾ കൂട്ടത്തോടെ എത്തുന്നതും രോഗ വ്യാപന സാഹചര്യത്തിൽ പൊലീസിന് ഭീഷണിയാണ്. 
ഒരേസമയം പത്തിലധികം പേരാണ് സ്റ്റേഷനിലേക്കെത്തുന്നത്. പിടിയിലാകുന്നവരിൽ നിരീക്ഷണത്തിൽ കഴിയേണ്ടവരുൾപ്പടെയുണ്ട്‌.
 
 
 
ഭക്ഷ്യസാധനങ്ങൾ 
സ്റ്റോക്കുണ്ട്‌
സ്വന്തം ലേഖകന്‍
കൊല്ലം
ഭക്ഷ്യസാധനങ്ങൾ തീർന്നുപോകുമെന്ന ഭീതിവേണ്ട. പൊതുവിപണിയിലും റേഷൻ ഡിപ്പോകളിലും വിതരണത്തിന് ആവശ്യത്തിനുള്ളവയുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്‌. മാർച്ചിലെ റേഷൻ വാതിൽപ്പടി വിതരണം പൂർത്തിയായിട്ടുണ്ട്‌. 
ഏപ്രിൽ മാസത്തെ ഭക്ഷ്യധാന്യങ്ങൾ എഫ്സിഐയിൽനിന്ന്‌ എടുത്ത് ഗോഡൗണില്‍  ശേഖരിച്ചിട്ടുണ്ട്. മെയ്, ജൂൺ മാസത്തെ ഭക്ഷ്യവിഹിതം കൂടി  ശേഖരിക്കൽ  ഉടൻ ആരംഭിക്കും. പൊതുവിതരണ ശൃംഖല വഴിയുള്ള റേഷൻവിതരണം തടസ്സമില്ലാതെ തുടരുന്നു.  അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
താലൂക്കുകളിൽ ടിഎസ്‌ഒമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെ  ഉൾപ്പെടുത്തി സംയുക്ത റെയ്ഡ് സജീവമാക്കി. പൊതുവിപണിയിൽ ഇതുവരെ 149 പരിശോധന നടത്തി. അമിതവില ഈടാക്കൽ, കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു. 
19 ക്രമക്കേടുകൾ കണ്ടെത്തിയെന്ന്‌ ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 
 
പ്രധാന വാർത്തകൾ
 Top