24 April Wednesday
പൊതുവിതരണത്തിന്‌ തടസ്സം

എഫ്‌സിഐ കൊല്ലം മെയിൻ ഡിപ്പോയിലെ 
12 തൊഴിലാളികൾക്ക്‌ പിരിച്ചുവിടൽ നോട്ടീസ്

സ്വന്തം ലേഖകൻUpdated: Wednesday Jan 26, 2022
കൊല്ലം
അട്ടിമറിക്കൂലി ആവശ്യപ്പെട്ട്‌ ഭക്ഷ്യധാന്യങ്ങൾ ലോറിയിൽ കയറ്റുന്നത്‌ തുടർച്ചയായി തടസ്സപ്പെടുത്തുന്നതിന്‌ കൊല്ലം മെയിൻ ഡിപ്പോയിലെ 12 തൊഴിലാളികളെ പിരിച്ചുവിടാൻ എഫ്സിഐ അധികൃതർ നോട്ടീസ് നൽകി. തുടർച്ചയായി ജോലിക്കെത്തിയില്ലെന്നും പൊതുവിതരണം തടസ്സപ്പെടുത്തിയെന്നും കാണിച്ചാണ്‌ പിരിച്ചുവിടുന്നതിനുള്ള നോട്ടീസ് നൽകിയിട്ടുള്ളത്‌. 
തൊഴിലാളികളുടെ വീട്ടിലേക്ക് നോട്ടീസ്‌ എഫ്‌സിഐ തപാലിൽ അയക്കുകയായിരുന്നു. ഇക്കാര്യം ട്രേഡ് യൂണിയൻ ഭാരവാഹികളും സ്ഥിരീകരിച്ചിട്ടുണ്ട്‌. കൂലിയുമായി ബന്ധപ്പെട്ട് എഫ്സിഐ ഗോഡൗണിൽ തൊഴിലാളികൾ സമരത്തിലായിരുന്നു. ഇതേ തുടർന്ന് സസ്പെൻഷനിലായിരുന്ന ആറ് സൂപ്പർവൈസർമാരോട്‌ കഴിഞ്ഞ ദിവസം ജോലിക്ക് കയറാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, സൂപ്പർവൈസർമാർ മറ്റ് തൊഴിലാളികൾ ജോലിക്കെത്തിയപ്പോൾ ഹാജർ രജിസ്റ്റർ എടുത്തുമാറ്റുകയാണ്‌ ചെയ്തത്‌. തുടർന്നാണ് കർശന നടപടിയുമായി എഫ്‌സിഐ മുന്നോട്ടുപോയത്‌. വാതിൽപ്പടി റേഷൻ വിതരണത്തെ തടസ്സപ്പെടുത്തുംവിധമാണ്‌ കൊല്ലം എഫ്‌സിഐ ഗോഡൗണിൽ തൊഴിലാളി സമരം. 
ഇവിടെ റേഷൻ കയറ്റിവിടുന്നത്‌ പൂർണമായി നിലച്ചിട്ട്‌ ചൊവ്വാഴ്‌ച എട്ട്‌ ദിവസമായി. അട്ടിമറിക്കൂലി നിയമവിരുദ്ധമാണെന്ന്‌ ഹൈക്കോടതി വിധിയുണ്ട്‌. എഫ്‌സിഐ ശമ്പളം പറ്റുന്ന കയറ്റിറക്ക്‌ തൊഴിലാളികൾക്ക്‌ മറ്റൊരു കൂലി നൽകാനാകില്ലെന്ന്‌ സംസ്ഥാന സർക്കാരും കർശന നിലപാട്‌ സ്വീകരിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിലും സമരം തുടരുകയാണ്‌. എഫ്‌സിഐ ഉദ്യോഗസ്ഥരും അട്ടിമറിക്കൂലിക്ക്‌ എതിരായ നിലപാടിലാണ്‌. പൊതുവിതരണം തടസ്സപ്പെടുത്തി തെറ്റായ കാര്യത്തിൽ സമരം തുടർന്നാൽ കടുത്ത നടപടിയുണ്ടാകുമെന്ന്‌ കഴിഞ്ഞദിവസം എഫ്‌സിഐ അധികൃതർ സൂചിപ്പിച്ചിരുന്നു. കൊല്ലത്ത്‌ 63 കയറ്റിറക്ക്‌ തൊഴിലാളികളും 18 അനുബന്ധതൊഴിലാളികളുമുണ്ട്‌. ഇവർ എഫ്‌സിഐയിൽനിന്ന് ശമ്പളം വാങ്ങുന്ന ഔദ്യോഗിക തൊഴിലാളികളാണ്‌. 
എഫ്‌സിഐ കയറ്റിറക്ക്‌ തൊഴിലാളികൾ പുറത്തുനിന്ന് അനധികൃതമായി പണം വാങ്ങരുതെന്നാണ്‌ എഫ്‌സിഐ നിലപാട്‌. എന്നാൽ, എഫ്സിഐയിൽ കരാർവൽക്കരണത്തിനുള്ള സാഹചര്യം ബോധപൂർവം സൃഷ്ടിക്കുകയാണെന്ന്‌ ട്രേഡ് യൂണിയൻ നേതാക്കൾ പറയുന്നു. കരാറെടുത്ത ആലപ്പുഴ കേന്ദ്രീകരിച്ചുള്ള മൂവർസംഘമാണ് നീക്കത്തിനു പിന്നിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top