16 April Tuesday
കെഎസ്ആർടിസി വനിതാ കണ്ടക്ടറെ അസഭ്യം പറഞ്ഞു

പിടികൂടാൻ എത്തിയ പൊലീസുകാർക്കുനേരെയും ആക്രമണം; യുവാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

  രതീഷ്‌

ചവറ 
കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടറെയും യാത്രക്കാരെയും അസഭ്യം പറഞ്ഞ യുവാവിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം.  കോട്ടുക്കൽ വയലാ ചരിവുള്ള പുത്തൻവീട്ടിൽ രതീഷ്‌ (33)ആണ്‌ ആക്രമണം നടത്തിയത്‌. ഇയാളെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ്‌ചെയ്‌തു. 
കഴിഞ്ഞ ദിവസം വൈകിട്ട്‌ 5.30നാണ് സംഭവങ്ങളുടെ തുടക്കം. കരുനാഗപ്പള്ളി സ്റ്റാൻഡില്‍നിന്ന്‌ സര്‍വീസ് നടത്തിയ ബസില്‍ യാത്രചെയ്ത രതീഷ് കണ്ടക്ടറോടും യാത്രക്കാരോടും അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന്‌, വിവരം തെക്കുംഭാഗം പൊലീസിൽ അറിയിച്ചു. പുല്ലിക്കാട്ട് ജങ്‌ഷനില്‍ ബസ്‌ തടഞ്ഞ്‌ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാരെ ആക്രമിച്ചത്‌. 
തുടർന്ന്, ബസ് തെക്കുംഭാഗം പൊലീസ് സ്റ്റേഷനു മുന്നിൽ എത്തിച്ചു. ഇയാളെ പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സിപിഒ അഫ്സലിനെ രതീഷ് മർദിച്ചതായും പറയുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറിയുടെ വാതിലും തകർത്തു.
തുടർന്ന്, എസ്‌ഐമാരായ ഡി ശങ്കരനാരായണപിള്ള, കെ എൽ ഗോപകുമാർ, സിപിഒമാരായ രാജീവ്, രതീഷ്, സജിമോൻ  എന്നിവരുടെ നേതൃത്വത്തിൽ രതീഷിനെ ബലപ്രയോഗത്തിലൂടെ സെല്ലില്‍ അടച്ചു. എന്നാൽ, സെല്ലിനുള്ളിലെ ബാത്ത്റൂം ഇയാൾ തകർത്തു. ഏകദേശം 50000 രൂപയുടെ നാശനഷ്ടമാണ് ഇയാള്‍ വരുത്തിയത്. 
പൊതുമുതല്‍ നശിപ്പിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിച്ചതിനും വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയതിനും തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. പ്രതിയെ കോടതി റിമാൻഡ്‌ചെയ്‌തു. വിവിധ സ്റ്റേഷനുകളിലായി ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top