27 April Saturday

താക്കീത്, സന്ദേശം

അനിൽ വി ആനന്ദ്Updated: Wednesday May 25, 2022

കിരൺ കുമാറിന്റെ ശിക്ഷാ വിധി അറിഞ്ഞതിനു ശേഷം കോടതിക്ക് പുറത്തിറങ്ങിയ വിസ്‌മയയുടെ അച്ഛൻ ത്രിവിക്രമൻനായർ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ജി മോഹൻരാജിനെ ഹസ്‌തദാനം ചെയ്യുന്നു. അന്വേഷണോദ്യോഗസ്ഥൻ പി രാജ്‌കുമാർ സമീപം

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തല്ല

കൊല്ലം

ഭർത്താവിന്റെ സ്വകാര്യസ്വത്തല്ല ഭാര്യയെന്നും അവർക്കും അവരുടേതായ അന്തസ്സും വ്യക്തിത്വവും ഉണ്ടെന്നും വിസ്മയ കേസ്‌ വിധിയിൽ കോടതി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് കിരൺകുമാർ കാട്ടിയ അങ്ങേയറ്റത്തെ ക്രൂരതയാണ് വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിധിന്യായത്തിൽ കൊല്ലം ഒന്നാംക്ലാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്‌ പറഞ്ഞു. 

വിസ്മയക്കും സ്വപ്നങ്ങളുണ്ടായിരുന്നു. നല്ല പ്രതീക്ഷയോടെയും പ്രത്യാശയോടെയുമായിരിക്കും കുടുംബജീവിതത്തിലേക്കു കടന്നത്. എന്നാൽ,  സ്ത്രീധനമെന്ന വിപത്ത് അവളുടെ എല്ലാ അഭിലാഷങ്ങളെയും തകർത്തു. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും അമൂല്യ സു​ഗന്ധമാണ് അവരുടെ സൽപ്പേര്. ആത്മാഭിമാനം നഷ്ടമായാൽ ജീവശ്വാസം തന്നെയാണ് ഇല്ലാതാകുന്നത്. അത്രയും വിലയില്ലാത്തവളാണോയെന്ന് വിസ്മയ ചോദിച്ചത് കോടതി ചൂണ്ടിക്കാട്ടി. എത്രമാത്രം ദുരിതമാണ് വിസ്മയ അനുഭവിച്ചതെന്ന് ആ വാക്കുകളിലുണ്ട്‌. 

ഇനി നല്ലൊരു ഭാവിയില്ലെന്ന തോന്നൽ ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതമാക്കുകയായിരുന്നു. ഭാര്യയെ സംരക്ഷിക്കാൻ  ബാധ്യതപ്പെട്ടയാളാണ് കിരൺകുമാർ. അതിനുള്ള ശേഷിയുമുണ്ടായിരുന്നു. എന്നിട്ടും  ഭാര്യയെ ദ്രോഹിക്കാനാണ് തീരുമാനിച്ചത്. സർക്കാർ ഉദ്യോ​ഗസ്ഥനെന്ന നിലയിൽ വിവാഹ മാർക്കറ്റിൽ വലിയ വില കിട്ടുന്നയാളാണെന്ന് സ്വയം കരുതി. ഇത് ​ഗൗരവകരമായ കാര്യമാണ്. 

മികച്ച വിഭ്യാഭ്യാസം നേടി ചെറു പ്രായത്തിൽ തന്നെ സർക്കാർ സർവീസിൽ പ്രവേശിച്ചയാളാണ് കിരൺ. വയോധികരായ അച്ഛനമ്മമാരുടെ ആശ്രയവുമാണ്.തെറ്റ് മനസ്സിലാക്കാനും മാനസാന്തരത്തിനുമുള്ള സാധ്യതയുമുണ്ട്. എന്നാൽ ഇര അനുഭവിക്കാൻ നിർബന്ധിതമായ ദുരിത പർവത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമായ തെളിവുകൾ കാണിച്ചുതരുന്നുണ്ട്. അതിനാൽ  ഇരയുടെ അവകാശവും പരി​ഗണിക്കേണ്ടതുണ്ട്.  കുറ്റകൃത്യത്തിന്റെ ​ഗൗരവം പരി​ഗണിച്ച് ശിക്ഷയിൽ ദാക്ഷിണ്യത്തിന് പ്രതി അർഹനല്ലെന്നും 541 പേജുള്ള വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു. 

