18 April Thursday

കൊല്ലം തീരത്ത്‌ ഇന്ധന 
പര്യവേക്ഷണത്തിന്‌ ഒരുക്കം

സ്വന്തം ലേഖികUpdated: Sunday Sep 25, 2022
കൊല്ലം 
കൊല്ലം തീരത്തിനു സമീപം അറബിക്കടലിൽ വീണ്ടും ഇന്ധന പര്യവേക്ഷണത്തിന്‌ ഒരുക്കം തുടങ്ങി. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് കൊല്ലത്തിനും ആലപ്പുഴക്കുമിടെ കടലിൽ 20 കിലോമീറ്റർ അകലെ പര്യവേക്ഷണത്തിനു സാധ്യത തെളിയുന്നത്‌. ഇതിന്‌ കരാർ എടുത്ത ഓയിൽ ഇന്ത്യ ലിമിറ്റഡ്‌ കമ്പനി പ്രതിനിധികൾ കഴിഞ്ഞ ദിവസം കൊല്ലത്തെത്തി സൗകര്യങ്ങൾ വിലയിരുത്തി. കേരളതീരത്ത്‌ കൊല്ലത്തിനു പുറമെ ബേപ്പൂരും അഴീക്കലും പര്യവേക്ഷണത്തിനുള്ള സാധ്യതയും പരിശോധിക്കുന്നു. 
ഭീമൻ കപ്പലുകളും ടഗ്ഗുകളും ഉപയോഗിച്ചു രണ്ടു മാസത്തിലേറെ നീളുന്ന പര്യവേക്ഷണത്തിനാണ് ഒരുക്കങ്ങൾ തുടങ്ങിയത്. ഓപ്പൺ ആക്കറേജ്‌ ലൈസൻസിങ്‌ പോളിസി (ഒഎഎൽപി)അനുസരിച്ച്‌ അടുത്തിടെ നടന്ന ലേലത്തിൽ രാജ്യത്തെ 25 ബ്ലോക്കുകളിൽ പര്യവേക്ഷണം നടത്താനുള്ള കരാറാണ്‌ ഓയിൽ ഇന്ത്യ നേടിയത്‌. ലേലത്തിൽ ഉൾപ്പെട്ട കേരള –-കൊങ്കൺ തീരത്തെ ഒരു ബ്ലോക്കിലാണ്‌ കൊല്ലവും ഉൾപ്പെട്ടത്‌. ഇതിനുപുറമെ അസം, അരുണാചൽപ്രദേശ്‌, ത്രിപുര, ആൻഡമാൻ, ആന്ധ്രാപ്രദേശ്‌, രാജസ്ഥാൻ, ഒഡിഷ എന്നിവിടങ്ങളിലും പര്യവേക്ഷണത്തിന്‌ കമ്പനിക്ക്‌ അനുമതിയുണ്ട്‌. 
പര്യവേക്ഷണക്കപ്പൽ, ടഗ്ഗുകൾ എന്നിവയ്‌ക്ക്‌ അടുക്കുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനുമുള്ള സൗകര്യമാണ് കൊല്ലം പോർട്ടില്‍ ഉൾപ്പെടെ കഴിഞ്ഞ ദിവസം എത്തിയ കമ്പനി അധികൃതർ പരിശോധിച്ചത്. കൊല്ലം മുതൽ ആലപ്പുഴവരെ കടലിൽ രണ്ടുവർഷം മുമ്പ് പര്യവേക്ഷണം നടത്തിയിരുന്നു. 20വർഷം മുമ്പ് ഒഎൻജിസി നീണ്ടകരയ്‌ക്ക്‌ സമീപം നടത്തിയ പര്യവേക്ഷണത്തിൽ ഇന്ധനസാന്നിധ്യം കണ്ടെത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top