19 April Friday

സൈനികന്റെ ക്വട്ടേഷനിൽ യുവാവിനെ കൊല്ലാൻ ശ്രമം; പ്രതികൾ പിടിയിൽ

സ്വന്തം ലേഖകൻUpdated: Wednesday Jan 26, 2022

പിടിയിലായ പ്രതികൾ

കരുനാഗപ്പള്ളി
സൈനികൻ നൽകിയ ക്വട്ടേഷനെ തുടർന്ന് യുവാവിനെ അക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽ വിഷ്ണു (25),  വവ്വാക്കാവ് സ്വദേശികശായ ഫാത്തിമാ മൻസിലിൽ അലി ഉമ്മർ (20),  അംബിയിൽ പുത്തൻവീട്ടിൽ നബീൽ (20),  ലക്ഷ്മീ ഭവനിൽ ഗോകുൽ (20),  തെങ്ങണത്ത് വീട്ടിൽ ചന്തു (19),  മുണ്ടപ്പള്ളി കിഴക്കതിൽ മണി (19),  തൊടിയൂർ പുലിയൂർവഞ്ചി വടക്ക് റഹിം മൻസിലിൽ മുഹമ്മദ് ഫൈസൽഖാൻ (25)എന്നിവരാണ് അറസ്റ്റിലായത്. തൊടിയൂർ ഇടക്കുളങ്ങര കോതേരിൽ വെള്ളാമ്പൽ വീട്ടിൽ അമ്പാടി (27)യെയാണ്‌ സംഘം അക്രമിച്ചത്‌. ക്വട്ടേഷൻ നൽകിയ വവ്വാക്കാവ്‌ സ്വദേശിയായ സന്ദീപിനുവേണ്ടി പൊലീസ്‌ അന്വേഷണം ഊർജിതമാക്കി. 
പൊലീസ് പറയുന്നത്‌: യുവാവ് അപമര്യാദയായി പെരുമാറിയതായി സഹപാഠികളായ വനിതാ സുഹൃത്തുക്കൾ സൈനികനെ അറിയിച്ചു. തുടർന്ന് സാമൂഹ്യമാധ്യമങ്ങൾ വഴി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിനെ കൊലപ്പെടുത്താൻ സൈനികൻ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി.  
ജനുവരി 23-ന് പകൽ മൂന്നിന്‌ അമ്മയ്ക്കും സഹോദരിക്കുമൊപ്പം വീട്ടിലിരിക്കുമ്പോൾ ആയുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.  പ്രതികളെക്കുറിച്ച് അമ്പാടിയ്ക്ക് അറിവുണ്ടായിരുന്നില്ല. ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ വീഡിയോയിൽ പകർത്തുകയും അത്‌ വനിതാ സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ചെയ്‌തിരുന്നു. ദൃശ്യങ്ങൾ കണ്ടെടുത്തതോടെയാണ്‌ പൊലീസിന്‌ പ്രതികളെ എളുപ്പത്തിൽ കുടുക്കാനായത്. 
കരുനാഗപ്പള്ളി എസിപി ഷൈനു തോമസിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ജി ഗോപകുമാർ, എസ്ഐമാരായ ജയശങ്കർ, അലോഷ്യസ് അലക്‌സാണ്ടർ, ഗ്രേഡ് എഎസ്ഐമാരായ ഷാജിമോൻ, നൗഷാദ്, സിപിഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ്  കരുനാഗപ്പള്ളി, കായംകുളം, ചേർത്തല എന്നിവിടങ്ങളിൽ നിന്ന് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top