20 April Saturday
വാതിൽപ്പടി പട്ടയം

പള്ളിത്തോട്ടത്ത്‌ സർവേ തുടങ്ങി

സ്വന്തം ലേഖകൻUpdated: Wednesday Jan 26, 2022

കൊല്ലം തീരദേശമേഖലയിൽ 589 കുടുംബങ്ങൾക്ക് വാതിൽപ്പടി പട്ടയം നൽകുന്നതിന് മുന്നോടിയായി 
നോഡൽ ഓഫീസർ കൊല്ലം തഹസിൽദാർ സി ദേവരാജന്റെ നേതൃത്വത്തിൽ സർവേ ആരംഭിച്ചപ്പോൾ

കൊല്ലം
കൊല്ലം തീരദേശത്ത്‌ കൊടിമരം ഡോൺബോസ്കോ നഗർ മുതൽ മൂതാക്കര വരെ മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 589 കുടുംബങ്ങൾക്ക്‌ വാതിൽപ്പടി പട്ടയം അനുവദിക്കുന്നതിനായി റവന്യു ഉദ്യോഗസ്ഥസംഘം സർവേ തുടങ്ങി. ചൊവ്വ  രാവിലെ പള്ളിത്തോട്ടത്ത്‌ ഫോർട്ട്‌ പള്ളിയുടെ തെക്കുവശത്തുനിന്ന് പടിഞ്ഞാറോട്ട്‌ ആരംഭിച്ച സർവേയിൽ 20 കുടുംബങ്ങളുടെ വിവരശേഖരണമാണ്‌ നടത്തിയത്‌. സർവേ നോഡൽ ഓഫീസർ കൊല്ലം ഡെപ്യൂട്ടി തഹസിൽദാർ സി ദേവരാജന്റെ നേതൃത്വത്തിൽ
 വില്ലേജ്‌ ഓഫീസർ എ ബിജു, സർവെയർമാരായ അംബിക, കൃഷ്‌ണചന്ത്‌, സ്‌പെഷ്യൽ വില്ലേജ്‌ ഓഫീസർ സജീഷ്‌, ശാലി വിശ്വനാഥ്‌, ജിജിജോൺ, ശ്രീജാചന്ദ്രൻ എന്നിവർ ഉൾപ്പെടെ 12 അംഗ ടീമാണ്‌ സർവെ നടത്തുന്നത്‌. ഭൂമി അളന്നുതിട്ടപ്പെടുത്തൽ, സ്‌കെച്ച്‌ തയ്യാറാക്കൽ, വിവര ശേഖരണം നടത്തി അപേക്ഷ തയ്യാറാക്കൽ എന്നിവയാണ്‌ സർവേ ടീം നടത്തുന്നത്‌. 40 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നവർ പട്ടയത്തിന്‌ അർഹരാണെന്നും എല്ലാവരും സാധാരണക്കാരാണെന്നും റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. 
ഒരു മാസത്തിനകം സർവേ നടപടികൾ പൂർത്തീകരിക്കും. പള്ളിത്തോട്ടത്തെ തീരദേശവാസികൾക്ക്‌ പട്ടയത്തിനു നടപടി ആവശ്യപ്പെട്ട്‌ എം മുകേഷ്‌ എംഎൽഎ റവന്യു മന്ത്രി കെ രാജന്‌ നിവേദനം നൽകുകയും അടിയന്തര നടപടിക്ക്‌  മന്ത്രി കലക്‌ടറെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതേത്തുടർന്നാണ്‌ സർവേയ്‌ക്ക്‌ നടപടിയായത്‌. ഡിസംബർ 31ന് എംഎൽഎയുടെ നേതൃത്വത്തിൽ കൊല്ലം തഹസിൽദാറും മറ്റ് റവന്യു ഉദ്യോഗസ്ഥരും പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. അതിനിടെ സർക്കാർ നടപടി പുരോഗമിക്കവെ സർവയുടെ പേരിൽ മത്സ്യത്തൊഴിലാളികളിൽനിന്ന് രേഖകൾ വാങ്ങാൻ ചില സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇവർക്ക്‌ സർക്കാർ നടപടിയുമായി ഒരു ബന്ധവുമില്ലെന്ന്‌ റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top