23 April Tuesday

കൈമലർത്തി എംപി

സ്വന്തം ലേഖകൻUpdated: Thursday Jan 26, 2023

പാർവതി മിൽ (ഫയൽ ചിത്രം)

കൊല്ലം
നാലുമാസമായി മുടങ്ങിയ ശമ്പളം ലഭിക്കാൻ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട കൊല്ലം പാർവതി മിൽ തൊഴിലാളികളോട് കേന്ദ്രനയം ചൂണ്ടിക്കാട്ടി കൈമലർത്തി എൻ കെ പ്രേമചന്ദ്രൻ എംപി. രാജ്യത്ത് നാഷണൽ ടെക്‌സ്റ്റയിൽസ്‌ കോർപറേഷനു കീഴിലെ മില്ലുകളെല്ലാം അടച്ചുപൂട്ടി മേഖല സ്വകാര്യവൽക്കരിക്കുകയാണ് കേന്ദ്രസർക്കാർ നയമെന്നും പാർവതി മില്ലിനായി മാത്രം ഒന്നുംചെയ്യാനാകില്ലെന്നുമാണ് തന്നെ കാണാനെത്തിയ തൊഴിലാളികൾക്ക് എംപി നൽകിയ മറുപടി.
പ്രവർത്തനം നിർത്തിവച്ച കേരളത്തിലെ നാലു മില്ലുകളടക്കം പൂട്ടും. നിങ്ങൾ അതത് എംപിമാർക്ക് നിവേദനം നൽകണം. എനിക്കും ഒരു നിവേദനം തരൂ. 30ന് ഡൽഹിയിൽ പോകുമ്പോൾ കേന്ദ്രമന്ത്രിയെ കണ്ടുനോക്കാമെന്നുമാണ് എംപി പറയുന്നത്. മില്ലിലെ ട്രേഡ് യൂണിയൻ നേതാവായിരുന്ന എംപിക്ക് ദുരിതം വിശദീകരിച്ച് നിവേദനം ആവർത്തിച്ചു നൽകേണ്ട ​ഗതികേടിലാണ് തങ്ങളെന്ന് തൊഴിലാളികൾ പറയുന്നു. 
കൊല്ലത്തിന്റെ അഭിമാനമായിരുന്ന പാർവതി മില്ലിന്റെ ദുരവസ്ഥയിൽ കൈയുംകെട്ടി നോക്കിനിൽക്കുന്ന എംപി  കേന്ദ്രനയത്തിന്റെ മറവിൽ രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. 12 വർഷത്തിലേറെയായി പ്രവർത്തനം നിലച്ച  പാർവതി മിൽ പുനരാരംഭിക്കാനോ പകരം മറ്റൊരു വ്യവസായ സംരംഭം തുടങ്ങാനോ കേന്ദ്രസർക്കാരിൽ കാര്യമായ ഇടപെടലുകൾ എംപിയെന്ന നിലയിൽ പ്രേമചന്ദ്രൻ നടത്തിയിട്ടില്ല. എന്തു ചോദിച്ചാലും നിവേദനം കൊടുത്തുവെന്ന സ്ഥിരം മറുപടിയാണ് ലഭിക്കുക. "ഇനിയും നിവേദനങ്ങള്‍ നൽകാം. പക്ഷേ, നടപടിയില്ലെങ്കിൽ പ്രത്യക്ഷ സമരം'–-ഒറ്റക്കെട്ടായി തൊഴിലാളികള്‍ പറയുന്നു.
ഭൂമി തിരികെ വേണം, പുതിയ പദ്ധതിക്ക് 
സംസ്ഥാനം റെഡി 
യുഡിഎഫ്‌ മന്ത്രിസഭയിൽ തൊഴിൽമന്ത്രിയായിരുന്ന ബാബു ദിവാകരനാണ്‌ കൊല്ലം ന​ഗര നടുവിലുള്ള പാർവതിമില്ലിന്റെ 16.4 ഏക്കർ നാഷണൽ ടെക്‌സ്‌റ്റൈൽസ് കോർപറേഷന്‌ കൈമാറിയത്. അതുവരെ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്നു സ്ഥലം. കേന്ദ്രം ഭൂമി വിട്ടുനൽകിയാൽ പാർവതി മില്ലിൽ പുതിയ പദ്ധതി നടപ്പാക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നാഷണൽ ടെക്‌സ്റ്റൈൽസ് പാർക്ക്‌ സ്ഥാപിക്കണമെന്നും അല്ലെങ്കിൽ സ്ഥലം വിട്ടുതരണമെന്നും  കൊല്ലം കോർപറേഷനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നിരവധി നിർദേശങ്ങൾ സംസ്ഥാനം കേന്ദ്രത്തിനു നൽകിയെങ്കിലും അവ പരിഗണിച്ചില്ല. സംസ്ഥാനം വച്ച നിർദേശങ്ങളോട് സഹകരിക്കാനും രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി മാത്രം പ്രവർത്തിക്കുന്ന എംപി തയ്യാറല്ല.
കോട്ടൺമിൽ 
‘പാർവതി’ ആയി
1884ൽ ഗുജറാത്തുകാരായ സഹോദരങ്ങളാണ്‌ തിരുവിതാംകൂർ മഹാരാജാവിന്റെ അനുവാദത്തോടെ കൊല്ലത്ത്‌ എഡി കോട്ടൺമിൽ എന്ന പേരിൽ തുണിമിൽ സ്ഥാപിച്ചത്‌. പിന്നീടിത്‌ മധുര സ്വദേശി ത്യാഗരാജ ചെട്ടിയാർ ഏറ്റെടുത്തു. അദ്ദേഹം മില്ലിന്‌ ഭാര്യ പാർവതിയുടെ പേരും നൽകി. അതോടെ കൊല്ലം തുണിമിൽ പാർവതിമില്ലായി. പിന്നീട് സർക്കാർ ഏറ്റെടുത്തു. 2008ൽ ആധുനീകരണത്തിന്റെ പേരിൽ ഉൽപ്പാദനം നിർത്തിവച്ച മിൽ പിന്നീട് പ്രവർത്തിച്ചിട്ടില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top