23 April Tuesday
5.2 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതിയായി

നെടുമണ്‍കാവില്‍ ആധുനിക 
മത്സ്യമാര്‍ക്കറ്റും വ്യാപാരസമുച്ചയവും

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

നെടുമൺകാവിലെ ആധുനിക മത്സ്യമാർക്കറ്റിന്റെയും വ്യാപാര സമുച്ചയത്തിന്റെയും രൂപരേഖ

എഴുകോൺ
നെടുമണ്‍കാവില്‍ 5.2 കോടി രൂപ ചെലവിൽ ആധുനിക മത്സ്യമാര്‍ക്കറ്റും വ്യാപാര സമുച്ചയവും നിര്‍മിക്കുന്നതിന് ഭരണാനുമതിയായി. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.  കരീപ്ര, വെളിയം, പൂയപ്പള്ളി, നെടുമ്പന പഞ്ചായത്ത്‌ നിവാസികളുടെ ദീര്‍ഘകാല ആവശ്യമാണ്‌ ഇതോടെ സാക്ഷാൽക്കരിക്കുന്നത്‌. 
12304.675  ചതുരശ്രഅടി വിസ്തൃതിയിൽ രണ്ട് ബ്ലോക്കുകളിലാണ് മത്സ്യ മാര്‍ക്കറ്റും വ്യാപാരസമുച്ചയവും നിർമിക്കുന്നത്. മൂന്നു നിലയുള്ള ഒന്നാം ബ്ലോക്കിലെ താഴത്തെ നിലയിൽ 12 കടമുറിയും ഒന്നാംനിലയില്‍ മൂന്ന്‌ ഓഫീസ് മുറിയും രണ്ടാം നിലയില്‍ 250 പേര്‍ക്ക്  ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും ഓഫീസ് മുറിയും സജ്ജമാക്കും. രണ്ടു നിലയുള്ള രണ്ടാം ബ്ലോക്കിലെ മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ മത്സ്യവും മറ്റ് ഉല്‍പ്പന്നങ്ങളും സൂക്ഷിക്കുന്നതിനുള്ള സെല്ലാര്‍ സംവിധാനവുമുണ്ടാകും. സെല്ലാറില്‍ മത്സ്യം കേടുകൂടാതെ സുക്ഷിക്കുന്നതിനുള്ള ചില്‍റൂം സംവിധാനവും മൂല്യവർധിത മത്സ്യ ഉല്‍പ്പന്നങ്ങളും മറ്റും ഒരുക്കുന്നതിനായി പ്രിപ്പറേഷന്‍ റൂമും ഗോഡൗണുമുണ്ടാകും. മുകളിലത്തെ നിലയില്‍ 10 മത്സ്യസ്റ്റാളും എട്ട്‌ പച്ചക്കറിസ്റ്റാളും ഒരുക്കും. എല്ലാ ദിവസവും കഴുകി വൃത്തിയാക്കുന്നതിനായി ഇന്റസ്ട്രിയല്‍ ടൈലാണ് തറയില്‍ പാകുന്നത്. രണ്ടു നിലയും വൃത്തിയാക്കുന്നതിന് പ്രഷര്‍ വാഷിങ് സംവിധാനവും ആവശ്യാനുസരണം ഡ്രെയിനേജ് സംവിധാനവും ക്രമീകരിക്കും. സ്ത്രീകള്‍ക്കും  പുരുഷന്മാര്‍ക്കും ആധുനിക സൗകര്യങ്ങളുള്ള പ്രത്യേക ശുചിമുറികളും രണ്ട് ബ്ലോക്കുകളിലുമുണ്ട്. ചുറ്റുമതില്‍, ഗേറ്റ്, വൈദ്യുതീകരണം, ബയോഗ്യാസ് പ്ലാന്റ്,  മഴവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, പാര്‍ക്കിങ് സൗകര്യം, 5000 ലിറ്റര്‍ ശേഷിയുള്ള രണ്ട്‌ വാട്ടര്‍ ടാങ്ക്‌ എന്നിവയും തയ്യാറാക്കും.
തീരദേശവികസന കോര്‍പറേഷനാണ് നിർമാണച്ചുമതല. പദ്ധതി പ്രദേശത്തെ മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള തുടര്‍പ്രവൃത്തികള്‍ വേഗം ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top