28 March Thursday
ദേശീയപാത വികസനം

192 കോടി നൽകി

സ്വന്തംലേഖകൻUpdated: Friday Nov 26, 2021
കരുനാഗപ്പള്ളി 
ദേശീയപാത 66 വികസനത്തിന്‌ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി ജില്ലയിൽ ഇതുവരെ നഷ്ടപരിഹാരമായി കൈമാറിയത്‌ 192 കോടി രൂപ. 568 പേർക്കാണ് പണം കൈമാറിയത്. കരുനാഗപ്പള്ളി, കാവനാട്, ചാത്തന്നൂർ, വടക്കേവിള എന്നീ നാലു യൂണിറ്റുകളിലായാണ് പണം കൈമാറിയത്.ഇതിൽ ആദ്യ ഘട്ടത്തിൽ 3 ഡി വിജ്ഞാപനം ഇറങ്ങിയ കരുനാഗപ്പള്ളി യൂണിറ്റിൽ മാത്രം 280 പേർക്ക് പണം കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള 700 പേരുടെ ഫയലുകൾ നടപടികൾ പൂർത്തിയാക്കി നൽകിയതായും അധികൃതർ അറിയിച്ചു.
തുക കൈമാറിയവർക്ക് വിട്ടൊഴിയൽ നോട്ടീസ്‌ നൽകി. ഇവിടെ ഉടമകളിൽനിന്ന്‌ ഏറ്റെടുത്ത ഭൂമി ദേശീയപാത അതോറിറ്റിക്ക്‌ കൈമാറി. ഒന്നാംഘട്ടത്തിൽ 3 ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഓച്ചിറ, ആദിനാട്, കുലശേഖരപുരം വില്ലേജുകളിൽ പെട്ടവരുടെ ഭൂമിയാണ് ഏറ്റെടുത്ത് കൈമാറിയത്‌. നഷ്ടപരിഹാരം നൽകിയ ഭൂമിയുടെ വിട്ടൊഴിയൽ നടപടികൾ ദേശീയപാത ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടർ സി ആർ രാധാകൃഷ്ണന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി സ്‌പെഷ്യൽ തഹസിൽദാർ കെ ഷീലയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. 
ആദ്യ യൂണിറ്റിൽപ്പെട്ട കരുനാഗപ്പള്ളി, അയണിവേലിക്കുളങ്ങര വില്ലേജുകളിൽപ്പെട്ട കെട്ടിട ഉടമകൾക്ക് 60 ദിവസത്തിനകം ഒഴിഞ്ഞു പോകാൻ വിട്ടൊഴിയൽ നോട്ടീസ്‌ നൽകി.  രണ്ടാംഘട്ട 3ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമിയുടെ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്.  ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 17 വില്ലേജുകളിൽനിന്നായി 5736 ഹെക്ടർ ഭൂമിയാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുക്കേണ്ടി വരിക. 
ആലപ്പുഴ മുതൽ കൊല്ലം ബൈപാസ് തുടങ്ങുന്ന ആൽത്തറമൂട് വരെയുള്ള പാതയുടെ നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള ആന്ധ്ര കേന്ദ്രമായുള്ള വിശ്വസമുദ്ര കമ്പനി പുത്തൻതെരുവ് കേന്ദ്രീകരിച്ച് ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ ബാക്കിയുള്ള ഭാഗത്തെ കരാർ ശിവാലയ എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top