26 April Friday

ബസിലെ മാലാഖ കൈപിടിച്ചു, 
മണി ജീവിതത്തിലേക്ക് മടങ്ങി

സ്വന്തം ലേഖകൻUpdated: Saturday Jun 25, 2022

അശ്വതി

കൊല്ലം> യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ ഹൃ​ദയാഘാതമുണ്ടായ ആളെ പ്രാഥമിക ശുശ്രൂഷ നൽകി ജീവിതത്തിലേക്ക് തിരിച്ചുനടത്തി ആരോ​ഗ്യപ്രവർത്തക. കൊല്ലം ജില്ലാ ആശുപത്രിയിലെ നഴ്സിങ് ഓഫീസറായ എസ് അശ്വതിയാണ് തമിഴ്നാട് സ്വദേശി മണി(40)യെ രക്ഷപ്പെടുത്തിയത്. ഡ്യൂട്ടി കഴിഞ്ഞ് മുളവനയിലെ വീട്ടിലേക്കു പോകാനായി വ്യാഴം രാത്രി 7.45ന് കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നാണ് അശ്വതി തെങ്കാശി ബസിൽ കയറിയത്. 
 
‘‘ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ബസ് വിട്ട് കുറച്ചുകഴിഞ്ഞപ്പോഴാണ് നഴ്സുമാർ ആരേലും ഉണ്ടോന്ന് കണ്ടക്ടർ ചോദിച്ചത്. രാത്രിയല്ലേ, എന്താന്ന് നോക്കാമെന്നു കരുതി. ഏറ്റവും പിറകിലെ സീറ്റിനു താഴെ കിടക്കുകയായിരുന്നു അദ്ദേഹം. മൊബൈൽ വെളിച്ചത്തിൽ നോക്കിയപ്പോൾ ദേഹത്ത് ചെറുതായി ചോര കാണുന്നുണ്ടായിരുന്നു. വിളിച്ചിട്ടും കേൾക്കുന്നില്ല. പൾസ് നോക്കിയപ്പോൾ കിട്ടിയില്ല. ഉടൻ സിപിആർ നൽകി. വേ​ഗം ആശുപത്രിയിലെത്തിക്കണമെന്ന് കണ്ടക്ടറോട് പറഞ്ഞു. എവിടെയും നിർത്താതെ ബസ് വേ​ഗത്തിൽ പോയി. മുക്കടയിൽ എത്താറായപ്പോഴേക്കും ആൾക്ക് ബോധംവന്നു. പേര് മണിയെന്നു മാത്രം പറഞ്ഞു. മുക്കട എൽഎംഎസ് ആശുപത്രിയിലേക്കു മാറ്റി. സംഭവം അറിയിച്ചതിനാൽ ഭർത്താവ് ശരത് ബാബു വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തി എൽഎംഎസിലേക്ക് വിളിച്ചു.

കുഴപ്പമില്ല, ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നു പറഞ്ഞു. വെള്ളി രാവിലെയായിരുന്നു ഡ്യൂട്ടി. തിരക്കുകഴിഞ്ഞ്‌ മണിയെ പിന്നെ പോയി കാണാമെന്നു കരുതി. സമയം കിട്ടിയപ്പോൾ അന്വേഷിച്ച് ചെന്നെങ്കിലും അദ്ദേഹം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. കണ്ടക്ടറും ഡ്രൈവറും സമയോചിതമായി ഇടപെട്ടു’’ –- അശ്വതി പറഞ്ഞു. അഞ്ചുമാസം ​ഗർഭിണിയാണ് അശ്വതി. എൻജിഒ യൂണിയൻ അം​ഗമാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരും അശ്വതിയെ അഭിനന്ദിച്ചു. സ്വന്തം ബുദ്ധിമുട്ടുകളെ മറന്ന്‌ അടിയന്തര ശുശ്രൂഷ നൽകി ഒരാളെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ അശ്വതിയെ യൂണിയൻ ആശുപത്രി യൂണിറ്റും അഭിനന്ദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top