 

സർക്കാരിന്‌ മറ്റൊരു പൊൻതൂവൽ

കൊല്ലം
വിസ്‌മയ കേസിൽ അന്വേഷണം ഒരു വർഷത്തിനകം പൂർത്തീകരിച്ച്‌ കുറ്റപത്രം നൽകാനായതും വിചാരണയും വാദവും പൂർത്തീകരിച്ച്‌ പ്രതിക്ക്‌ ശിക്ഷ ഉറപ്പാക്കിയതും സർക്കാരിന്‌ മറ്റൊരു പൊൻതൂവലായി. വിസ്‌മയയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിന്റെ അടുത്ത ദിവസം തന്നെ അച്ഛൻ ത്രിവിക്രമൻനായർ അന്വേഷണം ആവശ്യപ്പെട്ടു. ഉടൻ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ത്വരിതഗതിയിൽ നടപടി സ്വീകരിക്കുകയായിരുന്നു. അന്വേഷണത്തിന്‌ ശാസ്‌താംകോട്ട ഡിവൈഎസ്‌പി പി രാജ്‌കുമാറിന്റെ നേതൃത്വത്തിൽ ടീമിനെ നിയോഗിക്കുകയും ഐജി ഹർഷിദ അട്ടല്ലൂരിക്ക്‌ മേൽനോട്ടച്ചുമതല നൽകുകയുംചെയ്‌തു. 
ശൂരനാട്‌ പൊലീസ്‌ കസ്റ്റഡിയിൽ എടുത്ത കിരണിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിതിനെ തുടർന്ന്‌ മോട്ടോർവാഹന വകുപ്പ് ജോലിയിൽനിന്ന് സസ്പെൻഡ്‌ചെയ്തു.വകുപ്പുതല അന്വേഷണത്തെ തുടർന്ന്‌ 2021 ആഗസ്ത് ആറിന്‌ കിരണിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. 
സംഭവം നടന്ന്‌ 80 ദിവസത്തിനകം ശാസ്‌താംകോട്ട ഡിവൈഎസ്‌പി പി രാജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. 2022 ജനുവരി 10ന്‌ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ്‌ കോടതിയിൽ വിചാരണ തുടങ്ങി. ഇടവേളയില്ലാതെ മെയ്‌ 17ന്‌ കേസിന്റെ വിചാരണ പൂർത്തിയാക്കി. കിരണിൽനിന്ന്‌ വിസ്‌മയക്കുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക്‌ ശാസ്‌ത്രീയമായ തെളിവുകൾ ഹാജരാക്കാനും അവ വിചാരണക്കോടതിയെ ബോധ്യപ്പെടുത്താനും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജി മോഹൻരാജിന്‌ കഴിഞ്ഞു.  സാക്ഷികളില്ലാത്ത കേസിൽ ശാസ്‌ത്രീയ തെളിവുകളായിരുന്നു ആശ്രയം. കിടപ്പുമുറിയിലുണ്ടായിരുന്ന വസ്‌തുക്കൾ, അടയാളങ്ങൾ, ഫോൺ സംഭാഷണങ്ങൾ, വാട്‌സാപ് സന്ദേശങ്ങൾ, ജൂൺ 21നു പുലർച്ചെ വിസ്‌മയയെ എത്തിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.  120 രേഖയും 12 തൊണ്ടിമുതലും ഹാജരാക്കിയ പ്രോസിക്യൂഷൻ 42 സാക്ഷികളെ വിസ്തരിച്ചു.
എസ്‌ഐമാരായ മഞ്ജു വി നായർ, ചന്ദ്രമോൻ, ശരത്‌ചന്ദ്രൻ ഉണ്ണിത്താൻ, ഹാരിസ്‌, എഎസ്‌ഐമാരായ സുരേഷ്‌ബാബു, സുൾഫി, അനിൽ, ആഭ, സുനിത, മുഹമ്മദ്‌ ഷാഫി, മഹേഷ്‌ മോഹൻ, അരുൺ, അജിത്‌ എന്നിവരായിരുന്നു അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നത്‌.
 
