25 April Thursday
ആദ്യം പഴയകെട്ടിടം പൊളിക്കും

കൊല്ലം റെയിൽവേ സ്റ്റേഷൻ 
നവീകരണത്തിന്‌ തുടക്കം

സ്വന്തം ലേഖകൻUpdated: Sunday Sep 25, 2022

റെയിൽവേയുടെ ചിന്നക്കടയിലെ സ്ഥലം ജെസിബി ഉപയോഗിച്ച്‌ നിരപ്പാക്കുന്നു

 

കൊല്ലം
കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ 385.4 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. ഇതിന്റെ ആദ്യപടിയായി ചിന്നക്കടയിലെ ഒഴിഞ്ഞുകിടക്കുന്ന റെയിൽവേ ഭൂമിയിൽ കെട്ടിടം നിർമിക്കും. കൊല്ലം – -ചെങ്കോട്ട പാത തുടങ്ങിയ കാലത്ത്‌ നിർമിച്ച സ്‌റ്റേഷനിലെ പഴയകെട്ടിടങ്ങൾ പൊളിക്കുമ്പോൾ ഇവിടെയുള്ള ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നതിനാണ്‌ കെട്ടിടം നിർമിക്കുന്നത്‌. ഇതിനായി ജെസിബി ഉപയോഗിച്ച്‌ സ്ഥലം ഒരുക്കുന്ന നിർമാണ ജോലികൾ ശനിയാഴ്‌ച തുടങ്ങി. 
കുന്നുകൂടിയ മാലിന്യങ്ങൾ മണ്ണിട്ട്‌ മൂടുകയും കുറ്റിക്കാടും പാഴ്‌വൃക്ഷങ്ങളും നീക്കംചെയ്യുന്ന ജോലികളാണ്‌ കരാർക്കമ്പനി ആരംഭിച്ചത്‌. റെയിൽവേയുടെ നിർമാണക്കമ്പനിയായ റൈറ്റ്‌സാണ്‌ നവീകരണത്തിന്റെ ഭാഗമായ കെട്ടിട സമുച്ചയങ്ങളുടെ കരാർ ഏറ്റെടുത്തിട്ടുള്ളത്‌. അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ കൊല്ലം സ്‌റ്റേഷനെ മാറ്റുമെന്നാണ്‌ റെയിൽവേയുടെ പ്രഖ്യാപനം. ഇതിനായി റെയിൽവേ ഫണ്ട്‌ ഉപയോഗിച്ച്‌ 30,000 ചതുരശ്രയടിയിലാണ്‌ കെട്ടിട സമുച്ചയങ്ങൾ നിർമിക്കുന്നത്‌. 
കെട്ടിട സമുച്ചയങ്ങളിൽ ഏറെയും വ്യാപാര ആവശ്യങ്ങൾക്കായി തുറന്നുകൊടുക്കാനാണ്‌ തീരുമാനം. ഇതിന്റെ പിന്നിൽ സ്വകാര്യവൽക്കരണ അജൻഡയാണുള്ളത്‌. ഫലത്തിൽ റെയിൽവേയുടെ വരുമാനം വർധിപ്പിക്കാൻ കെട്ടിടങ്ങളുടെ നടത്തിപ്പ്‌ സ്വകാര്യ കമ്പനികൾക്ക്‌ കൈമാറും. കെട്ടിടസമുച്ചയങ്ങൾ നിർമിച്ചാണ്‌ തെക്കുവശത്തും വടക്കുവശത്തും ടെർമിനൽ സ്ഥാപിക്കുന്നത്‌. ഇതിൽ 110 മീറ്റർ നീളത്തിലും 36 മീറ്റർ വീതിയിലുമായി ശീതീകരിച്ച റൂഫ്‌ പ്ലാസ ഒരുക്കും. ഇതിനായി കോടികൾ ചെലവഴിച്ച്‌ നിർമിച്ച രണ്ടാം ടെർമിനൽ പൊളിക്കും. സ്റ്റേഷനിലേക്ക്‌ പ്രവേശിക്കുന്നതും പുറത്തേക്ക്‌ ഇറങ്ങുന്നതും പ്രത്യേകം കവാടത്തിലൂടെയാകും. 
പ്ലാറ്റ്‌ഫോമുകൾക്ക്‌ അത്യാധുനിക മേൽക്കൂര, റിസർവേഷൻ, ഭരണനിർവഹണം എന്നിവയ്‌ക്ക്‌ പ്രത്യേക കെട്ടിടം, ചരക്കുനീക്കത്തിന്‌ പ്രത്യേകമായി ട്രോളിയും എസ്‌കലേറ്ററും, മൾട്ടിലെവൽ പാർക്കിങ്‌ സൗകര്യം, ആധുനിക സുരക്ഷാസംവിധാനം, സിസിടിവി, അഗ്നിരക്ഷാ സാങ്കേതിക സംവിധാനം, ലൈറ്റിങ്‌ ആൻഡ്‌ വെന്റിലേഷൻ സൗകര്യം, ഇരിപ്പിടം എന്നിവയും ഒരുക്കും. എന്നാൽ, പുതിയ പാതയും പ്ലാറ്റ്‌ഫോമും നിലവിലെ പ്ലാറ്റ്‌ഫോമുകളുടെ നീളംകൂട്ടലും പദ്ധതിയിലില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top