26 April Friday

ദേ വന്നു, ദാ പോയി; റെയിൽവേ ജനറൽ മാനേജരുടെ സ്റ്റേഷൻ സന്ദർശനം 5 മിനിറ്റ്‌

സ്വന്തം ലേഖകൻUpdated: Saturday Nov 26, 2022
കൊല്ലം> കൊല്ലം റെയിൽവേ സ്റ്റേഷന്റെ വികസനം വെറും അഞ്ചുമിനിറ്റുകൊണ്ട്‌ പഠിച്ച്‌ സതേൺ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ്‌ സ്ഥലംവിട്ടു. വെള്ളിയാഴ്‌ച ആയിരുന്നു പ്രഹസനമായ സന്ദർശനം. പകൽ 3.20ന്‌ സ്‌പെഷ്യൽ ട്രെയിനിൽ കൊല്ലം സ്റ്റേഷനിൽ പരിവാരങ്ങളുമായി വന്നിറങ്ങിയ ജനറൽ മാനേജർ 3.25നു തന്നെ തിരികെപ്പോയി. പ്ലാറ്റ്‌ ഫോമിൽ ഉദ്യോഗസ്ഥർ പ്രദർശിപ്പിച്ച രൂപരേഖ മാത്രം കണ്ടായിരുന്നു മടക്കം. നിലവിലെ കെട്ടിടങ്ങൾ, പൊളിച്ചുമാറ്റുന്നവ, വരാൻപോകുന്ന പുതിയ കെട്ടിടങ്ങളുടെ രൂപരേഖ എന്നിവയാണ്‌ പ്രദർശിപ്പിച്ചത്‌. റെയിൽവേ എൻജിനിയർ ചന്ദ്രു രൂപരേഖ വിശദീകരിച്ചു. 
 
ഏറ്റവും കൂടുതൽ സ്ഥലമുള്ളതും വരുമാനമുള്ളതുമായ കൊല്ലം സ്റ്റേഷൻ ചുറ്റിക്കറങ്ങി കാണാനോ ജനപ്രതിനിധികളുമായും സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായും ചർച്ച നടത്താനോ യാത്രക്കാരുടെ പരാതി കേൾക്കാനോ സതേൺ റെയിൽവേ ജനറൽ മാനേജർക്ക്‌ സമയം ഉണ്ടായില്ല. ബ്രിട്ടീഷ്‌ ഭരണകാലത്തെ ഓർമിപ്പിക്കും വിധമായിരുന്നു ജനറൽ മാനേജരുടെ സന്ദർശനമെന്ന്‌ ആക്ഷേപമുയർന്നു. കന്യാകുമാരിയിൽനിന്ന്‌ പ്രത്യേകം തയ്യാറാക്കിയ ട്രെയിനിൽ എല്ലാ സുഖസൗകര്യങ്ങളും ഒരുക്കിയ കമ്പാർട്ടുമെന്റിൽ ആയിരുന്നു യാത്ര. സംസ്ഥാനത്തെ തന്നെ ഒരു വലിയ സ്റ്റേഷന്റെ അടിസ്ഥാന പ്രശ്‌നങ്ങൾ മനസ്സിലാക്കാതെയുള്ള ജനറൽ മാനേജരുടെ സന്ദർശനം ധൂർത്തും വിനോദയാത്രയുമാണെന്ന്‌ യാത്രക്കാരുടെ സംഘടനകളും ജീവനക്കാരും പറഞ്ഞു.
 
ഇത്‌ കണ്ണിൽ പൊടിയിടൽ
കൊല്ലം
യാത്രക്കാരുമായി ബന്ധപ്പെട്ട ഒരു പരാതിയും പരിഹരിക്കാതെയുള്ള നിഷേധ നിലപാടാണ്‌ റെയിൽവേ സ്വീകരിക്കുന്നതെന്ന്‌ ഫ്രണ്ട്‌സ്‌ ഓൺ റെയിൽ ജനറൽ സെക്രട്ടറി ജെ ലിയോൺസ്‌ പറഞ്ഞു. മെമു, മറ്റ്‌ ട്രെയിൻ എന്നിവയുടെ സമയമാറ്റം വലിയ പരാതിയാണ്‌ വരുത്തിയിട്ടുള്ളത്‌. പലയിടത്തും ശുചിമുറി അടഞ്ഞുകിടക്കുന്നു. ജനറൽ കമ്പാർട്ടുമെന്റുകൾ കുറച്ചു. നിർത്തലാക്കിയ സ്‌റ്റോപ്പുകൾ പുനഃസ്ഥാപിച്ചിട്ടില്ല. ഇതൊന്നും പരിഹരിക്കാതെയുള്ള സതേൺ റെയിൽവേ ജനറൽ മാനേജരുടെ സന്ദർശനം കണ്ണിൽ പൊടിയിടലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top