ചൂടേറിയ വാദപ്രതിവാദം
സ്വന്തം ലേഖകൻ
കൊല്ലം
വിസ്‌മയ കേസിൽ വിധിപറഞ്ഞ കൊല്ലം അഡീഷണൽ സെഷൻസ്‌ കോടതിയിൽ പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും തമ്മിൽ നടന്നത്‌ ചൂടേറിയ വാദപ്രതിവാദം. പ്രതി കിരൺകുമാറിന്‌ ചെറിയ ശിക്ഷ നൽകിയാൽ സമൂഹത്തിനു തെറ്റായ സന്ദേശമാകുമെന്നും കോടതി ഇക്കാര്യംകൂടി പരിഗണിക്കണമെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജി മോഹൻരാജ്‌ വാദിച്ചു. സർക്കാർ ഉദ്യോഗസ്ഥനും വിദ്യാസമ്പന്നനും ആണെന്നതും പ്രതിയുടെ കുറ്റത്തിന്റെ ഗൗരവം കൂട്ടുന്നു. പ്രതി ശാരീരികമായി ഉപദ്രവിച്ചു എന്നതിലുപരി വിസ്‌മയയുടെ മനസ്സിനെയാണ്‌ കൊലപ്പെടുത്തിയത്‌. പ്രതിക്ക്‌ അനുകൂലവും പ്രതികൂലവുമായ എല്ലാ സാഹചര്യങ്ങളും കോടതിയുടെ മുന്നിൽ ഉള്ളതിനാൽ സമൂഹത്തിനു മാതൃകയാകുന്ന ഏത് വിധിയും സ്വീകരിക്കുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. 
ഒരു പൊലീസ്‌ ഉദ്യോഗസ്ഥൻ സ്ത്രീധനത്തിനുവേണ്ടി ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി 10 വർഷം തടവാക്കിയ വിധി ഉദ്ധരിച്ചുകൊണ്ട്‌ പ്രതിക്ക്‌ കുറഞ്ഞ ശിക്ഷ നൽകണമെന്ന്‌ കിരണിന്റെ അഭിഭാഷകൻ പ്രതാപചന്ദ്രൻപിള്ള വാദിച്ചു. എന്നാൽ, ആ കേസിൽ ഐപിസി 302 ഉണ്ടായിരുന്നെന്ന്‌ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതിനിടെ പലതവണ പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും തമ്മിൽ നിയമപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഏറ്റുമുട്ടി. ഇത്‌ വിധി പറയുന്നത്‌ നീളുന്നതിനു കാരണമായി.
 
വിസ്‌മയയ്‌ക്കു ശേഷം 
ജില്ലയിൽ 17 സ്ത്രീധന പരാതി
സ്വന്തം ലേഖകൻ
കൊല്ലം
സ്ത്രീധനം ശാപമായുണ്ടെന്ന്‌ ഓർമിപ്പിച്ച്‌ സ്ത്രീധന പീഡനപരാതികൾ. ജില്ലാ സ്ത്രീധനനിരോധന ഓഫീസർ ചുമതല എറ്റശേഷം 10 മാസത്തിനിടെ കൊല്ലത്ത്‌ ലഭിച്ചത്‌ 17 പരാതി. വിസ്‌മയയുടെ മരണശേഷം 2021 ജുലൈ 13നാണ്‌ ജില്ലകളിൽ സ്ത്രീധനനിരോധന ഓഫീസർമാരെ നിയമിച്ച്‌ സംസ്ഥാന സർക്കാർ ഉത്തരവിറങ്ങുന്നത്‌. ജില്ലാ വനിതാ ശിശുവികസന ഓഫീസർമാർക്കുതന്നെ പ്രത്യേക അധികാരത്തോടെ ചുമതല നൽകുകയായിരുന്നു. 1961ൽ പ്രാബല്യത്തിൽ വന്ന സ്ത്രീധനനിരോധന നിയമം ഇതിനായി ഭേദഗതി ചെയ്‌തു. 14 ജില്ലയിലും നിലവിൽ സ്ത്രീധനനിരോധന ഓഫീസർമാരുണ്ട്‌.
പരാതി നൽകാൻ സന്നദ്ധരായി മുന്നോട്ടുവരുന്നത്‌ പ്രതീക്ഷ നൽകുന്നതാണെന്ന്‌ ജില്ലാ സ്ത്രീധനനിരോധന ഓഫീസർ വിജി പറഞ്ഞു. എന്നാൽ, തെളിവുകളുടെ അഭാവം നടപടിക്രമങ്ങളെ ബാധിക്കുന്നു. പണം നൽകിയതിന്റെ  രേഖകൾ ഹാജരാക്കാൻ പോലും പലർക്കും കഴിയുന്നില്ല. പരാതികളിൽ ഏറെയും കോടതിയുടെ പരിഗണനയിലാണ്‌.
സ്ത്രീധനപീഡന പരാതികൾ ഇപ്പോൾ പോർട്ടൽ മുഖേന സമർപ്പിക്കാനുള്ള സൗകര്യമുണ്ട്‌. 2022 മാർച്ചിലാണ്‌ പോർട്ടൽ നിലവിൽ വന്നത്‌. പരാതിക്കൊപ്പം  രേഖകൾ സമർപ്പിക്കുന്നതിനും ഇതിലൂടെ കഴിയും. പോർട്ടൽ വഴി രണ്ട്‌ പരാതികൾ ഇതിനകം ജില്ലയിൽ ലഭിച്ചു.
 
