05 July Tuesday
സ്വന്തം ലേഖിക

സ്‌കൂളുകൾ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
കൊല്ലം
കോവിഡ്‌ വരുത്തിയ രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും ജൂൺ ഒന്നിനുതന്നെ അധ്യയനം തുടങ്ങാനുള്ള ഒരുക്കത്തിലാണ്‌ വിദ്യാലയങ്ങൾ. സ്‌കൂളുകൾ അറകുറ്റപ്പണി നടത്തിയും മോടി പിടിപ്പിച്ചും കുട്ടികളെ വരവേൽക്കാനുള്ള അവസാനഘട്ട പ്രവർത്തനത്തിലാണ്‌. പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള ഒരുക്കവും ഒപ്പം നടക്കുന്നു. 
സ്‌കൂളുകളുടെ കാര്യക്ഷമതാ പരിശോധന നടക്കുന്നു. 31നു മുമ്പ്‌ കാര്യക്ഷമതാ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ നിർദേശിച്ചിട്ടുള്ളതിനാൽ ഹാജരാക്കാനുള്ള നടപടികളിലാണ്‌ അധികൃതർ. ജില്ലയിൽ 949 സ്‌കൂളാണുള്ളത്‌.  സ്‌കൂളും പരിസരവും ശുചീകരിക്കലും  ഊർജിതമാണ്‌. കിണറുകൾ, കുടിവെള്ള ടാങ്കുകൾ, ശുചിമുറി, പാചകപ്പുര, പാത്രങ്ങൾ എന്നിവ  വൃത്തിയാക്കുന്ന ജോലികളാണ്‌ നടക്കുന്നത്‌. തൊഴിലുറപ്പു തൊഴിലാളികളുടെ സഹായത്തോടെയാണ്‌ മിക്കയിടങ്ങളിലും ശുചീകരണം. അപകടാവസ്ഥയിലുള്ള വൃക്ഷങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റൽ, സ്കൂൾ പരിസരങ്ങളിൽ ഇഴജന്തുക്കൾക്ക് തങ്ങാൻ കഴിയുന്ന പൊത്തുകൾ അടയ്ക്കൽ പ്രവൃത്തി എന്നിവയും ഇതോടൊപ്പം നടന്നുവരുന്നു.  
പാഠപുസ്‌തകം റെഡി   
സ്‌കൂൾ പ്രവേശനത്തിനു മുന്നോടിയായി പുസ്‌തകങ്ങളും യൂണിഫോമും ജില്ലയിലെത്തി. ജില്ലയിലെ ഒന്നു മുതൽ 10വരെയുള്ള ക്ലാസുകളിലെ  പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം 73ശതമാനം പൂർത്തിയായി. ഒന്നാം വോള്യം രണ്ടു ഘട്ടത്തിലായി 18.5 ലക്ഷം പാഠപുസ്തകമാണ് വിതരണം ചെയ്യേണ്ടത്. കാറ്റും മഴയും ശക്തമായതിനാൽ പലയിടത്തും വിതരണത്തിന്‌ തടസ്സം നേരിട്ടു. ജില്ലാ ഹബ്ബിൽനിന്ന്‌ സ്കൂൾ സൊസൈറ്റികളിൽ എത്തിച്ച പുസ്തകങ്ങൾ ഓരോ സൊസൈറ്റികൾക്കുമായി എണ്ണി തിട്ടപ്പെടുത്തി വയ്ക്കുന്നതും വാഹനത്തിൽ എത്തിക്കുന്നതും കുടുംബശ്രീയാണ്‌. അവ പ്രധാനാധ്യാപകർ ഏറ്റുവാങ്ങി സ്കൂളിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ്‌ വിതരണംചെയ്യുന്നത്‌. സൗജന്യമായി നൽകുന്ന കൈത്തറി യൂണിഫോം വിതരണം പകുതിയിലേറെ പൂർത്തിയായി.  
 വണ്ടികൾക്ക് സുരക്ഷാപ്പൂട്ട് 
സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനയും നടക്കുന്നു. ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ്‌ പാന്റ്സും തിരിച്ചറിയൽ കാർഡും ധരിക്കണം. വാഹനങ്ങളിൽ സീറ്റിങ് കപ്പാസിറ്റി അനുസരിച്ചു മാത്രം കുട്ടികളെ കയറ്റണം, നിന്നുകൊണ്ട്‌ യാത്ര വേണ്ട. വേഗപ്പൂട്ടും ജിപിഎസും സുരക്ഷമിത്ര സോഫ്റ്റ്‍വെയറുമായി ബന്ധിപ്പിക്കണം. 
അമിതവേഗം, മറ്റു കുറ്റക്യത്യങ്ങൾ എന്നിവയ്‌ക്ക്‌ ശിക്ഷിക്കപ്പെട്ടവർ ഡ്രൈവറാകേണ്ട. ബസുകളിൽ  വിദ്യാർഥികളുടെ സഞ്ചാരപാത രേഖപ്പെടുത്താൻ രജിസ്റ്റർ വേണം. കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കാനും മറ്റുമായി ഡോർ അറ്റൻഡർ വേണം. വാഹനത്തിൽ ഫയർ എക്സ്റ്റിങ്ഗ്യൂഷർ നിർബന്ധം. വാഹനത്തിന്റെ പിൻവശത്ത് ചൈൽഡ് ലൈൻ, പൊലീസ്, ആംബുലൻസ്, അഗ്നരക്ഷാസേന,  മോട്ടോർവാഹന വകുപ്പ്‌ എന്നിവയുടെ  ഫോൺ നമ്പർ പതിക്കണം. വാഹനത്തിൽ എമർജൻസി വാതിൽ നിർബന്ധം. കൂളിങ് ഫിലിം, കർട്ടൻ എന്നിവ പാടില്ല. കുടയും ബാഗും സൂക്ഷിക്കാനുള്ള റാക്ക് വണ്ടിയിൽ നിർബന്ധം. 
പാചകത്തൊഴിലാളികൾക്ക്‌ ഹെൽത്ത്‌ കാർഡ്‌
 സ്‌കൂൾ  പാചകത്തൊഴിലാളികൾക്ക്‌  ഹെൽത്ത്‌ കാർഡ്‌ നിർബന്ധമാണ്‌. പകർച്ചവ്യാധികളില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ സാക്ഷ്യപ്പെടുത്തി നൽകിയ ഹെൽത്ത്‌ കാർഡ്‌ ഉള്ളവർക്കു മാത്രമാണ്‌  പാചകത്തിൽ ഏർപ്പെടാൻ അനുമതിയുള്ളൂ. ഇതിനുള്ള പരിശോധനയും സർട്ടിഫിക്കറ്റ്‌ വിതരണവും ഊർജിതമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top