 
‘എന്റെ സർക്കാർ ഒപ്പം നിന്നു'
കൊല്ലം
വിസ്മയ കേസിൽ നീതി പുലരാൻ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകൾക്ക് നന്ദിയറിയിച്ച് അച്ഛൻ ത്രിവിക്രമൻനായർ. ‘എനിക്കും കുടുംബത്തിനുമൊപ്പം നിലകൊണ്ട എന്റെ സർക്കാരിന് നന്ദിയുണ്ട്. ഇന്നലെ രാത്രിയും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഫോണിൽ വിളിച്ചു. എല്ലാ പിന്തുണയും വീണ്ടും വാ​ഗ്ദാനംചെയ്തു’–- അദ്ദേഹം പറഞ്ഞു.‘എന്റെ സർക്കാരിനെ ഒരിക്കലും മറക്കാൻ കഴിയില്ല. മുഖ്യമന്ത്രി എന്തുസഹായവും വാ​ഗ്ദാനം ചെയ്തിരുന്നു. ഗതാ​വകുപ്പ്‌ അന്വേഷണം നടത്തി 42 ദിവസത്തിനുള്ളിൽ കിരണിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. 
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയതായിരുന്നു അന്വേഷണ ഉദ്യോ​ഗസ്ഥനായ ഡിവൈഎസ്‍പി രാജ്കുമാർ. തുടക്കം മുതൽ കേസ് കൈകാര്യംചെയ്തത് അദ്ദേഹമാണ്. ഡ്യൂട്ടി കഴിഞ്ഞെങ്കിലും അദ്ദേഹത്തെ നിലനിര്‍ത്തണമെന്നും മാറ്റിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. അത് സർക്കാർ അം​ഗീകരിച്ചു. എന്റെ സർക്കാരിനും  പ്രോസിക്യൂട്ടർക്കും അന്വേഷകസംഘത്തിനും മാധ്യമങ്ങൾക്കും നന്ദി’–- ത്രിവിക്രമൻനായർ പറഞ്ഞു.
 
 
വിസ്‌മയയ്‌ക്കു ശേഷം 
ജില്ലയിൽ 17 സ്ത്രീധന പരാതി
സ്വന്തം ലേഖകൻ
കൊല്ലം
സ്ത്രീധനം ശാപമായുണ്ടെന്ന്‌ ഓർമിപ്പിച്ച്‌ സ്ത്രീധന പീഡനപരാതികൾ. ജില്ലാ സ്ത്രീധനനിരോധന ഓഫീസർ ചുമതല എറ്റശേഷം 10 മാസത്തിനിടെ കൊല്ലത്ത്‌ ലഭിച്ചത്‌ 17 പരാതി. വിസ്‌മയയുടെ മരണശേഷം 2021 ജുലൈ 13നാണ്‌ ജില്ലകളിൽ സ്ത്രീധനനിരോധന ഓഫീസർമാരെ നിയമിച്ച്‌ സംസ്ഥാന സർക്കാർ ഉത്തരവിറങ്ങുന്നത്‌. ജില്ലാ വനിതാ ശിശുവികസന ഓഫീസർമാർക്കുതന്നെ പ്രത്യേക അധികാരത്തോടെ ചുമതല നൽകുകയായിരുന്നു. 1961ൽ പ്രാബല്യത്തിൽ വന്ന സ്ത്രീധനനിരോധന നിയമം ഇതിനായി ഭേദഗതി ചെയ്‌തു. 14 ജില്ലയിലും നിലവിൽ സ്ത്രീധനനിരോധന ഓഫീസർമാരുണ്ട്‌.
പരാതി നൽകാൻ സന്നദ്ധരായി മുന്നോട്ടുവരുന്നത്‌ പ്രതീക്ഷ നൽകുന്നതാണെന്ന്‌ ജില്ലാ സ്ത്രീധനനിരോധന ഓഫീസർ വിജി പറഞ്ഞു. എന്നാൽ, തെളിവുകളുടെ അഭാവം നടപടിക്രമങ്ങളെ ബാധിക്കുന്നു. പണം നൽകിയതിന്റെ  രേഖകൾ ഹാജരാക്കാൻ പോലും പലർക്കും കഴിയുന്നില്ല. പരാതികളിൽ ഏറെയും കോടതിയുടെ പരിഗണനയിലാണ്‌.
സ്ത്രീധനപീഡന പരാതികൾ ഇപ്പോൾ പോർട്ടൽ മുഖേന സമർപ്പിക്കാനുള്ള സൗകര്യമുണ്ട്‌. 2022 മാർച്ചിലാണ്‌ പോർട്ടൽ നിലവിൽ വന്നത്‌. പരാതിക്കൊപ്പം  രേഖകൾ സമർപ്പിക്കുന്നതിനും ഇതിലൂടെ കഴിയും. പോർട്ടൽ വഴി രണ്ട്‌ പരാതികൾ ഇതിനകം ജില്ലയിൽ ലഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top